scorecardresearch

അപ്പൻ 16 വർഷം മുൻപു വിടപറഞ്ഞുവെന്നു പറയുമ്പോൾ പലർക്കും ഞെട്ടലാണ്: ജെയിംസ് ചാക്കോയുടെ മകൻ പറയുന്നു

മീശമാധവനിലെ പട്ടാളം പുരുഷു എന്ന കഥാപാത്രം ഇന്നും ട്രോളുകളിലും മറ്റും സജീവസാന്നിധ്യമാണ്

മീശമാധവനിലെ പട്ടാളം പുരുഷു എന്ന കഥാപാത്രം ഇന്നും ട്രോളുകളിലും മറ്റും സജീവസാന്നിധ്യമാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
James Chacko | Pattaalam Purushu

നടൻ ജെയിംസ് ചാക്കോയുടെ ഓർമകളിൽ മകൻ

മീശമാധവനിലെ പട്ടാളം പുരുഷു, പത്രത്തിലെ അരവിന്ദൻ, മറവത്തൂർ കനവിലെ കുട്ടപ്പായി, മേലേപറമ്പിലെ അണ്ണൻ എന്നിങ്ങനെ എത്രയോ കഥാപാത്രങ്ങൾ…. ചിലപ്പോൾ ജെയിംസ് ചാക്കോ എന്ന പേര് പലർക്കും സുപരിചിതമായിരിക്കില്ല, അതിനേക്കാൾ സുപരിചിതം ജെയിംസ് ചാക്കോ സ്ക്രീനിൽ അവതരിപ്പിച്ച കഥാപാത്രങ്ങളെയാവാം.

Advertisment

ആ കഥാപാത്രങ്ങളെല്ലാം ഇന്നും മലയാളികളുടെ മനസ്സിൽ ലൈവായി നിൽക്കുന്നതുകൊണ്ടു തന്നെയാവാം ജെയിംസ് ചാക്കോ ഇന്ന് ഈ ലോകത്തില്ലെന്ന കാര്യം സിനിമാസ്വാദകർ വിസ്മരിച്ചുപോവുന്നത്. ജെയിംസ് ചാക്കോയുടെ ജന്മദിനത്തിൽ മകൻ ജിക്കു ജെയിംസ് ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വൈറലാവുന്നത്.

"ഒക്ടോബർ 16, ഇന്ന് അപ്പന്റെ ജന്മദിനമാണ്. വർഷങ്ങൾ ഇത്രേയുമായിട്ടും മലയാളികളുടെ മനസ്സിൽനിന്ന് മാറാതെ നിൽക്കുന്ന ഒരുപിടി കഥാപാത്രങ്ങൾ ചെയ്തതുകൊണ്ടാവാം, ഇന്നും അറിയുന്ന പലരും അപ്പൻ ഈ ലോകത്തില്ല എന്ന് പറയുമ്പോൾ ഞെട്ടുന്നത്‌. ഈ ലോകത്തോട് വിടപറഞ്ഞിട്ടു 16 കൊല്ലം ആയെങ്കിലും, ആളുകളുടെ മനസ്സിൽ മായാതെ കിടക്കുന്ന ഒരു പിടി നല്ല കഥാപാത്രങ്ങൾ…. ഒരിക്കലും മറക്കാത്ത ഈ കഥാപാത്രങ്ങൾ സമ്മാനിച്ച സിനിമയിലെ സുഹൃത്തുക്കളോട് നന്ദി പറയുന്നു. ഈ ലോകത്തുനിന്ന് വിട്ടുപോയെങ്കിലും ഇപ്പോഴും കൂടെയുണ്ട് എന്ന് ഞാനും വിശ്വസിക്കുന്നു," എന്നാണ് ജിക്കു കുറിച്ചത്. മൂവി സ്ട്രീറ്റ് എന്ന ഫേസ്ബുക് ഗ്രൂപ്പിലാണ് ജിക്കു അപ്പനെ കുറിച്ചുള്ള ഈ ഓർമകുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

കടത്തുരുത്തി സ്വദേശിയായ ജെയിംസ് ചാക്കോ ഏതാണ്ട് 150 ഓളം സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. ആർട്ട് ആൻഡ് പ്രൊഡക്ഷൻ മാനേജരായി സിനിമയിൽ എത്തിയ ജെയിംസ് പിന്നീട് നെടുമുടി വേണുവിന്റെ മാനേജരായി മാറുകയായിരുന്നു. സിനിമയിൽ നിന്നു ലഭിച്ച ബന്ധങ്ങൾ ജെയിംസിനെ ഒരു നടനാക്കി മാറ്റി.

Advertisment

ന്യൂഡൽഹി, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, മീശമാധവൻ, പത്രം, ഒരു മറവത്തൂർ കനവ്, വിയറ്റ്നാം കോളനി, മേലേപ്പറമ്പിൽ ആൺവീട്, ശിവം തുടങ്ങിയ ചിത്രങ്ങളിലെല്ലാം ജെയിംസ് ചാക്കോ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധ നേടി. 2007 ജൂൺ 14ന് ഹൃദയസ്തംഭനത്തെത്തുടർന്നായിരുന്നു ജെയിംസ് അന്തരിച്ചത്.

Memories Actor

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: