തുടർച്ചയായി രണ്ടാം വർഷവും ഗോവയിൽ നടക്കുന്ന ഇന്ത്യ രാജ്യാന്തര ചലച്ചിത്രമേളയിലെ മത്സരവിഭാഗത്തിൽ ഇടം പിടിച്ചിരിക്കുകയാണ് ഒരു മലയാളചിത്രം. കഴിഞ്ഞ വർഷം രജത മയൂരം പുരസ്കാരം നേടിയ ലിജോ ജോസ് പെല്ലിശ്ശേരി തന്നെയാണ് ഇത്തവണയും രാജ്യാന്തര ചലച്ചിത്രമേളയിൽ മലയാളത്തിനെ പ്രതിനിധീകരിക്കുന്നത്. ലിജോയുടെ ‘ജല്ലിക്കട്ട്’ ആണ് സുവർണ മയൂരത്തിനു വേണ്ടി മത്സരിക്കുന്ന ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

കഴിഞ്ഞ വർഷം ‘ഈമയൗ’ ആണ് മികച്ച സംവിധായകനുള്ള രജത മയൂരം ലിജോയ്ക്ക് നേടി കൊടുത്തത്, ഇതേ ചിത്രത്തിലെ അഭിനയം ചെമ്പൻ വിനോദിന് മികച്ച നടനുള്ള പുരസ്കാരവും നേടി കൊടുത്തിരുന്നു. രണ്ടു രജത മയൂരം പുരസ്കാരങ്ങൾ ഒരുമിച്ച് മലയാള സിനിമയ്ക്ക് ലഭിക്കുന്നത് മേളയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായിട്ടായിരുന്നു. അതുകൊണ്ടു തന്നെ, ഇത്തവണ വീണ്ടും ‘ജല്ലിക്കെട്ടു’മായി ലിജോ രാജ്യാന്തരചലച്ചിത്രമേളയിലെത്തുമ്പോൾ പ്രതീക്ഷകൾ ഏറുകയാണ്.

15 ഇന്റർനാഷണൽ ചിത്രങ്ങൾ മാറ്റുരയ്ക്കുന്ന മത്സര കാറ്റഗറിയിൽ ‘ജല്ലിക്കട്ടി’നൊപ്പം മറ്റൊരു ഇന്ത്യൻ ചിത്രം കൂടി ഇടം പിടിച്ചിട്ടുണ്ട്. അനന്ത് മഹാദേവൻ സംവിധാനം ചെയ്ത മറാത്തി ചിത്രമായ ‘മായ് ഘട്ട് ക്രൈം നമ്പർ 103/2005’ ആണ് മത്സര കാറ്റഗറിയിലേക്ക് തെരെഞ്ഞെടുക്കപ്പെട്ട രണ്ടാമത്തെ ഇന്ത്യൻ ചിത്രം. ചിത്രം മറാത്തി ഭാഷയിലാണെങ്കിലും ‘മായ് ഘട്ട് ക്രൈം നമ്പർ 103/2005’ എന്ന ചിത്രത്തിന് മലയാളവുമായി ഒരു ബന്ധമുണ്ട്. മലയാളത്തിൽ നടന്നൊരു കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

കേരളക്കരയാകെ പിടിച്ചുകിലുക്കിയ ഉദയകുമാർ കൊലക്കേസും ഏകമകന് നീതി കിട്ടാന്‍ വേണ്ടി ഉദയകുമാറിന്റെ അമ്മ പ്രഭാവതിയമ്മ നടത്തിയ പതിമൂന്നു വര്‍ഷത്തോളം നീണ്ട സമാനതകളില്ലാത്ത പോരാട്ടവുമാണ് ‘മായ് ഘട്ട് ക്രൈം നമ്പർ 103/2005’ എന്ന ചിത്രം പറയുന്നത്.

