ബോളിവുഡ് യുവതാരങ്ങൾക്കിടയിൽ ഏറെ ശ്രദ്ധേയയാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മകളായ ജാൻവി കപൂർ. ഒരു പിടി നല്ല ചിത്രങ്ങളുമായി തിരക്കിലാണ് ജാൻവി. വീണു കിട്ടിയ അവധിക്കാലം ആഘോഷിക്കാൻ കൂട്ടുകാർക്കൊപ്പം മാലി ദ്വീപിലെത്തിയ ജാൻവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. ഗുൻജൻ സക്സേനയുടെ ബയോപിക്, കരൺ ജോഹർ ചിത്രം ‘തക്ത്’ എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ജാൻവി ചിത്രങ്ങൾ. ‘റൂഹി- അഫ്സ’ യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ജാൻവിയുടെ കരിയറിലെ വലിയൊരു ചലഞ്ച് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വേഷമാണ് ‘റൂഫി- അഫ്സ’യിലേത്. ചിത്രത്തിൽ ഡബിൾ റോളിലാണ് ജാൻവി എത്തുന്നത്. 30 വർഷങ്ങൾക്കു മുൻപ് ശ്രീദേവിയും ‘ചല്‍ബാസ്’ എന്ന ചിത്രത്തിൽ ഡബിൾ റോളിലെത്തിയിരുന്നു.
ജാൻവിയുടെയും സഹോദരി ഖുശിയുടെയും ഒരു വീഡിയോയും അടുത്തിടെ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധകവർന്നിരുന്നു. ടിക്‌ടോക് വീഡിയോയിൽ #whoisthemostlikely എന്ന ട്രെൻഡിങ് ചലഞ്ചിന് ഉത്തരമേകുകയായിരുന്നു ജാൻവിയും ഖുശി കപൂറും.
നിങ്ങളിൽ ആരാണ് ആദ്യം വിവാഹം കഴിക്കാൻ സാധ്യതയെന്ന ചോദ്യത്തിന് രണ്ടുപേരും നൽകിയ ഉത്തരം ഖുശി എന്നാണ്. ആർക്കാണ് ആദ്യം കുഞ്ഞുങ്ങൾ ഉണ്ടാവുക എന്ന ചോദ്യത്തിനും രണ്ടുപേർക്കും ഒരേ ഉത്തരമായിരുന്നു- ഖുശി. കൂട്ടത്തിൽ ആർക്കാണ് മികച്ച ഫാഷൻ സെൻസ് എന്ന ചോദ്യത്തിനും ഖുശിയുടെ പേരായിരുന്നു ഉയർന്നുവന്നത്. എന്നാൽ നിങ്ങളിൽ ആരാണ് ഏറ്റവും കൂടുതൽ പണം ചെലവഴിക്കുന്ന ആളെന്ന ചോദ്യത്തിന് രണ്ടുപേരും ജാൻവി എന്നാണ് ഉത്തരമേകിയത്.
@khushi05k##whoisthemostlikely lol ♬ original sound – ryleywilliams
ഖുശിയെ കൂളർ സിസ്റ്റർ എന്നാണ് ജാൻവി വിശേഷിപ്പിക്കുന്നത്. ഉപരിപഠനവുമായി ബന്ധപ്പെട്ട് ന്യൂയോർക്കിൽ പഠിക്കുകയാണ് ഖുശി. ബോളിവുഡിലേക്ക് കാലുവയ്ക്കും മുൻപ് സിനിമയെ ഗൗരവമായി പഠിക്കാൻ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ചേർന്നിരിക്കുകയാണ് ഖുശി. ബോണി കപൂറിന്റെ സിനിമാ കുടുംബത്തിൽ നിന്നും അമ്മയ്ക്കും ചേച്ചിയ്ക്കും പിറകെ ഖുശിയേയും സ്ക്രീനിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
Read more: ‘അമ്മയില്ലെങ്കിലെന്താ ഞാനില്ലേ’…ഖുഷിയുടെ ആനന്ദ കണ്ണീർ തുടച്ച് ജാൻവി കപൂർ