ശ്രീദേവിയുടെ മകൾ ജാൻവി കപൂറിന്റെ അരങ്ങേറ്റ ചിത്രം ധടക് റിലീസിന് തയ്യാറായിക്കഴിഞ്ഞു. ശ്രീദേവിയുടെ കാൽപ്പാടുകൾ പിന്തുടർന്ന് സിനിമയിലെത്തിയ ജാൻവി അമ്മയെപ്പോലെ ബോളിവുഡിൽ തിളങ്ങുമെന്നാണ് ആരാധകർ പറയുന്നത്. ജാൻവിയുടെ ആദ്യ സിനിമയിൽ മറ്റാരെക്കാളും സന്തോഷിക്കുന്നത് അന്തരിച്ച നടി ശ്രീദേവി തന്നെയായിരിക്കും. മറ്റൊരു ലോകത്തിരുന്ന് ശ്രീദേവി മകൾക്ക് എല്ലാവിധ ഭാവുകങ്ങളും നേരും.

ശ്രീദേവിയുടെ അപ്രതീക്ഷിതമായ മരണം ജാൻവി കപൂറിന് കനത്ത ആഘാതമാണുണ്ടാക്കിയത്. ധകടിന്റെ ഷൂട്ടിങ് സമയത്തായിരുന്നു ശ്രീദേവി ദുബായിൽവച്ച് മരിക്കുന്നത്. ശ്രീദേവിയുടെ മരണം ഏൽപ്പിച്ച ആഘാതത്തിൽനിന്നും പുറത്തുവരാൻ ജാൻവിക്ക് ഏറെ നാൾ വേണ്ടിവരുമെന്നായിരുന്നു ഏവരും കരുതിയിരുന്നത്. എന്നാൽ ഏതാനും ആഴ്‌ചകൾക്കുളളിൽതന്നെ ജാൻവി ധടക്കിന്റെ സെറ്റിലേക്ക് തിരിച്ചെത്തി.

അമ്മയുടെ മരണം നൽകിയ ആഘാതത്തിൽനിന്നും പുറത്തുവരാനുളള ധൈര്യം നൽകിയത് ധടക്കിന്റെ ഷൂട്ട് ആണെന്നാണ് ജാൻവി ഇപ്പോൾ പറഞ്ഞിരിക്കുന്നത്. ”അത് വളരെ എളുപ്പമായിരുന്നില്ല. എന്റെ കുടുംബവും എന്റെ ജോലിയുമാണ് മുന്നോട്ടു പോകാനുളള ധൈര്യം നൽകിയത്. ധടക്കിന്റെ സെറ്റിലേക്ക് മടങ്ങിയെത്താതിരുന്നെങ്കിലും അഭിനയം തുടരാതിരുന്നെങ്കിലും ഇപ്പോഴത്തെക്കാൾ വലിയ ഭീകരമാകുമായിരുന്നു എന്റെ അവസ്ഥ. ആ സിനിമയിൽ എനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചതിൽ ഞാൻ കടപ്പെട്ടിരിക്കുന്നു. അതെന്നെ പല വിധത്തിൽ രക്ഷിച്ചിട്ടുണ്ട്. ഇന്ത്യാ ടുഡേയ്‌ക്ക് നൽകിയ അഭിമുഖത്തിൽ ജാൻവി പറഞ്ഞു.

Meanwhile behind the scenes….

A post shared by Janhvi Kapoor (@janhvikapoor) on

A post shared by Janhvi Kapoor (@janhvikapoor) on

നല്ലൊരു അഭിനേതാവാൻ അമ്മ പകർന്നു നൽകിയ ഉപദേശത്തെക്കുറിച്ചും ജാൻവി അഭിമുഖത്തിൽ വ്യക്തമാക്കി. ”ഒരു നല്ല അഭിനേതാവാണമെങ്കിൽ നല്ലൊരു വ്യക്തിയായിരിക്കണമെന്ന് അമ്മ എപ്പോഴും പറയാറുണ്ട്. കാരണം ക്യാമറ വളരെ സ്‌മാർട്ട് ആണ്. നിങ്ങൾ നല്ലൊരു വ്യക്തിയല്ലെങ്കിൽ, നിങ്ങൾ കളളത്തരം കാണിക്കുന്നുണ്ടെങ്കിൽ, അത് ക്യാമറയിൽ പ്രതിഫലിക്കും. നിങ്ങളുടെ ഹൃദയം ശുദ്ധമല്ലെങ്കിലും അതിൽ കാണാനാവും”.

ധടക്കിന്റെ പ്രൊമോഷൻ തിരക്കുകളിലാണ് ഇപ്പോൾ ജാൻവി. മറാത്തി ഹിറ്റ് സിനിമ സെയ്റാത്തിന്റെ ഹിന്ദി റീമേക്കാണ് ധടക്. ശശാങ്ക് ഖെയ്‌താൻ ആണ് സംവിധായകൻ. ഇഷാൻ ഖട്ടർ ആണ് ചിത്രത്തിലെ നായകൻ. ജൂലൈ 20 നാണ് ധടക് റിലീസ് ചെയ്യുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook