ദളിത് രാഷ്ട്രീയം പ്രമേയമാക്കി ടി.ജെ. ജ്ഞാനവേല്‍ ഒരുക്കിയ സിനിമയാണ് ‘ജയ് ഭീം’. ആമസോണ്‍ പ്രൈമില്‍ റിലീസ് ചെയ്ത ചിത്രം പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു. കടുത്ത ജാതിവെറിയുടേയും മാറ്റി നിർത്തപ്പെടുന്ന ദളിത് ജനതയുടേയും കഥ പറയുന്ന ചിത്രത്തിലെ ചില രംഗങ്ങൾ വണ്ണിയർ സമുദായത്തെ അപമാനിക്കുന്ന രീതിയിൽ ഉള്ളതാന്നെന്നും സമുദായത്തിന്റെ വികാരങ്ങൾ വ്രണപ്പെടുത്തി എന്നുമുള്ള ആരോപണങ്ങളാണ് ഇപ്പോൾ ചിത്രത്തിന് നേരെ ഉയരുന്നത്.
ജയ് ഭീമിനെതിരെയുള്ള ആക്രമണത്തിന് നേതൃത്വം നൽകുന്നത് പിഎംകെ നേതാവും മുൻ കേന്ദ്രമന്ത്രിയുമായ അന്‍പുമണി രാമദാസാണ്. ജയ് ഭീമിനെതിരെ രംഗത്തുവന്ന അന്‍പുമണി ചിത്രത്തിന്റെ നിര്‍മാതാവുകൂടിയായ നടന് സൂര്യ മൗനം വെടിയണമെന്നാവശ്യപ്പെട്ട് കത്തയക്കുകയും ചെയ്തിരുന്നു. സിനിമയിലെ ചില രംഗങ്ങൾ വണ്ണിയർ സമുദായത്തിന്റെ വികാരം വ്രണപ്പെടുത്തിയെന്നാണ് ചിത്രത്തിന് നേരെ ഉയരുന്ന പ്രധാന ആരോപണം. അതേസമയം, 5 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ചിത്രത്തിന്റെ നിർമ്മാതാവ് കൂടിയായ സൂര്യയ്ക്ക് വണ്ണിയർ സംഘം വക്കീൽ നോട്ടീസ് അയച്ചിട്ടുമുണ്ട്. സൂര്യയും ജ്യോതികയും സംവിധായകന് ടി.ജെ. ജ്ഞാനവേലും, ആമസോണുമടക്കം പ്രസ്തുത വിഷയത്തിൽ മാപ്പ് പറയണമെന്നും വണ്ണിയാര്‍ സമുദായം ആവശ്യപ്പെടുന്നു.
അതേസമയം, ജയ് ഭീമിനെതിരെ ഉയരുന്ന ആരോപണങ്ങളോട് പ്രതികരിച്ചുകൊണ്ടും സൂര്യയ്ക്ക് പിന്തുണ പ്രഖ്യാപിച്ചും രംഗത്ത് വന്നിരിക്കുകയാണ് സംവിധായകൻ വെട്രിമാരൻ, ലോകേഷ് കനകരാജ്, നടന്മാരായ പ്രകാശ് രാജ്, സത്യരാജ് എന്നിവർ.
“ശരിയായ കാര്യം ചെയ്തതിന് ആരെയും താഴ്ത്തിക്കെട്ടാൻ കഴിയില്ല
താരപദവിയെ പുനർനിർവചിക്കുന്ന ഒരു താരമാണ് സൂര്യ, ”സാമൂഹിക അനീതിയെയും ജാതി വ്യവസ്ഥയെയും കുറിച്ച് സിനിമകൾ നിർമ്മിക്കുന്നതിൽ പ്രശസ്തനായ സംവിധായകൻ വെട്രിമാരൻ ട്വീറ്റ് ചെയ്തു.
“ഇരകളുടെ ദുരവസ്ഥ ലോകത്തെ അറിയിക്കാനായി ഇത്തരമൊരു സിനിമ ഒരുക്കിയ സംവിധായകൻ ജ്ഞാനവേലിന്റെ പ്രതിബദ്ധതയും, സാമൂഹിക അനീതിക്കെതിരെയുള്ള സൂര്യയുടെ നിരന്തര ശ്രമങ്ങളും ശരിക്കും പ്രചോദനകരമാണ്. നിലവിലെ സ്ഥിതി മാറാൻ ആഗ്രഹിക്കാത്തവരിൽ ഈ സിനിമകൾ അസ്വസ്ഥത ഉണ്ടാക്കുന്നത് സ്വാഭാവികം മാത്രമാണ്. ഒരു സമൂഹത്തിലെ അസമത്വങ്ങളെയും അനീതികളെയും ചോദ്യം ചെയ്യുന്ന സിനിമകളും സാമൂഹിക നീതിയിലേക്കുള്ള ആയുധങ്ങളാണ്. ജയ് ഭീമിന്റെ മുഴുവൻ ടീമിനൊപ്പം ഞങ്ങൾ നിലകൊള്ളുന്നു,” വെട്രിമാരൻ കൂട്ടിച്ചേർത്തു.
