മോഡേണ്‍ സിനിമയില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന സംവിധായകനാണ് ജെയിംസ് കാമറൂണ്‍. ലോക സിനിമയില്‍ വിസ്മയങ്ങള്‍ സൃഷ്ടിച്ച അദ്ദേഹത്തിന്റെ അവതാറിന് രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ഇപ്പോഴിതാ അവതാറിന്‍റെ രണ്ടാം ഭാഗം ഉടന്‍ വരുമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് സംവിധായകന്‍. ചിത്രം റിലീസ് ചെയ്തിട്ട് ഒരു ദശാബ്ദം ആകുന്നത് അദ്ദേഹത്തെ ആശങ്കപ്പെടുത്തുന്നുണ്ട്. കാരണം മറ്റൊന്നുമല്ല, പ്രേക്ഷകരുടെ അഭിരുചി മാറിക്കാണുമോ എന്ന സംശയം.

‘ഒരു പ്രത്യേക കാലത്തുളള പ്രേക്ഷകരുടെ പള്‍സ് നോക്കാനുളള കഴിവൊന്നും എന്റെ വിരലുകള്‍ക്കില്ല. ഈ അടുത്ത കാലത്ത് ഏതെങ്കിലും പരിപാടികളോ ചലച്ചിത്രമോ ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ട് തന്നെ സയന്‍സ് ഫിക്ഷന്‍ സിനിമകളെ പ്രേക്ഷകര്‍ ഇന്ന് എങ്ങനെയാണ് നോക്കിക്കാണുന്നതെന്ന് എനിക്ക് അറിയില്ല. അവതാര്‍ രണ്ടും മൂന്നും ഭാഗങ്ങൾ പ്രേക്ഷകര്‍ ഏറ്റെടുക്കുമെങ്കില്‍ 4, 5 ഭാഗങ്ങളൊരുക്കും’, കാമറൂണ്‍ പറഞ്ഞു.

2009 ല്‍ റിലീസ് ചെയ്ത അവതാര്‍ ലോകത്താകമാനം കോടികളാണ് വാരിയത്. അവതാറിന് മൊത്തം അഞ്ചു ഭാഗങ്ങളാണുള്ളതെന്നും സംവിധായകന്‍ വ്യക്തമാക്കി. അവതാറിന്‍റെ രണ്ടും മൂന്നും ഭാഗങ്ങള്‍ ഒരുമിച്ചായിരിക്കും ഷൂട്ട് ചെയുക. ആദ്യ സിനിമയില്‍നിന്നും തികച്ചും വ്യത്യസ്തമായ കഥയും ശൈലിയുമായിരിക്കും ഇനി അവതാര്‍ സിനിമകളില്‍ സ്വീകരിക്കുക. അവതാര്‍ നാലും അഞ്ചും സിനിമയുടെ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങിയിട്ടില്ല. ഇപ്പോള്‍ രണ്ടും മൂന്നും സിനിമകളുടെ ഡിസൈന്‍ ജോലികളാണ് നടക്കുന്നത്.

പുതിയ കഥാപാത്രങ്ങളുടെ രൂപഭാവങ്ങള്‍ അണിയറയില്‍ ഒരുങ്ങുകയാണെന്നും ജെയിംസ് കാമറൂണ്‍ അറിയിച്ചു. മറ്റെല്ലാ ഭാഗങ്ങളും ഒരു വര്‍ഷത്തെ ഇടവേളയില്‍ പുറത്തിറങ്ങുമ്പോള്‍ മൂന്നാം ഭാഗത്തിനു മാത്രമാണ് മൂന്ന് വര്‍ഷത്തെ ഇടവേളയുള്ളത്. മനുഷ്യരും പണ്ടോരയിലെ നവി വംശക്കാരും തമ്മിലുള്ള പോരാട്ടത്തിന്റെ കഥ പറഞ്ഞ അവതാര്‍ 2009ലാണ് ആദ്യമായി കാമറൂണ്‍ വെള്ളിത്തിരയിലെത്തിച്ചത്. 2.7 ദശലക്ഷം ഡോളറാണ് ചിത്രം തിയേറ്ററില്‍ നിന്ന് വാരിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook