ബോളിവുഡിലെ യുവതാരങ്ങളിൽ ശ്രദ്ധേയരാണ് അർജുൻ കപൂറും ജാൻവി കപൂറും. സഹോദരി ജാൻവിയ്ക്ക് ഒപ്പം റാംപിൽ ചുവടുവെയ്ക്കുന്ന അർജുന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുകയാണ് ഇപ്പോൾ. “ഇത് വളരെ സ്പെഷൽ ആണ്,” എന്നാണ് അർജുനൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ജാൻവി കുറിച്ചത്.
ബോണി കപൂറിന്റെയും ആദ്യഭാര്യ മോണ ഷോറി കപൂറിന്റെയും മകനാണ് അർജുൻ. അൻഷുല കപൂർ എന്നൊരു സഹോദരി കൂടി അർജുനുണ്ട്. 1983ൽ വിവാഹിതരായ ബോണി കപൂറും മോണയും 1996ൽ വിവാഹമോചിതരായി. പിന്നീട് ബോണി കപൂർ ശ്രീദേവിയെ വിവാഹം ചെയ്യുകയായിരുന്നു. അച്ഛന്റെ രണ്ടാം ഭാര്യയോടും കുടുംബത്തോടും അത്ര അടുപ്പം സൂക്ഷിക്കാത്ത അർജുൻ, ശ്രീദേവിയുടെ അപ്രതീക്ഷിതമായ നിര്യാണത്തിനു ശേഷമാണ് ജാൻവിയോടും സഹോദരി ഖുഷിയോടും അടുക്കുന്നത്. ‘കോഫി വിത്ത് കരൺ’ എന്ന ടെലിവിഷൻ പ്രോഗ്രാമിലും ഇരുവരും ഒന്നിച്ച് പ്രത്യക്ഷപ്പെട്ടിരുന്നു.
‘ഏറ്റവും മോശം സാഹചര്യങ്ങളിലൂടെയാണ് ഞങ്ങൾ വളർന്നതെങ്കിലും പതുക്കെ ഞങ്ങൾ അടുക്കുകയായിരുന്നു’, എന്നാണ് ഇതിനെ കുറിച്ച് മുംബൈ മിററിനു നൽകിയ അഭിമുഖത്തിൽ അർജുൻ പറഞ്ഞത്. “ഞാനിപ്പോഴും അവരെ മനസ്സിലാക്കി കൊണ്ടിരിക്കുകയാണ്, അതുകൊണ്ടു തന്നെ കൂടുതൽ പറയാൻ ഞാനിപ്പോൾ ഇഷ്ടപ്പെടുന്നില്ല. ഏറ്റവും മോശം സാഹചര്യങ്ങളിലൂടെയാണ് ഞങ്ങൾ വളർന്നതെങ്കിലും പതുക്കെ ഞങ്ങൾ അടുക്കുകയായിരുന്നു. ഞങ്ങളെ എപ്പോഴും ബന്ധിപ്പിച്ചു നിർത്തുന്ന ഒരു വാട്സ് ആപ്പ് ഗ്രൂപ്പുണ്ട്, അതിലൂടെ വിശേഷങ്ങൾ എല്ലാം അറിയാറുണ്ട്.”
Read more: ‘അമ്മയില്ലെങ്കിലെന്താ ഞാനില്ലേ’…ഖുഷിയുടെ ആനന്ദ കണ്ണീർ തുടച്ച് ജാൻവി കപൂർ