scorecardresearch

ഓസ്കാറില്‍ ഇന്ത്യയുടെ കൊടിപാറിക്കാന്‍ മലയാളത്തിന്റെ ‘ജല്ലിക്കട്ട്’

മികച്ച വിദേശ ഭാഷാ ചിത്രത്തിലേക്കുള്ള ഇന്ത്യയുടെ ‘നോമിനേഷന്‍’ ആയി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചിത്രം ‘ജല്ലിക്കെട്ട്’ തെരഞ്ഞെടുക്കപ്പെട്ടത്

ഓസ്കാറില്‍ ഇന്ത്യയുടെ കൊടിപാറിക്കാന്‍ മലയാളത്തിന്റെ ‘ജല്ലിക്കട്ട്’

Oscar 2021: 93-ാമത് അക്കാദമി പുരസ്കാരങ്ങളിലെ (ഓസ്കാര്‍) മികച്ച വിദേശ ഭാഷാ ചിത്രത്തിലേക്കുള്ള ഇന്ത്യയുടെ ‘നോമിനേഷന്‍’ ആയി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത മലയാള ചിത്രം ‘ജല്ലിക്കെട്ട്’ തെരഞ്ഞെടുക്കപ്പെട്ടു.

ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ (എഫ് എഫ് ഐ) 14 അംഗ സമിതിയാണ് തെരഞ്ഞെടുപ്പ് നടത്തിയത്. സംവിധായകന്‍ രാഹുല്‍ രവൈല്‍ അധ്യക്ഷത വഹിച്ച കമ്മിറ്റിയില്‍ അഭിഷേക് ഷാ, അതാണു ഘോഷ്, സി ഉമാമഹേശ്വരറാവു, ജയേഷ് മോര്‍, കലൈപ്പുലി എസ് താണു, നീരജ് ഷാ, നിരവ് ഷാ, പി ശേഷാദ്രി, പ്രഭുദ്ധ ബാനെര്‍ജീ, ശര്‍ബാണി ദാസ്‌, സത്രൂപ സന്യാല്‍, ശ്രീനിവാസ് ഭാനഗെ, വിജയ്‌ കൊച്ചിക്കര്‍ എന്നിവരാണ് മറ്റു അംഗങ്ങള്‍.

93-ാമത് ഓസ്കാർ പുരസ്കാരങ്ങൾ 2021 ഏപ്രിൽ 25ന് പ്രഖ്യാപിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഫെബ്രുവരിയിൽ നടക്കേണ്ടിയിരുന്ന പുരസ്കാരപ്രഖ്യാപനം ഏപ്രിൽ മാസത്തേക്ക് നീട്ടുകയായിരുന്നു.

എസ് ഹരീഷിന്റെ ‘മാവോയിസ്റ്റ്’ എന്ന കഥയെ അടിസ്ഥാനമാക്കിയ ജല്ലിക്കട്ടിന്റെ തിരക്കഥ രചിച്ചത് എസ് ഹരീഷ്, ആര്‍ ജയകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ്.  ആന്റണി വർഗീസ് പെപ്പെ, ചെമ്പൻ വിനോദ് ജോസ്, സാബുമോൻ അബ്ദുസമദ്, ശാന്തി ബാലചന്ദ്രൻ​ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ജല്ലിക്കട്ട്’ നിരവധി വിദേശ ചലച്ചിത്രമേളകളിലും മികച്ച പ്രതികരണങ്ങൾ ചിത്രം നേടിയിരുന്നു.

 

Read more: ആള്‍ക്കൂട്ടത്തിന്റെ ആരവം: ‘ജല്ലിക്കട്ടി’ന്റെ ശബ്ദലോകം

Jallikkattu Movie Review: ‘ജല്ലിക്കെട്ടി’ലെ നായകന്‍ ഒരു പോത്താണ്

മനുഷ്യനിലെ ‘മൃഗ’ത്തിന്റെ തൊലിയടര്‍ത്തിയെടുത്ത് ഉണങ്ങാനിടുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി എന്ന ‘ക്രേസി’യായ സംവിധായകന്‍. കശാപ്പുശാലയിലെ കത്തിമുനയില്‍ നിന്നും പ്രാണരക്ഷാര്‍ത്ഥം ജീവനും കൊണ്ടോടുന്ന ഒരു പോത്താണ് ‘ജല്ലിക്കെട്ടി’ലെ നായകന്‍. വിരണ്ടു കൊണ്ടുള്ള  ജീവന്‍-മരണപാച്ചിലിനിടയില്‍ ഒരു നാടിനു തന്നെ പോത്ത് ഭീഷണിയാവുകയാണ്. നാട്ടിലെ ക്രമസമാധാനം തകര്‍ക്കുന്ന, നാട്ടുകാരുടെ ഉറക്കം കളയുന്ന  പോത്തിനു പിറകെ നില്‍ക്കാതെ ഓടികൊണ്ടിരിക്കുന്ന ഒരു കൂട്ടം മനുഷ്യര്‍. ഒരൊറ്റ വരിയില്‍ പറഞ്ഞു തീര്‍ക്കാവുന്ന ഒരു കഥാതന്തുവിനെ ഒരു മണിക്കൂര്‍ മുപ്പതു മിനിറ്റ് ശ്വാസമടക്കിപിടിച്ച് കണ്ടിരിക്കാവുന്ന ദൃശ്യാനുഭവമാക്കി മാറ്റുകയാണ് ലിജോ.

വന്യതയാണ് ജെല്ലിക്കെട്ടിന്റെ ഓരോ ഫ്രെയിമിനെയും സുന്ദരമാക്കുന്നത്. മനുഷ്യര്‍ക്ക് ഉള്ളിലെ മൃഗത്തെ കുറിച്ചും മൃഗതൃഷ്ണകളെ കുറിച്ചും ആള്‍കൂട്ട  മനശാസ്ത്രത്തെ കുറിച്ചുമൊക്കെ ലിജോ സംസാരിക്കുന്നത് നീണ്ട സംഭാഷണശകലങ്ങളിലൂടെയല്ല, പോത്തിനു പിറകെ ഓടുന്ന മനുഷ്യരുടെ കിതപ്പുകള്‍, ദ്രുതചലനങ്ങള്‍, ശരീരഭാഷ അതിലൂടെയൊക്കെ സ്വയം പ്രേക്ഷകനു മനസ്സിലാക്കിയെടുക്കാവുന്ന രീതിയിലാണ് ‘ജെല്ലിക്കെട്ടി’ന്റെ ദൃശ്യഭാഷയൊരുക്കപ്പെട്ടിരിക്കുന്നത്.

പേരുകള്‍ പോലും പ്രസക്തമല്ലാത്ത ഒരുപറ്റം മനുഷ്യര്‍ സ്‌ക്രീനില്‍ തലങ്ങും വിലങ്ങും ഓടുമ്പോള്‍, ആണത്ത ആഘോഷങ്ങളുടെ കൊടിപിടിച്ച് പ്രേക്ഷകനും ആ ആള്‍ക്കൂട്ടത്തിനൊപ്പം ഓടി തുടങ്ങും. വീറ്, വാശി, പരാജയബോധം, അപമാനം, കീഴ്‌പ്പെടുത്താനുള്ള ത്വര തുടങ്ങി മനുഷ്യനിലെ എല്ലാ വന്യതകളും പുറത്തു ചാടുമ്പോള്‍ മനുഷ്യനും മൃഗത്തിനും ഇടയിലുള്ള വേര്‍ത്തിരിവിന്റെ ലക്ഷ്മണരേഖകളെല്ലാം മായ്ക്കപ്പെടുകയാണ്.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Jallikattu indias official oscar entry 2021

Best of Express