scorecardresearch
Latest News

2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്, പക്ഷേ ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരണം: അനീഷ് ഉപാസന

“എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല. തീയേറ്ററുകൾ ഉണർന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്, സംശയമില്ല. അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി ചേഞ്ച്‌ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല”

Janaki Jaane, Janaki Jaane movie, Janaki Jaane latest updates, Aniesh Upaasana, Jude Anthany Joseph
ജൂഡ് ആന്റണിയും അനീഷ് ഉപാസനയും

ഏറെ നാളുകൾക്കു ശേഷം ഹൗസ് ഫുൾ ഷോകളുമായി കേരളത്തിലെ തിയേറ്ററുകൾ സജീവമാകുന്ന കാഴ്ചയാണ് കാണുന്നത്. ജൂഡ് ആന്റണി സംവിധാനം ചെയ്ത 2018 എന്ന ചിത്രം നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്. ഇതിനകം തന്നെ നൂറു കോടി ക്ലബ്ബിലും ചിത്രം ഇടം നേടി കഴിഞ്ഞു. അതിനിടയിൽ സംവിധായകൻ അനീഷ് ഉപാസന ജൂഡ് ആന്റണിയ്ക്കും 2018ന്റെ നിർമാതാക്കളായ ആന്റോ ജോസഫിനും വേണു കുന്നപ്പിള്ളിയ്ക്കും തീയേറ്റർ ഉടമകൾക്കും എഴുതിയ കത്താണ് ശ്രദ്ധ നേടുന്നത്. 2018നൊപ്പം ചെറിയ ചിത്രങ്ങൾ പ്രദർശിപ്പിക്കാനും ഒരിടം നൽകണം എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കത്തിൽ അനീഷ് ഉപാസന കുറിയ്ക്കുന്നത്.

“ആന്റോ ജോസഫിനും ജൂഡ് ആന്റണിക്കും വേണു കുന്നപ്പള്ളിക്കും തീയേറ്റർ ഉടമകൾക്കുമായി
ഒരു തുറന്ന കത്ത്, ഞാൻ സംവിധാനം ചെയ്ത ജാനകി ജാനേയും കൂടെ സുധി മാഡിസ്സൻ സംവിധാനം ചെയ്ത നെയ്മർ എന്ന സിനിമയും ഷഹദ് സംവിധാനം ചെയ്ത അനുരാഗവും തീയറ്ററുകളിൽ റിലീസായ വിവരം അറിഞ്ഞ് കാണുമല്ലോ.

