തിയേറ്റർ റിലീസ് പോലെ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ഒടിടി റിലീസുകളും. അടുത്തിടെ തിയേറ്ററുകളിൽ ശ്രദ്ധ നേടിയ മൂന്നു ചിത്രങ്ങൾ കൂടി ഫെബ്രുവരി 25-ാം തീയതി ഒടിടി പ്ലാറ്റ്ഫോമിലേക്ക് എത്തുകയാണ്. അജഗജാന്തരം, ജാൻ എ മൻ എന്നിവയാണ് ഈ വെള്ളിയാഴ്ച വിവിധ ഒടിടി പ്ലാറ്റ്ഫോമുകളിലായി റിലീസ് ചെയ്യുന്നത്.
Janeman OTT Release: ജാൻ.എ.മൻ
തിയേറ്ററുകളിൽ ചിരി പടർത്തി, പ്രേക്ഷകപ്രീതി നേടിയ ജാൻ.എ.മൻ സൺ നെറ്റ്വർക്കിന്റെ ഒടിടി പ്ലാറ്റ്ഫോമായ സൺ നെക്സിടിലൂടെയാണ് (Sun NXT) ഫെബ്രുവരി 25ന് പ്രേക്ഷകരിലേക്ക് എത്തുന്നത്. നവംബർ 19ന് റിലീസ് ചെയ്ത ചിത്രം തിയേറ്ററിൽ മികച്ച പ്രതികരണം നേടിയിരുന്നു. ചിത്രം റിലീസായിട്ട് 100 ദിവസം പിന്നിടുമ്പോഴാണ് ജാൻ.എ.മൻ ഒടിടിയിലേക്ക് എത്തുന്നത്.
ചിദംബരം സംവിധാനം ചെയ്ത ചിത്രത്തിൽ അര്ജുന് അശോകന്, ബാലു വര്‍ഗീസ്, ബേസില്‍ ജോസഫ്, ലാൽ, ഗണപതി, സിദ്ധാര്‍ഥ് മേനോന്, അഭിരാം രാധാകൃഷ്ണന്, റിയ സൈറ, സജിന്‍ ഗോപു, ചെമ്പില്‍ അശോകന് എന്നിവരാണ് പ്രധാന വേഷത്തിൽ എത്തിയത്. ചിദംബരവും സഹോദരനും നടനുമായ ഗണപതിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.
Ajagajantharam OTT Release: അജഗജാന്തരം
ടിനു പാപ്പച്ചൻ സംവിധാനം ചെയ്ത അജഗജാന്തരം സോണി ലിവിലൂടെയാണ് റിലീസ് ചെയ്യുന്നത്. ‘സ്വാതന്ത്ര്യം അര്‍ദ്ധരാത്രിയില്‍’ എന്ന ചിത്രത്തിന് ശേഷം ടിനുപാപ്പച്ചനും ആന്റണി വർഗീസും ഒന്നിച്ച ചിത്രമാണ് ‘അജഗജാന്തരം’. ഒരു ഉത്സവപ്പറമ്പിലേക്ക് ഒരു ആനയും പാപ്പാനും എത്തുന്നതും തുടര്‍ന്നുള്ള 24 മണിക്കൂറില്‍ അവിടെ നടക്കുന്ന സംഭവങ്ങളുമാണ് ചിത്രം പറയുന്നത്.
ചെമ്പന്‍ വിനോദ്, സാബുമോന്, അര്ജുന് അശോക്, സുധി കോപ്പ, ജാഫര്‍ ഇടുക്കി, ബീറ്റോ ഡേവിസ്, സിനോജ് വര്‍ഗീസ്, ലുക്ക്മാന്‍, രാജേഷ് ശര്‍മ, ടിറ്റോ വില്‍സണ്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന അഭിനേതാക്കൾ. സിൽവർ ബേ സ്റ്റുഡിയോസിന്റെ ബാനറിൽ ഇമ്മാനുവൽ ജോസഫും അജിത് തലാപ്പിള്ളിയും ചേർന്ന് നിർമ്മിച്ച ചിത്രത്തിന്റെ തിരക്കഥയൊരുക്കിയത് കിച്ചു ടെല്ലസും വിനീത് വിശ്വവും ചേർന്നാണ്.