മുപ്പത് വർഷങ്ങൾക്കു മുൻപ് ശ്രീദേവി ഡബിൾ റോളിലെത്തിയ ചിത്രമായിരുന്നു ‘ചല്‍‌ബാസ്’. അമ്മയുടെ പാത പിൻതുടർന്ന് അഭിനയത്തിലെത്തിയ ശ്രീദേവിയുടെ മകൾ ജാൻവി കപൂറും തന്റെ കരിയറിലെ ആദ്യത്തെ ഡബിള്‍ റോൾ ചെയ്യാനൊരുങ്ങുകയാണ്. ‘രൂഹ്- അഫ്സ’ എന്ന ചിത്രത്തിലാണ് ജാൻവി ഡബിൾ റോളിലെത്തുന്നത്. രാജ് കുമാർ റാവു, വരുൺ ശർമ്മ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ.

റൂഹി, അഫ്സാന എന്നീ കഥാപാത്രങ്ങളെയാണ് ചിത്രത്തിൽ ജാൻവി അവതരിപ്പിക്കുന്നത്. ദിനേഷ് വിജൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. നവാഗതനായ ഹാർദിക് മെഹ്ത്തയാണ് സംവിധായകൻ. 2020 മാർച്ച് 20 നാണ് ചിത്രത്തിന്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്.

“രൂഹ്- അഫ്സ’യ്ക്ക് വേണ്ടി വ്യത്യസ്തരായ അഭിനേതാക്കളെ ആയിരുന്നു ആവശ്യം. രാജ് കുമാറും വരുണും കഥാപാത്രങ്ങളാവാൻ തീർത്തും അനുയോജ്യരായവരാണ്. ഫീമെയിൽ ലീഡിന് വേണ്ടി ഞങ്ങൾ തിരഞ്ഞത് തീർത്തും വ്യത്യസ്തമായ കഥാപാത്രങ്ങളെ വളരെ അനായാസേന അവതരിപ്പിക്കാൻ കഴിവുള്ള ഒരു നടിയെ ആയിരുന്നു. ജാൻവിയ്ക്ക് സ്ക്രിപ്റ്റുമായി നല്ല രീതിയിൽ കണക്റ്റ് ചെയ്യാൻ സാധിച്ചു. ജാൻവിയുടെ പ്രതിഭ ഇനിയും ഉപയോഗപ്പെടുത്തേണ്ടതുണ്ട്, പക്ഷേ കഥാപാത്രമായി മാറാൻ എക്സൈറ്റഡാണ് ജാൻവി. വളരെ ചെറുപ്പവും ക്രേസി സ്വഭാവവും ഉള്ള ഒരാളെയാണ് സ്ക്രിപ്റ്റ് ആവശ്യപ്പെടുന്നത്, ജാൻവി അതിനെന്തുകൊണ്ടും യോജിച്ചവളാണ്,” ചിത്രത്തെ കുറിച്ച് നിർമ്മാതാവ് ദിനേഷ് വിജൻ പറഞ്ഞു.

“ചിത്രത്തിലെ പ്രധാന സ്ത്രീ കഥാപാത്രത്തെ തീരുമാനിക്കാൻ ഞങ്ങൾ ഏറെ സമയമെടുത്തു. അഴകിനൊപ്പം തന്നെ, രണ്ടു ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളെ മനസ്സിലാക്കാനും അവരായി മാറാനും കഴിവുള്ള ഒരാളെയായിരുന്നു ആവശ്യം. ഒരു സീനിൽ വളരെ പെട്ടെന്ന് പ്രേക്ഷകർ ആ കഥാപാത്രവുമായി പ്രണയത്തിലാകും, ​എന്നാൽ അടുത്ത സീനിലെ പെൺകുട്ടി അവൾ തന്നെയാണോ എന്ന് അതിശയിക്കും. അത്രമാത്രം വ്യത്യസ്ത ധ്രുവങ്ങളിലുള്ള കഥാപാത്രങ്ങളിലേക്ക് കൂടുമാറുക​ എന്നത് എളുപ്പമല്ല. ജാൻവിയുടേത് പെർഫെക്ട് കാസ്റ്റിംഗ് ആണ്,” റൂഹ്-​അഫ്സയുടെ നിർമ്മാണപങ്കാളിയും സഹ എഴുത്തുകാരിൽ ഒരാളുമായ മൃഘ്‌ദീപ് സിംഗ് ലംബ പറയുന്നു.

Read more: വെറും 5 മിനിറ്റിൽ സിക്സ് പാക്ക്, ശ്രീദേവിയുടെ മകൾ ജാൻവിയുടെ വർക്ക്ഔട്ട് ടിപ്സ്

ജാൻവിയുടെ കരിയറിലെ വലിയൊരു ചലഞ്ച് എന്നു തന്നെ ഈ ഡബിൾ റോളിനെ വിശേഷിപ്പിക്കാം. 2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാൻവി തന്റെ അരങ്ങേറ്റം കുറിച്ചത്. ഗുൻജൻ സക്സേനയുടെ ബയോപിക്കിലും ജാൻവി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കരൺ ജോഹറിന്റെ ‘തക്ത്’ ആണ് അണിയറയിലൊരുങ്ങുന്ന മറ്റൊരു ജാൻവി ചിത്രം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook