അന്തരിച്ച നടി ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂര്‍ സിനിമയിലേക്ക് ചുവടു വയ്ക്കാനൊരുങ്ങുകയാണ്.  ‘ധടക്’ എന്ന തന്‍റെ ആദ്യ ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിക്കവേയാണ് ജാന്‍വി അപ്രതീക്ഷിതമായുള്ള അമ്മയുടെ വിയോഗത്തെ നേരിട്ടത്.  അമ്മ കാണാന്‍ കാത്തു നില്‍ക്കാത്ത തന്‍റെ ആദ്യ ചിത്രത്തിലേക്ക് അന്ത്യകര്‍മ്മങ്ങള്‍ പൂര്‍ത്തിയായ ഉടന്‍ തന്നെ ജാന്‍വി മടങ്ങിയെത്തി.  ഇപ്പോള്‍ കല്‍കട്ടയില്‍ നടന്നു വരുന്ന ‘ധടകി’ലെ ജാന്‍വിയുടെ ഷൂട്ടിംഗ് സ്റ്റില്‍സ് ആണ് ഇന്ന് പുറത്തു വന്നിരിക്കുന്നത്.  തീര്‍ത്തും ഡീ ഗ്ലാമറൈസ്ഡ്‌ ആയ ജാന്‍വിയ്ക്ക് ശ്രീദേവിയുമായി ധാരാളം സാമ്യതകള്‍ തോന്നുന്നു എന്നതാണ് ഈ ചിത്രങ്ങളുടെ ഇപ്പോള്‍ ചര്‍ച്ചയാകാന്‍ കാര്യം.

ഇഷാന്‍ ഖട്ടര്‍ നായകനാകുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരണ്‍ ജോഹറാണ്.  മറാത്തി ചിത്രമായ ‘സൈറാട്ടി’ന്‍റെ ഹിന്ദി പതിപ്പാണ്‌ ‘ധടക്’.

ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ശ്രീദേവിയുടെ ചിതാഭസ്മ നിമഞ്ജനത്തിന് ശേഷം ജാന്‍വി സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ്‌ ചെയ്ത ചെയ്ത വരികള്‍ ഇങ്ങനെയാണ്.

“എന്‍റെ ഉള്ളില്‍ എന്നെ കാര്‍ന്നു തിന്നുന്ന ഒരു ശൂന്യതയുണ്ട്, ഇനിയുള്ള കാലം ഞാന്‍ പൊരുത്തപ്പെട്ടു ജീവിക്കേണ്ട ഒന്ന്. എന്നാല്‍ ആ ശൂന്യതയിലും ഇപ്പോഴും എനിക്ക് കാണാം, അമ്മയുടെ സ്നേഹം. വേദനയില്‍ നിന്നും സങ്കടത്തില്‍ നിന്നും എന്നെ സംരക്ഷിക്കുന്ന എന്‍റെ അമ്മയെ. ഓരോ തവണ കണ്ണുകള്‍ പൂട്ടുമ്പോഴും എനിക്ക് കാണാം, നമ്മള്‍ കടന്നു പോയ നല്ല നിമിഷങ്ങള്‍ എല്ലാം തന്നെ. അത് കാണിച്ചു തരുന്നതും അമ്മ തന്നെയാണ് എന്നും എനിക്കറിയാം. ഞങ്ങളുടെ ജീവിതത്തിലെ അനുഗ്രഹമായിരുന്നു അമ്മ. ജീവിച്ചിരുന്ന കാലമത്രയും നീണ്ട ഒരു അനുഗ്രഹം.

പരിശുദ്ധയും സ്നേഹമയിയും നല്ലവളുമായിരുന്ന അമ്മ, ലോകത്ത് ഇനി നില്‍ക്കേണ്ടതില്ലായിരുന്നിരിക്കാം. അതുകൊണ്ടാണ് അമ്മയെ തിരിച്ചു വിളിച്ചത്. പക്ഷെ കുറച്ചു കാലമെങ്കിലും അമ്മ ഞങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നല്ലോ.

എന്‍റെ കൂട്ടുകാര്‍ ഇപ്പോഴും പറയാറുണ്ട്‌, എന്നും സന്തോഷവതിയാണല്ലോ ഞാന്‍ എന്ന്. അതിനു കാരണം ഇപ്പോള്‍ എനിക്കറിയാം. എന്‍റെ അമ്മയായിരുന്നു അത്. ആരെന്തു പറഞ്ഞാലും കാര്യമല്ലായിരുന്നു, ഒരു പ്രശ്നവും വലുതല്ലായിരുന്നു, ഒരു ദിവസം സന്തോഷമില്ലാത്തതല്ലായിരുന്നു, അമ്മയുള്ളപ്പോള്‍. അമ്മ എന്നെ സ്നേഹിച്ചിരുന്നു. ഒന്നിന് വേണ്ടിയും ആരെയും ആശ്രയിക്കേണ്ടി വന്നിട്ടില്ല എനിക്ക്, അമ്മയുണ്ടായിരുന്നല്ലോ എന്തിനും. അമ്മ മതിയായിരുന്നു എനിക്ക്, എന്തിനും. എന്‍റെ ആത്മാവിന്‍റെ ഭാഗമാണ് അമ്മ. എന്‍റെ ഏറ്റവുമടുത്ത കൂട്ടുകാരി. ഞാന്‍ ഇന്നുള്ളതിന്‍റെ തന്‍റെ കാരണം.

മറ്റുള്ളവര്‍ക്ക് വേണ്ടതെന്തും കൊടുക്കുന്നതില്‍ സന്തോഷം കണ്ടെത്തി ജീവിച്ചയാളാണ് അമ്മ. അമ്മയ്ക് തിരിച്ചു ഞാന്‍ തരണം എന്നാഗ്രഹിച്ചതും ആ സന്തോഷം തന്നെ. അമ്മയ്ക്ക് അഭിമാനിക്കാവുന്ന നിലയില്‍ വളരണം എന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.

എല്ലാ ദിവസവും രാവിലെ ഞാന്‍ ഉണരുന്നത് ആ പ്രാര്‍ത്ഥനയുമായി ആയിരുന്നു. അമ്മയില്‍ ഞാന്‍ അഭിമാനിച്ചിരുന്ന പോലെ എന്നില്‍ അമ്മ അഭിമാനിക്കുന്ന ഒരു ദിവസം ഉണ്ടാകണേ എന്ന്. ആ സ്വപ്നത്തില്‍ ഇനിയും ഒരു മാറ്റവും ഉണ്ടാകില്ല, ഞാന്‍ സത്യം ചെയ്യുന്നു.

കാരണം അമ്മ ഇവിടെത്തന്നെയുണ്ട്, എന്നിലും അച്ഛനിലും ഖുഷിയിലും. എനിക്കറിയാമത്. അമ്മ ഞങ്ങളില്‍ അവശേഷിപ്പിച്ചു പോയ സ്നേഹമുദ്രകള്‍ മതിയാകും ഒരുപക്ഷെ ഞങ്ങള്‍ക്ക് ഇനിയങ്ങോട്ടുള്ള കാലം ജീവിക്കാന്‍. പക്ഷേ ഞങ്ങളുടെ ജീവിതങ്ങള്‍ ഇനി ഒരിക്കലും പൂര്‍ണ്ണമാകില്ല. എന്‍റെ എല്ലാമായ എന്‍റെ അമ്മയ്ക്ക് സ്നേഹം.”

‘ധടക്’ ലൊക്കേഷന്‍ ചിത്രങ്ങള്‍: എ പി എച്ച് ഇമേജസ്

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