എന്നും വാർത്തകളിലെ താരമാണ് ശ്രീദേവിയുടെയും ബോണി കപൂറിന്റെയും മക്കളായ ജാൻവിയും ഖുശി കപൂറും. ഖുശിയുടെ 19-ാം ജന്മദിനത്തിൽ അനിയത്തിയ്ക്ക് ആശംസകൾ നേർന്നു കൊണ്ടുള്ള ജാൻവിയുടെ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്.
“നിന്നെ കുറിച്ചോർത്ത് ഞാൻ അഭിമാനിക്കുന്നു. നീയാണ് എന്റെ ലൈഫ് ലൈൻ. ജന്മദിനാശംസകൾ, ഐ മിസ് യൂ,” എന്നാണ് ജാൻവിയുടെ ആശംസ. രണ്ടുപേരും ഒന്നിച്ചുള്ള നിരവധി ചിത്രങ്ങളും വീഡിയോകളും ജാൻവി പങ്കുവച്ചിട്ടുണ്ട്. ഇരുവരുടെയും ഇതുവരെ കാണാത്ത അപൂർവ്വ ചിത്രങ്ങൾ ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു.
ഉപരിപഠനവുമായി ബന്ധപ്പെട്ട് അമേരിക്കയിലാണ് ഖുഷിയിപ്പോൾ. ബോളിവുഡിലേക്ക് കാലുവെയ്ക്കും മുൻപ് സിനിമയെ ഗൗരവമായി പഠിക്കാൻ ന്യൂയോർക്ക് ഫിലിം അക്കാദമിയിൽ ചേർന്നിരിക്കുകയാണ് ഖുഷി. ബോണി കപൂറിന്റെ സിനിമാ കുടുംബത്തിൽ നിന്നും അമ്മയ്ക്കും ചേച്ചിയ്ക്കും പിറകെ ഖുഷിയേയും സ്ക്രീനിൽ കാണാമെന്ന പ്രതീക്ഷയിലാണ് ആരാധകരും.
2018ൽ ‘ധടക്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാൻവിയുടെ അരങ്ങേറ്റം. ഗുൻജൻ സക്സേനയുടെ ബയോപിക്, കരൺ ജോഹർ ചിത്രം ‘തക്ത്’ എന്നിവയാണ് അണിയറയിലൊരുങ്ങുന്ന ജാൻവി ചിത്രങ്ങൾ. ‘റൂഹി- അഫ്സ’ യാണ് റിലീസിനൊരുങ്ങുന്ന മറ്റൊരു ചിത്രം. ജാൻവിയുടെ കരിയറിലെ വലിയൊരു ചലഞ്ച് എന്നു തന്നെ വിശേഷിപ്പിക്കാവുന്ന വേഷമാണ് ‘റൂഫി- അഫ്സ’യിലേത്. ചിത്രത്തിൽ ഡബിൾ റോളിലാണ് ജാൻവി എത്തുന്നത്. 30 വർഷങ്ങൾക്കു മുൻപ് ശ്രീദേവിയും ‘ചല്ബാസ്’ എന്ന ചിത്രത്തിൽ ഡബിൾ റോളിലെത്തിയിരുന്നു.
‘റൂഹ്- അഫ്സ’ എന്ന ചിത്രത്തിൽ റൂഹി, അഫ്സാന എന്നീ കഥാപാത്രങ്ങളെയാണ് ജാൻവി അവതരിപ്പിക്കുന്നത്. ദിനേഷ് വിജൻ ആണ് ചിത്രം നിർമ്മിക്കുന്നത്. നവാഗതനായ ഹാർദിക് മെഹ്ത്തയാണ് സംവിധായകൻ. 2020 മാർച്ച് 20 നാണ് ചിത്രത്തിന്റെ റിലീസ് പ്ലാൻ ചെയ്തിരിക്കുന്നത്.
Read more: ‘അമ്മയില്ലെങ്കിലെന്താ ഞാനില്ലേ’…ഖുഷിയുടെ ആനന്ദ കണ്ണീർ തുടച്ച് ജാൻവി കപൂർ