ദക്ഷിണേന്ത്യൻ ഫിലിം ചേംബർ ഓഫ് കൊമേഴ്സ്, തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ, നടിഗർ സംഘം എന്നിവയുൾപ്പെടെയുള്ള പ്രമുഖ തമിഴ് സിനിമാ അസോസിയേഷനുകളും സൂര്യയ്ക്കെതിരായ ആക്രമണത്തെ എതിർത്തു രംഗത്തുണ്ട്. ലോകേഷ് കനകരാജ്, നടന്മാരായ പ്രകാശ് രാജ്, സത്യരാജ് എന്നിവരും ഈ വിഷയത്തിൽ സൂര്യയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്.
“സാമൂഹിക മാറ്റത്തിന് പ്രേരണ നൽകാനുള്ള ശ്രമങ്ങളുടെ ഭാഗമായുള്ള ഒരു സൃഷ്ടിയാണ് ജയ് ഭീം. സമൂഹത്തിലെ ക്രിയാത്മകമായ മാറ്റത്തിന് എതിരു നിൽക്കുന്നതും സൂര്യയ്ക്ക് എതിരെയുള്ള അക്രമത്തെ പ്രോത്സാഹിപ്പിക്കുന്നതും തെറ്റാണ്. ഈ പ്രവണത തുടർന്നാൽ, സിനിമയുടെ ചിത്രീകരണത്തിന് മുമ്പ് സിനിമാ പ്രവർത്തകർ രാഷ്ട്രീയക്കാരുടെ വീടിന് വെളിയിൽ അവരുടെ അനുമതിയ്ക്കായി കാത്തിരിക്കേണ്ടി വകും. കലാസ്വാതന്ത്ര്യത്തെ ഹനിക്കാതെ കലയെ കലയായി നിലകൊള്ളാൻ അനുവദിക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം, ”തമിഴ് ഫിലിം ആക്റ്റീവ് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ പ്രസിഡന്റും മുതിർന്ന ചലച്ചിത്ര നിർമ്മാതാവുമായ ഭാരതിരാജ പറഞ്ഞു.
നേരത്തെ, അൻപുമണി രാമദാസിന്റെ തുറന്ന കത്തിനോട് പ്രതികരിച്ചുകൊണ്ട്, ജയ് ഭീം മുന്നോട്ട് വയ്ക്കുന്ന ഗൗരവമേറിയ വിഷയത്തെ രാഷ്ട്രീയ ഉദ്ദേശങ്ങളോടെ നേർപ്പിക്കരുതെന്ന് സൂര്യ അഭ്യർത്ഥിച്ചിരുന്നു. ഒരു സമുദായത്തെയും അപമാനിച്ച് പബ്ലിസിറ്റി നേടാൻ തനിക്ക് ഉദ്ദേശ്യമില്ലെന്നും താരം വ്യക്തമാക്കിയിരുന്നു.
“നിങ്ങളുടെ കത്തിൽ പറഞ്ഞതുപോലെ, ഏതെങ്കിലും ജാതിയെയോ സമുദായത്തെയോ അധിക്ഷേപിക്കാൻ സിനിമയിലെ ആർക്കും ഉദ്ദേശമില്ലായിരുന്നു. ചിലർ ചൂണ്ടിക്കാണിച്ച ചെറിയ പിഴവ് പോലും ഞങ്ങൾ തിരുത്തിയത് നിങ്ങൾ ഓർക്കുമെന്ന് കരുതുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ പേരിൽ ഒരു സമുദായത്തെയും ദ്രോഹിക്കാൻ ആർക്കും അവകാശമില്ലെന്ന താങ്കളുടെ കത്തിലെ പ്രസ്താവനയോട് ഞാൻ യോജിക്കുന്നു. അതുപോലെ, അഭിപ്രായസ്വാതന്ത്ര്യം എല്ലായ്പ്പോഴും ആക്രമണങ്ങളിൽ നിന്ന് സംരക്ഷിക്കപ്പെടണമെന്നതിനോടും നിങ്ങൾ യോജിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നു,” സൂര്യ തന്റെ പ്രസ്താവനയിൽ പറഞ്ഞതിങ്ങനെ.
മദ്രാസ് ഹൈക്കോടതിയിൽ നിന്ന് വിരമിച്ച ജഡ്ജ് കെ ചന്ദ്രു, അതേ കോടതിയിൽ അഭിഭാഷകനായിരിക്കെ ഏറ്റെടുത്ത് വാദിച്ച് വിജയം നേടിയ ഒരു യഥാർത്ഥ കേസാണ് ‘ജയ് ഭീം’ എന്ന സിനിമയ്ക്ക് പിന്നിലുള്ള പ്രചോദനം. ഈ മാസം ആമസോൺ പ്രൈമിൽ റിലീസ് ചെയ്ത ചിത്രത്തിന് വമ്പിച്ച സ്വീകാര്യതയാണ് ലഭിച്ചത്.