തിരുവനന്തപുരം ഫോര്‍ട്ട്‌ പോലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലിരിക്കെയാണ് ഉദയകുമാര്‍ മരണപ്പെടുന്നത്. 2005 സെപ്തംബർ 27ന് മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിയിലെടുത്ത ഉദയകുമാറിനെ അതിഭീകരമായ മൂന്നാംമുറയിലൂടെ ഇരുമ്പുപൈപ്പു കൊണ്ട് അടിച്ചും ഉരുട്ടിയുമാണ് കൊലപ്പെടുത്തിയത്.

കേരളം കണ്ട വലിയ നിയമപോരാട്ടങ്ങളില്‍ ഒന്നായിരുന്നു, മകനു നീതി കിട്ടാനായി പ്രഭാവതിയമ്മ നടത്തിയത്. കേസ് അട്ടിമറിക്കാന്‍ പല കോണുകളില്‍ നിന്നും ഉള്ള ശ്രമങ്ങളെ (പ്രധാന സാക്ഷി ഉള്‍പ്പടെ കൂറി മാറി) വെല്ലുവിളിച്ച്, ചെരുപ്പിടാത്ത കാലും, വെള്ളമുണ്ടും നേര്യതും ധരിച്ചു, കൈയ്യിലൊരു കുടയുമായി പ്രഭാവതിയമ്മ ഒരു വ്യാഴവട്ടക്കാലം കോടതി കയറിയിറങ്ങി. മകനെ കൊന്നവര്‍ക്ക് ശിക്ഷ കിട്ടിയിട്ടേ ഇനി അമ്പലത്തില്‍ കയറുകയുള്ളൂ എന്നും ആ അമ്മ ശപഥം ചെയ്തിരുന്നു. ഒടുവില്‍ സത്യം ജയിച്ചു. ഉദയകുമാര്‍ ഉരുട്ടിക്കൊല കേസില്‍ അഞ്ച് പൊലീസുകാരും കുറ്റക്കാരെന്ന് കോടതി വിധി വന്നു. അതില്‍ രണ്ട് പേര്‍ക്ക് വധശിക്ഷയും വിധിച്ചു.

Read more: ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രഭാവതിയമ്മയുടെ പോരാട്ടം സിനിമയാകുമ്പോള്‍

പ്രഭാവതിയമ്മയുടെ ജീവിതമാണ് ‘മായി ഘാട്ട്’ എന്ന ചിത്രത്തിലൂടെ അനന്ത് മഹാദേവന്‍ പറയുന്നത്. ഉദയകുമാര്‍ കൊലക്കേസിലെ ചരിത്ര വിധി പത്രത്താളുകളിലൂടെ അറിഞ്ഞ സംവിധായകന്‍ പ്രഭാവതിയമ്മയുടെ അനുഭവം സിനിമയാക്കാൻ തീരുമാനിക്കുകയായിരുന്നു.

ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് ഇന്ത്യ (ഐഎഫ്എഫ്ഐ)യുടെ സുവർണ ജൂബിലി പതിപ്പാണ് ഇത്തവണ നടക്കുന്നത്. നവംബർ 20 മുതൽ 28 വരെയാണ് മേള. അക്കാദമി പ്രസിഡന്റ് ജോൺ ബെയ്‌ലിയും ഈ വർഷത്തെ മേളയിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. കരൺ ജോഹർ, സിദ്ധാർത്ഥ് റോയ് കപൂർ, ഫിറോസ് അബ്ബാസ് ഖാൻ, സുഭാഷ് ഗായ് എന്നിവരാണ് ഐ എഫ് എഫ് ഐ സുവർണ ജൂബിലി പതിപ്പിന്റെ സ്റ്റിയറിംഗ് കമ്മറ്റിയിലെ അംഗങ്ങൾ. ചലച്ചിത്ര മേള ഡയറക്ടറേഴ്സും സർക്കാറിന്റെ നിയന്ത്രണത്തിലുള്ള ഗോവ എന്റർടെയിൻമെന്റ് സൊസൈറ്റിയും ചേർന്നാണ് ഐ എഫ് എഫ് ഐ സംഘടിപ്പിക്കുന്നത്.

Read more: 50 Golden Years of IFFI: സുവർണ ജൂബിലി നിറവിൽ ഐഎഫ്എഫ്ഐ2019/

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook