ശ്രീദേവിയുടെ നാലാം ചരമ വാർഷികമാണ് ഇന്ന്. ഈ ദിനത്തിൽ അമ്മയെക്കുറിച്ച് വികാരനിർഭരമായ കുറിപ്പ് സോഷ്യൽ മീഡിയയിൽ പങ്കിട്ടിരിക്കുകയാണ് മക്കളായ ജാൻവി കപൂറും ഖുഷി കപൂറും. ദുബായിൽവച്ചാണ് ശ്രീദേവി മരിക്കുന്നത്.
അമ്മയ്ക്കൊപ്പമുള്ള തന്റെ ബാല്യകാല ഫൊട്ടോ പങ്കുവച്ചാണ് ജാൻവി കപൂറിന്റെ കുറിപ്പ്. “എന്റെ ജീവിതത്തിൽ ഞാൻ കൂടുതൽ വർഷങ്ങൾ നിങ്ങളോടൊപ്പം ജീവിച്ചു. എന്നാൽ നിങ്ങളില്ലാത്ത ജീവിതത്തിലേക്ക് ഒരു വർഷം കൂടി ചേർത്തത് ഞാൻ വെറുക്കുന്നു. അമ്മേ, ഞങ്ങളെ ഓർത്ത് നിങ്ങൾ അഭിമാനിക്കുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, കാരണം അതാണ് ഞങ്ങളെ മുന്നോട്ട് നയിക്കുന്നത്. എന്നേക്കും നിങ്ങളെ സ്നേഹിക്കുന്നു.”
അമ്മയുടെ മടിയിൽ ഇരിക്കുന്ന ചെറുപ്പകാലത്തെ തന്റെ ഫൊട്ടോയാണ് ഖുഷി കപൂർ പോസ്റ്റ് ചെയ്തത്.

ബോളിവുഡിൽ അഞ്ചു ദശാബ്ദത്തോളം തിളങ്ങി നിന്നിരുന്ന നടിയാണ് ശ്രീദേവി. 300 ലധികം സിനിമകളിൽ അഭിനയിച്ച നടി ബോളിവുഡിന്റെ ആദ്യ ലേഡി സൂപ്പർ സ്റ്റാറാണ്. ഭർത്താവ് ബോണി കപൂർ നിർമ്മാണം ചെയ്ത മോം ആയിരുന്നു ശ്രീദേവിയുടെ അവസാന ചിത്രം. 2018 ഫെബ്രുവരി 24 നായിരുന്നു ശ്രീദേവിയുടെ മരണം. കുടുംബാംഗങ്ങളെയും ആരാധകരെയും ശ്രീദേവിയുടെ വേർപാട് ഇപ്പോഴും വേദനിപ്പിക്കുന്നതാണ്.
ജാൻവി കപൂർ, ഖുഷി കപൂർ എന്നീ രണ്ടു മക്കളാണ് ശ്രീദേവിക്ക്. ‘ധടക്’ സിനിമയിലൂടെ ജാൻവി ബോളിവുഡിലേക്കെത്തിയിരുന്നു. അതുകഴിഞ്ഞ് സോയ അക്തറിന്റെ ആന്തോളജി ഫിലിം ‘ഗോസ്റ്റ് സ്റ്റോറീസി’ൽ അഭിനയിച്ചു. ഗുഞ്ചൻ സക്സേനയുടെ ബയോപിക്, ഹൊറർ കോമഡി സിനിമ ‘റൂഹിഅഫ്സാന’, ‘ദോസ്താന 2’, സംവിധായകൻ സിദ്ധാർത്ഥ് സെൻഗുപ്തയുടെ ഗുഡ് ലക്ക് ജെറി എന്നിവയാണ് ജാൻവിയുടെ അടുത്ത ചിത്രങ്ങൾ.
Read More: ലുങ്കി ഡാൻസുമായി ജാൻവി; ദുബായ് ചിത്രങ്ങൾ