ഇന്നലെ ലോക മാതൃദിനമായിരുന്നു. സെലിബ്രിറ്റികൾ ഉൾപ്പെടെ നിരവധി പേരാണ് തങ്ങളുടെ അമ്മമാർക്ക് മാതൃദിനാശംസകൾ അറിയിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റുകൾ പങ്കുവച്ചത്. അന്തരിച്ച താരം ശ്രീദേവിയുടെ മകളും നടിയുമായ ജാൻവി കപൂറും ഇന്നലെ അമ്മയോർമകളിലായിരുന്നു.
Read More: ഡ്രെസിങ് റൂമിൽ ഇപ്പോഴും അമ്മയുടെ മണമുണ്ട്: ലോക്ക്ഡൗണിൽ ശ്രീദേവിയെ ഓർത്ത് മകൾ ജാൻവി
അമ്മ തന്നെ എടുത്ത് നിൽക്കുന്ന ഒരു ചിത്രമാണ് ഹൃദയത്തിന്റെ സ്മൈലി നൽകി ജാൻവി ആദ്യം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പിന്നീട് ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ അനിയത്തി ഖുഷിയെ ശ്രീദേവി എടുത്തിരിക്കുന്ന ഒരു ചിത്രം കൂടി ജാൻവി പങ്കുവച്ചു. തൊട്ടു പുറകിൽ നിന്ന് അമ്മയോടെന്തോ വിളിച്ചു പറയുന്ന കുഞ്ഞു ജാൻവിയും ചിത്രത്തിലുണ്ട്. ഖുഷിയെ പോലും അമ്മ കെട്ടിപ്പിടിക്കുന്നത് അന്ന് തനിക്കിഷ്ടമല്ലായിരുന്നു എന്നാണ് ചിത്രത്തിനൊപ്പം ജാൻവി കുറിച്ച വാക്കുകൾ.
‘ധടക്’ സിനിമയിലൂടെയാണ് ജാൻവി ബോളിവുഡിലേക്കെത്തിയത്. അതുകഴിഞ്ഞ് സോയ അക്തറിന്റെ ആന്തോളജി ഫിലിം ‘ഗോസ്റ്റ് സ്റ്റോറീസി’ൽ അഭിനയിച്ചു. ഗുഞ്ചൻ സക്സേനയുടെ ബയോപിക്, ഹൊറർ കോമഡി സിനിമ ‘റൂഹിഅഫ്സാന’, ‘ദോസ്താന 2’ എന്നിവയാണ് ജാൻവിയുടെ അടുത്ത ചിത്രങ്ങൾ.
കോവിഡ് വ്യാപനം തടയാനുള്ള അടച്ചുപൂട്ടലിനെ തുടർന്ന് വീട്ടിൽ സ്വയം നിരീക്ഷണത്തിൽ കഴിയവെ ജാൻവി പങ്കിട്ട കുറിപ്പിൽ ശ്രീദേവിയെ കുറിച്ചുള്ള വാക്കുകൾ ഏറെ വികാര നിർഭരമായിരുന്നു.
”അമ്മയുടെ ഡ്രെസിങ് റൂമിൽ ഇപ്പോഴും അവരുടെ മണം എനിക്ക് അനുഭവപ്പെടുന്നുണ്ടെന്ന് ഞാൻ മനസിലാക്കുന്നു. യഥാർത്ഥ ജീവിതത്തേക്കാൾ മികച്ച ചിത്രകാരിയാണ് ഞാൻ എന്ന് മനസ്സിലാക്കി. ഖുഷി വളരെ കൂളായ സഹോദരിയാണെന്ന് ഞാൻ മനസിലാക്കി. ലോകത്തിൽ തന്നെ വളരെ തമാശക്കാരായ സുഹൃത്തുക്കളാണ് എനിക്കുളളതെന്ന് ഞാൻ മനസിലാക്കി. എന്തിനെയും അതിജീവിക്കാൻ സംഗീതം സഹായിക്കുമെന്ന് ഞാൻ മനസ്സിലാക്കി. മറ്റെന്തിനെക്കാളും സിനിമയെ ഞാൻ ഇഷ്ടപ്പെടുന്നുവെന്ന് മനസിലാക്കി. സിനിമ കാണാനും അവയെക്കുറിച്ച് ചിന്തിക്കാനും സ്വപ്നം കാണാനും ഞാൻ ഇഷ്ടപ്പെടുന്നു” ജാൻവിയുടെ കുറിപ്പിലെ പ്രസക്തഭാഗങ്ങളാണിത്.