ബോളിവുഡ് താരം ശ്രീദേവി വിട പറഞ്ഞിട്ട് ഫെബ്രുവരി 24ന് അഞ്ച് വർഷം തികയുകയാണ്. അമ്മയുടെ ചർമവാർഷികത്തിന് മുന്നോടിയായി മകൾ ജാൻവി കപൂർ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
“ഞാൻ ഇപ്പോഴും നിങ്ങളെ എല്ലായിടത്തും തിരയുകയാണ് അമ്മേ, നിങ്ങളെന്നെ ചൊല്ലി അഭിമാനിക്കുമെന്ന പ്രതീക്ഷയോടെ എനിക്ക് ചെയ്യാനാവുന്നതെല്ലാം ഞാൻ ചെയ്യുന്നു. ഞാൻ പോകുന്നിടത്തെല്ലാം, ഞാൻ ചെയ്യുന്നതെല്ലാം – അത് ആരംഭിക്കുന്നതും അവസാനിക്കുന്നതും നിങ്ങളിലാണ്,” ശ്രീദേവിയോടൊപ്പമുള്ള ഫോട്ടോ പങ്കിട്ടുകൊണ്ട് ജാൻവി കുറിച്ചു.
ശ്രീദേവിയുടെ മരണത്തെ അഭിമുഖീകരിക്കുന്നതിൽ സിനിമ തന്നെ എങ്ങനെ സഹായിച്ചുവെന്ന് മുൻപൊരു അഭിമുഖത്തിൽ ജാൻവി പറഞ്ഞിരുന്നു. “അതൊട്ടും എളുപ്പമായിരുന്നില്ല. എന്റെ ജോലിയും കുടുംബവും എനിക്ക് മുന്നോട്ട് പോകാനുള്ള കരുത്ത് നൽകി. ‘ധടക്കി’ന്റെ സെറ്റിൽ തിരിച്ചെത്താനും അഭിനയിക്കാനും കഴിഞ്ഞില്ലായിരുന്നുവെങ്കിൽ ഇപ്പോൾ ഉള്ളതിനേക്കാൾ വളരെ കഠിനമായേനെ എന്ന് ഞാൻ കരുതുന്നു. സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ വളരെ നന്ദിയുള്ളവളാണ്. അതെന്നെ പല തരത്തിൽ രക്ഷിച്ചു.”
2018ൽ ധടക് എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവി കപൂർ അഭിനയരംഗത്തേക്ക് എത്തിയത്. ശ്രീദേവിയുടെ മരണത്തിന് ഏതാനും മാസങ്ങൾക്ക് ശേഷമാണ് ചിത്രം പുറത്തിറങ്ങിയത്. ‘ഗുഞ്ചൻ സക്‌സേന: ദി കാർഗിൽ ഗേൾ,’ ‘റൂഹി,’ ‘ഗുഡ് ലക്ക് ജെറി,’ ‘മിലി’ തുടങ്ങി നിരവധി ചിത്രങ്ങളിൽ ജാൻവി ഇതിനകം വേഷമിട്ടു കഴിഞ്ഞു. സംവിധായകൻ നിതേഷ് തിവാരിയുടെ ‘ബവാൽ’ ആണ് ജാൻവിയുടെ അടുത്ത ചിത്രം, വരുൺ ധവാനാണ് നായകൻ.