നടി ശ്രീദേവി ഓർമയായിട്ട് ഇന്ന് രണ്ടു വര്‍ഷം. ദുബായിലെ നക്ഷത്രഹോട്ടലിലെ ബാത്ത്ടബ്ബില്‍ മുങ്ങിയായിരുന്നു ഇന്ത്യയുടെ പ്രിയ നടിയുടെ മരണം. വര്‍ഷം രണ്ടു കഴിഞ്ഞിട്ടും ആ വിയോഗത്തിന്റെ ആഘാതത്തില്‍ നിന്നും മുക്തരായിട്ടില്ല അവരുടെ കുടുംബവും സഹപ്രവര്‍ത്തകരും. അമ്മയുടെ ഓർമദിനമായ ഇന്ന് ശ്രീദേവിയുടെ മകളും അഭിനേത്രിയുമായ ജാന്‍വി കപൂര്‍ താന്‍ എല്ലാ ദിവസവും അമ്മയെ മിസ് ചെയ്യുന്നതായി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അമ്മയ്ക്കൊപ്പമുളള ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് ജാന്‍വി ഈ വാക്കുകള്‍ കുറിച്ചത്.
ഭര്‍ത്താവ് ബോണി കപൂറിന്റെ അനന്തരവന്റെ വിവാഹാഘോഷങ്ങളില്‍ പങ്കെടുക്കാനാണ് ശ്രീദേവി കുടുംബ സമേതം ദുബായില്‍ എത്തിയത്. വിവാഹം കഴിഞ്ഞു മകള്‍ ഖുഷിയും ബോണി കപൂറും ഇന്ത്യയിലേക്ക് മടങ്ങിയപ്പോള്‍ ശ്രീദേവി മാത്രം തുടര്‍ന്നും ദുബായില്‍ത്തന്നെ തങ്ങുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ഭര്‍ത്താവ് ദുബായില്‍ തിരിച്ചെത്തിയ ദിവസമാണ് അവരുടെ മരണം സംഭവിക്കുന്നത്. അപ്രതീക്ഷിതമായി സംഭവിച്ച ആ അപകടമരണം പൊലീസ് അന്വേഷണങ്ങളിലേക്ക് നയിക്കുകയും തുടര്‍ന്ന് അവര്‍ ബാത്ത്ടബ്ബില്‍ മുങ്ങി മരണപ്പെടുകയായിരുന്നുവെന്ന് കണ്ടെത്തുകയും ചെയ്തു.
‘മോം’ എന്ന ഹിന്ദി ചിത്രത്തിലാണ് ശ്രീദേവി അവസാനമായി അഭിനയിച്ചത്. ആ ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ദേശീയ പുരസ്കാരവും അവരെ തേടിയെത്തി. മരണാനന്തരമുള്ള ആ ബഹുമതി അവര്‍ക്ക് വേണ്ടി ഭര്‍ത്താവ് ബോണി കപൂറും മക്കള്‍ ജാന്‍വിയും ഖുശിയും ചേര്‍ന്നാണ് സ്വീകരിച്ചത്.
Read Here: Sridevi: Girl Woman Superstar: ശ്രീദേവിയുടെ ജീവിതം പുസ്തകമാകുന്നു