2018 ഏത് സമയത്ത് കൊണ്ടുപോയി ഇട്ടാലും മലയാളികൾ ഇടിച്ച് കയറിവരും എന്നുള്ളത് എന്നെപോലെ തന്നെ നിങ്ങൾക്കുമറിയാം. ജാനകി ജാനെയുടെ ഷോ ടൈം പലയിടങ്ങളിൽ നിന്ന് മാറ്റുകയും ശേഷം ഉച്ചയ്ക്ക് 1.30 പോലുള്ള സമയങ്ങളിൽ ഒന്നിൽ കൂടുതൽ ഷോസ് തരുകയും( working days) ചെയ്യുന്ന തീയേറ്ററുകളുടെ രീതികൾ വളരെ വിഷമം ഉണ്ടാക്കുന്നതാണ്. എല്ലാവർക്കും 2018 എടുക്കാൻ പറ്റില്ല. തീയേറ്ററുകൾ ഉണർന്നത് 2018 വന്നത് കൊണ്ട് തന്നെയാണ്, സംശയമില്ല. അത് കൊണ്ട് നമ്മുടെ സിനിമയുടെ ഷോ ടൈം ദിനം പ്രതി ചേഞ്ച്‌ ചെയ്യുന്നത് എന്തിനാണെന്ന് മനസ്സിലാവുന്നില്ല. ഉച്ചയ്യ്ക്ക് ഒന്നരയ്ക്കായാലും പുലർച്ചെ 5.30ക്ക് ആയാലും നട്ടപാതിര 12 മണിക്കായാലും 2018 ഓടും. പക്ഷേ ജാനകി ജാനേ പോലുള്ള കൊച്ചു കുടുംബ ചിത്രങ്ങൾ തീയേറ്ററിൽ നിറയണമെങ്കിൽ ഫസ്റ്റ് ഷോയും സെക്കൻ്റ് ഷോയും വേണം. ദയവ് ചെയ്ത് സഹകരിക്കണം. 2018 സിനിമ എടുത്ത് മാറ്റാനല്ല പറയുന്നത്. ഞങ്ങൾക്ക് കൂടി സിനിമ പ്രദർശിപ്പിക്കാൻ ഒരിടം തരാനാണ്. പലവാതിലുകളിൽ മുട്ടിയിട്ടും സാധ്യമല്ലാത്തത് കൊണ്ട് മാത്രമാണ് ഈ തുറന്ന് കത്തെഴുതുന്നത്. പ്രേക്ഷക അഭിപ്രായമുള്ള സിനിമയായിട്ട് പോലും പ്രദർശന സമയം തോന്നിയത് പോലെയാക്കുമ്പോൾ മാനസികമായി ഞങ്ങൾ തളരുകയാണ്. ഇത് നിങ്ങളെപ്പോലുള്ളവരെക്കൊണ്ട് മാത്രം സാധിക്കുന്ന കാര്യമാണ്, മലയാള സിനിമയെ ഉയരങ്ങളിലേക്കെത്തിച്ച നിങ്ങളെക്കൊണ്ട് മാത്രം. ജാനകി ജാനേയും സിനിമ തന്നെയാണ്, ഇനി വരാൻ പോകുന്നതും കൊച്ച് സിനിമകളാണ്, 2018 ഉം സിനിമയാണ്, എല്ലാം ഒന്നാണ് മലയാള സിനിമ! മലയാളികളുടെ സിനിമ! ആരും 2018 ഓളം എത്തില്ലായിരിക്കും. എന്നാലും ഞങ്ങൾക്കൊപ്പവും ഒന്ന് നിന്ന് കൂടെ,” അനീഷ് ഉപാസന കുറിക്കുന്നു.

എസ് ക്യൂബ് ഫിലിംസിന്റെ ബാനറിൽ ഗൃഹലക്ഷ്മി പ്രൊഡക്ഷൻസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. ഉയരെക്ക് ശേഷം എസ് ക്യൂബിന്റെ സാരഥികളായ ഷെനുഗ, ഷെഗ്ന,ഷെർഗ എന്നിവർ നിർമ്മിക്കുന്ന ജാനകി ജാനെയിലെ കേന്ദ്രകഥാപാത്രങ്ങൾ സൈജുകുറുപ്പ് , നവ്യ നായർ, ജോണി ആന്റണി, ഷറഫുദ്ധീൻ, കോട്ടയം നസീർ, അനാർക്കലി, പ്രമോദ് വെളിയനാട്, ജെയിംസ് ഏലിയാ, സ്മിനു സിജോ, ജോർജ് കോര, അഞ്ജലി സത്യനാഥ്, സതി പ്രേംജി, ശൈലജ കൊട്ടാരക്കര, അൻവർ, മണികണ്ഠൻ എന്നിവരാണ്.

അതേസമയം, പത്തു ദിവസത്തിനുള്ളിൽ നൂറു കോടി ക്ലബിൽ ഇടം പിടിച്ചിരിക്കുകയാണ് 2018. ഏറ്റവും വേഗത്തിൽ നൂറു കോടി ക്ലബിൽ ഇടം പിടിച്ച മലയാള ചിത്രം 2018 ആണെന്നാണ് ട്രേഡ് അനലിസ്റ്റുകൾ ചൂണ്ടി കാണിക്കുന്നത്. 12 ദിവസം കൊണ്ട് നൂറു കോടി നേടിയ മോഹൻലാൽ ചിത്രം ലൂസിഫറിനെ 2018 മറികടന്നുവെന്നും റിപ്പോർട്ടുകളുണ്ട്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Janaki jaane director aniesh upaasanas open letter to jude anthany joseph