ശ്രീദേവിയുടെ മകള്‍ ജാന്‍വി കപൂറിന്റെ സിനിമയിലേക്കുളള പ്രവേശം ബോളിവുഡ് ഉറ്റു നോക്കുന്ന ഒന്നാണ്. ‘ധടക്’ എന്ന ചിത്രത്തിലൂടെയാണ് ജാന്‍വി അഭിനയത്തിലേക്ക് ചുവടു വയ്ക്കുന്നത്. ശശാങ്ക് ഖൈതാന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മ്മിക്കുന്നത് കരന്‍ ജോഹര്‍. ചിത്രത്തിന്‍റെ റിലീസിന് മുന്നോടിയായി ജാന്‍വിയോട് വോഗ് മാസികയ്ക്ക് വേണ്ടി അവരുടെ കുടുംബ സുഹൃത്ത്‌ കൂടിയായ കരന്‍ ജോഹര്‍ സംസാരിച്ചു. അകാലത്തില്‍ അന്തരിച്ച അമ്മ ശ്രീദേവിയെക്കുറിച്ചും അമ്മയില്ലാത്ത ജീവിതത്തെക്കുറിച്ചും ജാന്‍വി മനസ് തുറന്നു.

“ഞാന്‍ ഒരു നടിയാകണം എന്ന് അമ്മ ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല. (അനുജത്തി) ഖുഷിയാവും സിനിമയ്ക്ക് പറ്റിയത് എന്നവര്‍ കരുതിയിരുന്നു. എന്‍റെ ‘പാവം’ സ്വഭാവവും, തൊലിക്കട്ടിയില്ലായ്മയും സിനിമയ്ക്ക് പറ്റില്ല എന്നവര്‍ വിചാരിച്ചു.

‘റിലാക്സ്ഡ്‌’ ആയ ഒരു ജീവിതം ഞങ്ങള്‍ക്ക് ഉണ്ടാകണം എന്നമ്മ കരുതി. അവര്‍ ചെയ്തിരുന്ന ജോലി അവര്‍ ഇഷ്ടപ്പെട്ടിരുന്നുവെങ്കിലും അതിന്‍റെ പ്രയാസങ്ങളെക്കുറിച്ചും അമ്മ ബോധവതിയായിരുന്നു.”, വോഗ് മാസികയ്ക്ക് നല്‍കിയ അഭിമുഖത്തില്‍  ജാന്‍വി വെളിപ്പെടുത്തി.

വായിക്കാം: ശ്രീദേവിയ്ക്ക് ജാന്‍വി എഴുതിയ കത്ത്

മികച്ച നടിയ്ക്കുള്ള ദേശീയ പുരസ്‌കാരം ശ്രീദേവിയ്ക്ക് വേണ്ടി ഏറ്റുവാങ്ങുന്ന കുടുംബം, Express Photo by Tashi Tobgyal

അമേരിക്കയിലെ ഫിലിം സ്കൂളില്‍ തന്നെ ചേര്‍ത്തിട്ട് മടങ്ങുമ്പോള്‍ ‘ഒരു കുഞ്ഞു പൂവിനെ ചെളിക്കുണ്ടിലേക്ക് എറിയുന്നതിന് തുല്യമാണ് ഞാന്‍ നിന്നെ ഇവിടെ വിട്ടിട്ട് പോകുന്നത്’ എന്ന് അമ്മ ശ്രീദേവി പറഞ്ഞിരുന്നതായും ജാന്‍വി അനുസ്‌മരിച്ചു. മുതിര്‍ന്നിട്ടും അമ്മയുടെ മുന്നില്‍ താന്‍ എന്നും ഒരു കുഞ്ഞായിരുന്നുവെന്നും എല്ലാ കാര്യങ്ങളിലും അമ്മയുടെ സഹായം തേടിയിരുന്ന ഒരാളായിരുന്നു താന്‍ എന്നും ജാന്‍വി പറഞ്ഞു.

“രാവിലെ എഴുന്നേല്‍ക്കുമ്പോള്‍ ആദ്യം അമ്മയെയാണ് ഞാന്‍ ചോദിക്കുക. ഉറങ്ങുമ്പോഴും അമ്മ അടുത്ത് വേണം; ചിലപ്പോള്‍ ആഹാരം വായില്‍ വച്ച് തരാനും അമ്മ വേണം. ദുബായില്‍ വിവാഹത്തിന് പോകുന്നതിന് തലേന്ന് എനിക്ക് ഷൂട്ടിങ് ഉണ്ടായിരുന്നു. തിരിച്ചു വന്ന എനിക്ക് ഉറങ്ങാന്‍ സാധിച്ചില്ല. ഞാന്‍ അമ്മയെ വിളിച്ചു പറഞ്ഞു, ‘ഒന്ന് വന്നു എന്നെ ഉറക്കിയിട്ട്‌ പോകൂ’ എന്ന്. അവര്‍ പായ്ക്ക് ചെയ്യുകയായിരുന്നു അപ്പോള്‍.

അമ്മ അടുത്തേക്ക് എത്തിയപ്പോള്‍ ഞാന്‍ പകുതി ഉറക്കമായിക്കഴിഞ്ഞിരുന്നു. എങ്കിലും അവര്‍ എന്‍റെ തലയില്‍ തലോടുന്നത് എനിക്ക് ‘ഫീല്‍’ ചെയ്യാമായിരുന്നു.”, അമ്മയെക്കുറിച്ചുള്ള മനോഹരമായ ഓര്‍മ്മ ജാന്‍വി വോഗിനോട് പങ്കു വച്ചതിങ്ങനെ.

കാണാം: മക്കള്‍ക്കൊപ്പം ശ്രീദേവിയുടെ ‘ഫോട്ടോഷൂട്ട്‌’ വീഡിയോ

മരിക്കുന്നത് മുന്‍പ് ജാന്‍വിയുടെ ആദ്യ ചിത്രമായ ‘ധടകി’ന്‍റെ ചില ഭാഗങ്ങള്‍ ശ്രീദേവി കണ്ടിരുന്നു. അഭിനയം എങ്ങനെ മെച്ചപ്പെടുത്തണം എന്ന് ജാന്‍വിയോട് അവര്‍ പറഞ്ഞിരുന്നതായും ജാന്‍വി അഭിമുഖത്തില്‍ പറയുന്നു. മേക്കപ്പിനെക്കുറിച്ചുള്ള തന്‍റെ അഭിപ്രായം പറഞ്ഞ ശ്രീദേവി ജാന്‍വിയെ സ്ക്രീനില്‍ കണ്ടപ്പോള്‍ സന്തോഷവതിയായിരുന്നു എന്നും മകള്‍ ഓര്‍മ്മിച്ചു.

കാണാം: ‘ധടക്’ ഷൂട്ടിംഗ് ചിത്രങ്ങള്‍

ജൂലൈ 20നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുക. മറാത്തി ചിത്രമായ ‘സൈറാട്ടി’ന്‍റെ ഹിന്ദി പതിപ്പാണ്‌ ‘ധടക്’.  തീര്‍ത്തും ഡീ ഗ്ലാമറൈസ്ഡ്‌ ആയി ചിത്രത്തില്‍ എത്തുന്ന ജാന്‍വിക്ക് ശ്രീദേവിയുമായി ധാരാളം സാമ്യതകളുണ്ടെന്ന് ലൊക്കേഷന്‍ ചിത്രങ്ങള്‍ പുറത്തു വന്നപ്പോള്‍ ചര്‍ച്ചയുണ്ടായിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