തിരുവനന്തപുരം: 12-ാമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേള സമാപിച്ചു. മേളയുടെ ലോങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം പങ്കിട്ട് ‘ജനനീസ് ജൂലിയറ്റും’ ‘മോട്ടിഭാഗും’. ഓസ്‌കര്‍ പുരസ്‌കാരത്തിന്റെ കഥേതര മത്സര വിഭാഗത്തിലേക്ക് നേരിട്ടുള്ള പ്രവേശനത്തിന് ഈ ചിത്രങ്ങള്‍ അര്‍ഹത നേടി. രണ്ടു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

പോണ്ടിച്ചേരിയിലെ ഇന്ത്യനോസ്ട്രം എന്ന നാടക ഗ്രൂപ്പ് ജാതി വ്യവസ്ഥ, സമുദായം തുടങ്ങിയ വിഷയങ്ങള്‍ ഷേക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റിലൂടെ അവതരിപ്പിക്കുന്നതാണ് പങ്കജ് ഋഷികുമാറിന്റെ ‘ജനനീസ് ജൂലിയറ്റ്’. കവിയും കര്‍ഷകനുമായ 83 വയസുകാരന്‍ കൃഷിയെ സംരക്ഷിക്കാന്‍ നേരിടുന്ന പ്രതിസന്ധികളാണ് നിര്‍മ്മല്‍ ചന്ദര്‍ ദാന്‍ഡ്രിയാലിന്റെ ‘മോട്ടിഭാഗ്’.

ഈ വിഭാഗത്തിലെ മികച്ച രണ്ടാമത്തെ ചിത്രമായി ആനന്ദ് പട് വര്‍ദ്ധന്റെ ‘റീസണ്‍’ തിരഞ്ഞെടുത്തു. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവുമാണ് പുരസ്‌കാരം. ലോങ് ഡോക്യുമെന്ററി മത്സര വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച 11 ചിത്രങ്ങളില്‍ നിന്നാണ് മികച്ച ചിത്രത്തെ തിരഞ്ഞെടുത്തത്.

ഡോക്യുമെന്റമാഡ്രിഡ് ഉള്‍പ്പെടെ നിരവധി മേളകളുടെ സംഘാടകയും സംവിധായകയുമായ ആന്‍ഡ്രിയ ഗുസ്മാന്‍, ദേശീയ പുരസ്‌കാര ജേതാവ് ഹൗബം പബന്‍ കുമാര്‍, സാമൂഹ്യ പ്രവര്‍ത്തകനും സംവിധായകനുമായ സഞ്ജയ് കക് എന്നിവരടങ്ങിയ ജൂറിയാണ് കഥേതര വിഭാഗത്തിലെ മികച്ച ചിത്രങ്ങളെ തിരഞ്ഞെടുത്തത്.

മേളയുടെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരമായി കഴിഞ്ഞ വര്‍ഷം മുതലാണ് അക്കാദമി ഓഫ് മോഷന്‍ പിക്ച്ചേഴ്സ് ലോങ് ഡോക്യുമെന്ററി മത്സര വിഭാഗത്തിലെ മികച്ച ചിത്രത്തിന് ഓസ്‌കറിന്റെ കഥേതര മത്സര വിഭാഗത്തിലേക്ക് നേരിട്ട് പ്രവേശനം ഏര്‍പ്പെടുത്തിയത്. അനുഷ്‌ക മീനാക്ഷി, ഈശ്വര്‍ ശ്രീകുമാര്‍ എന്നിവരുടെ ‘അപ് ഡൗണ്‍ & സൈഡ്വേയ്സി’നായിരുന്നു കഴിഞ്ഞ വര്‍ഷത്തെ പുരസ്‌കാരം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook