കണ്ടുകൊതി തീരും മുൻപ് മാഞ്ഞുപോയൊരു സ്വപ്നം പോലെയായിരുന്നു ശ്രീദേവി.​ അതുകൊണ്ടാവാം, തീർത്തും അപ്രതീക്ഷിതമായെത്തിയ മരണത്തിന്റെ കൈപ്പിടിച്ച് ശ്രീദേവി യാത്ര പറഞ്ഞപ്പോാൾ ശ്രീദേവിയെ സ്നേഹിച്ചിരുന്നവരെല്ലാം നടുങ്ങിയത്. ആ നടുക്കത്തിനും ശ്രീദേവി അവശേഷിപ്പിക്കുന്ന ശൂന്യതയ്ക്കും ഇന്ന് ഒരു വർഷം പൂർത്തിയാവുകയാണ്. ശ്രീദേവിയില്ല എന്ന സത്യത്തിനോട് ഇപ്പോഴും പൊരുത്തപ്പെടാൻ സാധിക്കുന്നില്ല, മക്കൾ ജാൻവി കപൂറിനും ഖുശി കപൂറിനും ഭർത്താവ് ബോണി കപൂറിനുമൊന്നും. അമ്മയുടെ ചരമവാർഷിക ദിനത്തിൽ ആ ഓർമ്മകൾ പങ്കുവെയ്ക്കുകയാണ് മകൾ ജാൻവി.

അമ്മയുടെ കൈകളുടെ സുരക്ഷയിൽ ഇരിക്കുന്ന ഒരു കുട്ടിക്കാല ചിത്രമാണ് ജാൻവി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുന്നത്. “എന്റെ ഹൃദയത്തിന് എപ്പോഴും കനമേറെയാണ്, പക്ഷേ ഞാനെപ്പോഴും പുഞ്ചിരിക്കും. കാരണം നിങ്ങൾ അതിനകത്തുണ്ട്,” എന്നാണ് അമ്മയെ ഓർത്ത് ജാൻവി കുറിക്കുന്നത്. 54-ാം വയസ്സിലായിരുന്നു ശ്രീദേവിയുടെ വിടവാങ്ങൽ.

 

View this post on Instagram

 

My heart will always be heavy. But I’ll always be smiling because it has you in it.

A post shared by Janhvi Kapoor (@janhvikapoor) on

കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 24 നാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ആഡംബര ഹോട്ടലില്‍ വച്ച് ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു മരണം. ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാൻ കുടുംബ സമേതം ദുബായില്‍ എത്തിയത്. വിവാഹം കഴിഞ്ഞു മകള്‍ ഖുഷിയും ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ ശ്രീദേവി മാത്രം തുടര്‍ന്നും ദുബായില്‍ത്തന്നെ തങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ദുബായില്‍ തിരിച്ചെത്തിയ ദിവസമാണ് അവരുടെ മരണം സംഭവിക്കുന്നത്. ശ്രീദേവിയുടെ മരണവാർത്ത അറിഞ്ഞ ബോളിവുഡ് ഒന്നാകെ ശ്രീദേവിയ്ക്ക് ആദരാഞ്ജലികൾ അർപ്പിച്ചു.

Read more: വിട, പ്രിയ താരമേ: ശ്രീദേവിയുടെ അന്ത്യയാത്രയ്ക്കൊരുങ്ങി ബോളിവുഡ്

ദുബായിലെ അന്വേഷണങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ എത്തിച്ച അവരുടെ ഭൗതിക ശരീരം ഫെബ്രുവരി ഇരുപത്തിയെട്ടിനു മുംബൈയില്‍ വലിയൊരു ജനാവലിയെ സാക്ഷി നിര്‍ത്തി, ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച അഭിനേത്രികളില്‍ ഒരാളായ ശ്രീദേവിയുടെ വിയോഗത്തിന്റെ നഷ്ടവുമായി ഇനിയും പൂര്‍ണ്ണമായി പൊരുത്തപ്പെട്ടിട്ടില്ല ആരാധകരും സിനിമാലോകവും. മരിച്ചിട്ടു ഒരു വര്‍ഷം തികയുമ്പോള്‍ പോലും ആരാധകരുടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട് അഭിനയത്തിന്റെ മുഖശ്രീയായി മാറിയ ആ താരം. നികത്താനാവാത്ത നഷ്ടം ഇന്ത്യൻ സിനിമയ്ക്ക് സമ്മാനിച്ചുകൊണ്ടാണ് ശ്രീദേവി വിടപറഞ്ഞത്. കഴിഞ്ഞ ഡിസംബറിൽ റിലീസിനെത്തിയ ഷാരൂഖ് ഖാൻ ചിത്രം ‘സീറോ’യിലാണ് അവസാനമായി പ്രേക്ഷകർ ശ്രീദേവിയെ കണ്ടത്.


sridevi and family

ചിത്രം. ട്വിറ്റെര്‍/ഫിലിംഫെയര്‍

‘ജൂലി’ എന്ന ചിത്രത്തിൽ ബാലതാരമായി 1975 ലാണ് ശ്രീദേവി തന്റെ അരങ്ങേറ്റം കുറിക്കുന്നത്. നാലാം വയസ്സിൽ സിനിമയിലെത്തിയ ശ്രീദേവി പിന്നീട് ഇന്ത്യൻ സിനിമയിലെ ആദ്യ വനിതാ സൂപ്പർസ്റ്റാർ എന്ന വിശേഷിപ്പിക്കാവുന്ന ഔന്നിത്യങ്ങൾ സ്വന്തമാക്കി. 50 വർഷം കൊണ്ട് അഞ്ച് ഇന്ത്യൻ ഭാഷകളിലായി 300 ലേറെ സിനിമകളിൽ അഭിനയിച്ച ലോകത്തിലെ ഏക അഭിനേത്രി കൂടിയാണ് ശ്രീദേവി. രാജ്യത്തെ നാലാമത്തെ വലിയ സിവിലിയൻ അവാർഡായ പത്മശ്രീ നൽകി രാജ്യം ശ്രീദേവിയെ ആദരിച്ചു. 2017 ൽ പുറത്തിറങ്ങിയ ‘മോം’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വശി’ അവാര്‍ഡും ശ്രീദേവി കരസ്ഥമാക്കി. മരണാനന്തരം ഉർവശി അവാർഡ് നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയെന്ന അപൂർവ്വത കൂടിയാണ് അതുവഴി ശ്രീദേവി സ്വന്തമാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook