സിനിമാ പ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന ജെയിംസ് ബോണ്ട് സീരീസിലെ 25ാം മത്തെ ചിത്രം ‘നോ ടൈം ടു ഡൈ’റിലീസ് മാറ്റിവച്ചു. കൊറോണ വൈറസിനെക്കുറിച്ച് ആഗോളതലത്തിൽ ആശങ്കകൾ പടരുന്ന സാഹചര്യത്തിലാണ് റിലീസ് മാറ്റിവച്ചത്. ഇക്കാര്യം ചിത്രത്തിന്റെ നിർമാതാക്കളായ മൈക്കൽ ജി. വിൽസൺ, ബാർബറ ബ്രൊക്കോളി ട്വിറ്ററിലൂടെ വെളിപ്പെടുത്തിയത്.

‘നോ ടൈം ടു ഡൈ’ 2020 ഏപ്രിൽ 20ന് തിയേറ്റിലെത്തുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ആഗോള തലത്തിൽ കൊറോണ ഭീതി വ്യാപിച്ചനെ റിലീസ് നവംബറിലേക്ക് മാറ്റിവച്ചു. യുകെയിൽ നവംബർ 12നും ആഗോള തലത്തിൽ നവംബർ 25നും ചിത്രം റിലീസ് ചെയ്യുമെന്നാണ് പുതിയ പ്രഖ്യാപനം.

Read More: അത്തരം റോളുകളുമായി ആരും ഇതുവരെ എന്നെ സമീപിച്ചിട്ടില്ല: നസ്രിയ

അന്താരാഷ്ട്ര വിപണികളിൽ നിന്നുള്ള ലാഭത്തിന്റെ ഒരു പ്രധാന ഭാഗം നൽകുന്നത് ബോണ്ട് സിനിമകളാണ്. അവസാന ചിത്രമായ സ്‌പെക്ടർ 2015 ൽ 679 മില്യൺ ഡോളറാണ് വിദേശ തീയറ്ററുകളിൽ നിന്ന് നേടിയത്, ഇതിൽ 84 മില്യൺ ഡോളർ ചൈനയിൽ നിന്നായിരുന്നു.

കൊറോണ വൈറസ് ഹോളിവുഡ് സിനിമാ വ്യവസായത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്. പല സിനിമകളുടേയും ചിത്രീകരണങ്ങളും റിലീസുകളും മാറ്റിവച്ചു. ഒരുപക്ഷെ ജെയിംസ് ബോണ്ട് കഴിഞ്ഞാൽ സിനിമാപ്രേമികള്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരിക്കുന്ന ‘മിഷന്‍ ഇംപോസിബിള്‍ 7’ ഷൂട്ടും കൊറോണ വൈറസ് ആശങ്കയില്‍ നിര്‍ത്തിവെച്ചു. ടോം ക്രൂയിസ് നായകനാവുന്ന സിനിമയുടെ മൂന്ന് ആഴ്ചത്തെ ചിത്രീകരണം ഇറ്റലിയിലെ വെനീസിലായിരുന്നു. ചൈനീസ് സോണിക് ദി ഹെഡ്ജ് ഹോഗിന്റെ റിലീസും സ്റ്റുഡിയോ മാറ്റിവച്ചു.

വാൾട്ട് ഡിസ്നി പിക്ചേഴ്സ് നിർമിക്കുന്ന ആക്ഷൻ ചിത്രം ‘മുലൻ’ന്റെ റിലീസ് ചൈനയിൽ ഉണ്ടാക്കി. ചൈനയിൽ ചിത്രീകരിച്ച ഈ സിനിമയിൽ ചൈനീസ് അമേരിക്കൻ നടി ലിയു യിഫിയും ചൈനീസ് സൂപ്പർതാരങ്ങളായ ജെറ്റ് ലി, ഡോണി യെൻ എന്നിവരുമാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചൈനീസ് ബോക്സോഫീസിൽ വലിയ കുതിപ്പ് മുലൻ പ്രതീക്ഷിച്ചിരുന്നു. ഓസ്കാർ നോമിനേറ്റഡ് സിനിമകളായ ‘1917’, ‘ജോജോ റാബിറ്റ്’ എന്നിവയുടെ ചൈനീസ് പ്രദർശനവും അനിശ്ചിത കാലത്തേക്ക് മാറ്റി.

മെയ് മാസത്തിൽ നടക്കാനിരിക്കുന്ന കാൻ ചലച്ചിത്ര മേളയേയും കൊറോണ എത്തരത്തിൽ ബാധിക്കുമെന്ന ആശങ്ക സിനിമാ ലോകത്തിനുണ്ട്. ഇതേക്കുറിച്ച് സംഘാടകർ കഴിഞ്ഞദിവസം പ്രസ്താവന പുറത്തിറക്കിയിരുന്നു. ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്ന് പ്രസ്താവനയിൽ പറയുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook