അന്തരിച്ച പ്രശസ്ത ചലച്ചിത്ര താരം ശ്രീദേവിയ്ക്ക് മൂത്ത മകള്‍ ജാന്‍വിയുടെ സ്നേഹാര്‍ദ്രമായ കുറിപ്പ്. ഇന്ന് രാമേശ്വരത്ത് ശ്രീദേവിയുടെ ചിതാഭസ്മ നിമഞ്ജനത്തിന് ശേഷം ജാന്‍വി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത ചെയ്ത വരികള്‍ ഇങ്ങനെയാണ്.

“എന്‍റെ ഉള്ളില്‍ എന്നെ കാര്‍ന്നു തിന്നുന്ന ഒരു ശൂന്യതയുണ്ട്, ഇനിയുള്ള കാലം ഞാന്‍ പൊരുത്തപ്പെട്ടു ജീവിക്കേണ്ട ഒന്ന്. എന്നാല്‍ ആ ശൂന്യതയിലും ഇപ്പോഴും എനിക്ക് കാണാം, അമ്മയുടെ സ്നേഹം. വേദനയില്‍ നിന്നും സങ്കടത്തില്‍ നിന്നും എന്നെ സംരക്ഷിക്കുന്ന എന്‍റെ അമ്മയെ. ഓരോ തവണ കണ്ണുകള്‍ പൂട്ടുമ്പോഴും എനിക്ക് കാണാം, നമ്മള്‍ കടന്നു പോയ നല്ല നിമിഷങ്ങള്‍ എല്ലാം തന്നെ. അത് കാണിച്ചു തരുന്നതും അമ്മ തന്നെയാണ് എന്നും എനിക്കറിയാം. ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമായിരുന്നു അമ്മ. ജീവിച്ചിരുന്ന കാലമത്രയും നീണ്ട ഒരു അനുഗ്രഹം.

പരിശുദ്ധയും സ്നേഹമയിയും നല്ലവളുമായിരുന്ന അമ്മ, ലോകത്ത് ഇനി നില്‍ക്കേണ്ടതില്ലായിരുന്നിരിക്കാം. അതുകൊണ്ടാണ് അമ്മയെ തിരിച്ചു വിളിച്ചത്. പക്ഷെ കുറച്ചു കാലമെങ്കിലും അമ്മ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നല്ലോ.

 

എന്‍റെ കൂട്ടുകാര്‍ ഇപ്പോഴും പറയാറുണ്ട്‌, എന്നും സന്തോഷവതിയാണല്ലോ ഞാന്‍ എന്ന്. അതിനു കാരണം ഇപ്പോള്‍ എനിക്കറിയാം. എന്‍റെ അമ്മയായിരുന്നു അത്. ആരെന്തു പറഞ്ഞാലും കാര്യമല്ലായിരുന്നു, ഒരു പ്രശ്നവും വലുതല്ലായിരുന്നു, ഒരു ദിവസം സന്തോഷമില്ലാത്തതല്ലായിരുന്നു, അമ്മയുള്ളപ്പോള്‍. അമ്മ എന്നെ സ്നേഹിച്ചിരുന്നു. ഒന്നിന് വേണ്ടിയും ആരെയും ആശ്രയിക്കേണ്ടി വന്നിട്ടില്ല എനിക്ക്, അമ്മയുണ്ടായിരുന്നല്ലോ എന്തിനും. അമ്മ മതിയായിരുന്നു എനിക്ക്, എന്തിനും. എന്‍റെ ആത്മാവിന്‍റെ ഭാഗമാണ് അമ്മ. എന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരി. ഞാന്‍ ഇന്നുള്ളതിന്‍റെ തന്‍റെ കാരണം.

വായിക്കാം: ശ്രീദേവി എന്ന നടിയ്ക്ക് കാലം കൊടുക്കാത്ത അവസരങ്ങള്‍

മറ്റുള്ളവര്‍ക്ക് വേണ്ടതെന്തും കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തി ജീവിച്ചയാളാണ് അമ്മ. അമ്മയ്ക് തിരിച്ചു ഞാന്‍ തരണം എന്നാഗ്രഹിച്ചതും ആ സന്തോഷം തന്നെ. അമ്മയ്ക്ക് അഭിമാനിക്കാവുന്ന നിലയില്‍ വളരണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

എല്ലാ ദിവസവും രാവിലെ ഞാന്‍ ഉണരുന്നത് ആ പ്രാര്‍ത്ഥനയുമായി ആയിരുന്നു. അമ്മയില്‍ ഞാന്‍ അഭിമാനിച്ചിരുന്ന പോലെ എന്നില്‍ അമ്മ അഭിമാനിക്കുന്ന ഒരു ദിവസം ഉണ്ടാകണേ എന്ന്. ആ സ്വപ്നത്തില്‍ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ല, ഞാന്‍ സത്യം ചെയ്യുന്നു.

കാരണം അമ്മ ഇവിടെത്തന്നെയുണ്ട്, എന്നിലും അച്ഛനിലും ഖുഷിയിലും. എനിക്കറിയാമത്. അമ്മ ഞങ്ങളില്‍ അവശേഷിപ്പിച്ചു പോയ സ്നേഹമുദ്രകള്‍ മതിയാകും ഒരുപക്ഷെ ഞങ്ങള്‍ക്ക് ഇനിയങ്ങോട്ടുള്ള കാലം ജീവിക്കാന്‍. പക്ഷേ ഞങ്ങളുടെ ജീവിതങ്ങള്‍ ഇനി ഒരിക്കലും പൂര്‍ണ്ണമാകില്ല. എന്‍റെ എല്ലാമായ എന്‍റെ അമ്മയ്ക്ക് സ്നേഹം.”

അമ്മയ്ക്കുള്ള കുറിപ്പ് ഇങ്ങനെ അവസാനിപ്പിച്ചു ജാന്‍വി അമ്മയുടെ ആരാധകലോകത്തോട് ഇങ്ങനെ പറഞ്ഞു.

“എന്‍റെ പിറന്നാളുമായി ബന്ധപ്പെട്ട്, എല്ലാവരോടും എനിക്ക് പറയാനുള്ളത് ഇത്ര മാത്രം. നിങ്ങളുടെ അച്ഛനമ്മമാരെ സ്നേഹിക്കൂ എന്ന്. നിങ്ങളുടെ സ്നേഹവും കരുതലും അവര്‍ ഇപ്പോഴും അറിയുന്ന വിധത്തില്‍ അവരെ ചേര്‍ത്ത് പിടിക്കൂ. അവര്‍ കാരണമാണ് നിങ്ങള്‍ ഇന്നീ ലോകത്തുള്ളത്.

വായിക്കാം: നടികള്‍ ഈയ്യാംപാറ്റകളെപ്പോലെ എരിഞ്ഞൊടുങ്ങുന്ന നാട്ടിലെ ഏഴുതിരിവെളിച്ചം

അതോടൊപ്പം എന്‍റെ അമ്മയെ സ്നേഹത്തോടെ ഓര്‍ക്കാനും അമ്മയുടെ ആത്മാവിനു ശാന്തി ലഭിക്കാന്‍ പ്രാര്‍ത്ഥിക്കാനും ഞാന്‍ നിങ്ങളോട് അപേക്ഷിക്കുന്നു. അമ്മയോടുള്ള നിങ്ങളുടെ സ്നേഹവും ആരാധനയും തുടരുമ്പോള്‍ തന്നെ ഒന്ന് കൂടി നിങ്ങള്‍ എല്ലാവരും അറിയണം എന്നാഗ്രഹിക്കുന്നു. എന്‍റെ അമ്മയുടെ ജീവിതത്തിന്‍റെ ഒരു വലിയ ഭാഗം എന്‍റെ അച്ഛനുമായി അവര്‍ പങ്കു വച്ച സ്നേഹബന്ധമായിരുന്നു എന്നുള്ളത്.

അതുപോലൊരു സ്നേഹം വേറെയില്ല, അതുകൊണ്ട് തന്നെ അതനശ്വരമാണ്. അവരുടെ പരസ്പര സമര്‍പ്പണവും അതിലവര്‍ കണ്ടെത്തിയ സന്തോഷവും മറ്റെവിടെയും കാണാന്‍ കഴിയില്ല. ദയവായി അതിനെ ബഹുമാനിക്കുക. ആ ബന്ധത്തിനെ കളങ്കപ്പെടുത്തുന്നത് അത്യന്തം വേദനയുളവാക്കുന്നതാണ്.

അമ്മയുടെ ലോകം തന്നെയായിരുന്ന ആ ബന്ധത്തിന്‍റെ പവിത്രത കാത്തുസൂക്ഷിക്കുക എന്നത് അമ്മയ്ക്ക് മാത്രമല്ല, അമ്മ എന്ന ലോകത്തിനു മാത്രം ചുറ്റും കറങ്ങിക്കൊണ്ടിരുന്ന ഞങ്ങളുടെ അച്ഛനും, അവരുടെ സ്നേഹത്തിന്‍റെ ശേഷിപ്പുകളായ ഞങ്ങള്‍ മക്കള്‍ക്കും പ്രധാനമാണ്.

sridevi and family

എനിക്കും ഖുഷിയ്ക്കും അമ്മയെ നഷ്ടപ്പെട്ടപ്പോള്‍ അച്ഛന് നഷ്ടപ്പെട്ടത് ‘ജാന്‍’ എന്ന് വിളിച്ചിരുന്ന അച്ഛന്റെ ജീവന്‍ തന്നെയാണ്. ഒരു നടിയോ അമ്മയോ ഭാര്യയോ എന്ന് മാത്രം ചുരുക്കപ്പെടുത്താനാവില്ല, അതിനെല്ലാം മുകളിലാണ് ഞങ്ങളുടെ ജീവിതങ്ങളില്‍ അവരുടെ സ്ഥാനം. സ്നേഹം കൊടുക്കുക, സ്വീകരിക്കുക എന്നത് ജീവിതത്തിന്‍റെ മന്ത്രം പോലെ കൊണ്ട് നടന്ന ഒരാള്‍. നന്മയിലും കരുണയിലും സുഭഗതയിലും ഒക്കെ വിശ്വസിച്ചിരുന്ന ഒരാള്‍. പക, നിരാശ, അസൂയ ഇതൊന്നും അമ്മയ്ക് മനസ്സിലായിരുന്നില്ല.

boney and sri

അങ്ങനെയാവാം നമുക്കും. നന്മയും സ്നേഹവും മാത്രമാകാം. അവരുടെ മരണത്തിലും നമുക്ക് പഠിക്കാനും ഉള്‍ക്കൊള്ളാനുള്ള ചില നല്ല കാര്യങ്ങള്‍ തന്നുവെന്നത് അമ്മയെ സന്തോഷിപ്പിക്കാതിരിക്കില്ല.

കളങ്കമില്ലായ്മ, അന്തസ്സ്‌, ശക്തി – ഇവയ്ക്കു വേണ്ടിയാണ് അവര്‍ എന്നും നിലകൊണ്ടത്.

കഴിഞ്ഞ രണ്ടു ദിവസങ്ങളായി ഞങ്ങളുടെ സങ്കടത്തില്‍ പങ്കു ചേരുകയും സ്നേഹിക്കുകയും ആശ്വസിപ്പിക്കുകയും ചെയ്യുന്ന എല്ലാവര്‍ക്കും നന്ദി. അത് ഞങ്ങള്‍ക്ക് തരുന്ന പ്രതീക്ഷ വലുതാണ്‌. അതിനെത്ര നന്ദി പറഞ്ഞാലും മതിയാവില്ല താനും”.

ചിത്രങ്ങള്‍. ജാന്‍വി കപൂര്‍/ഇന്‍സ്റ്റാഗ്രാം

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