സൂര്യ നായകനായ ‘ജയ് ഭീം‘, മോഹൻലാൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’ എന്നീ സിനിമകൾ ഓസ്കർ നോമിനേഷനുള്ള പരിഗണന പട്ടികയിൽ. മികച്ച ഫീച്ചര്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഈ സിനിമകൾ ഉള്‍പ്പെട്ടിരിക്കുന്നത്. 276 ചിത്രങ്ങള്‍ ഈ പട്ടികയില്‍ ഇടം നേടിയിട്ടുണ്ട്.
ജനുവരി 27 നാണ് നോമിനേഷനുള്ള വോട്ടിങ് തുടങ്ങുക. ഫെബ്രുവരി ഒന്നിന് അവസാനിക്കും. ഫെബ്രുവരി 8 നാണ് നോമിനേഷനിൽ ഇടം നേടിയ ചിത്രങ്ങളുടെ പട്ടിക പ്രഖ്യാപിക്കുക. മാർച്ച് 27 നാണ് 94-ാമത് ഓസ്കർ പുരസ്കാരങ്ങളുടെ പ്രഖ്യാപനം.
ദലിത് രാഷ്ട്രീയം പ്രമേയമാക്കി ടി.ജെ. ജ്ഞാനവേല്‍ ഒരുക്കിയ സിനിമയാണ് ‘ജയ് ഭീം’. കടുത്ത ജാതിവെറിയുടേയും മാറ്റി നിർത്തപ്പെടുന്ന ദലിത് ജനതയുടേയും കഥ പറയുന്നതാണ് സിനിമ. മദ്രാസ് ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതാനുഭവങ്ങളാണ് ചിത്രത്തിൽ പ്രതിപാദിക്കുന്നത്. സൂര്യയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.
പ്രിയദർശൻ- മോഹൻലാൽ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രമാണ് ‘മരയ്ക്കാർ അറബിക്കടലിന്റെ സിംഹം’. നൂറുകോടി മുതൽ മുടക്കിൽ ഒരുക്കിയ ചിത്രത്തിൽ മോഹൻലാൽ, മഞ്ജു വാര്യര്‍, അര്‍ജുന്‍, സുനില്‍ ഷെട്ടി, സിദ്ദിഖ്, പ്രഭു, ബാബുരാജ്, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, പ്രണവ് മോഹന്‍ലാല്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്നിരുന്നു. സാമൂതിരി രാജവംശത്തിന്റെ നാവികമേധാവിയായിരുന്ന കുഞ്ഞാലി മരക്കാറുടെ കഥയാണ് ചിത്രം പറയുന്നത്.
Read More: ‘വന്നു പോകും,’ പാട്ട് പാടി മോഹൻലാലും പൃഥ്വിയും; ബ്രോ ഡാഡി ടൈറ്റിൽ സോങ്