മുംബൈ: പ്രശസ്ത ചലച്ചിത്ര താരം ബിദിഷ ബെസ്ബരുവയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കഴിഞ്ഞയാഴ്ച്ച റിലീസായ രണ്‍ബീര്‍ കപൂര്‍ ചിത്രം ജഗ്ഗാ ജാസൂസില്‍ അഭിനയിച്ച നടിയാണ് ബിദിഷ.

ഗുവാഹത്തിയിലെ ഉസാൻ ബസാർ സ്വദേശിയായ ബിദിഷ ആസാമിലെ അറിയപ്പെടുന്ന ഗായിക കൂടിയാണ്. സ്വന്തം ഫ്ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടി ആത്മഹത്യ ചെയ്തതാണെന്നാണ് നിഗമനം.
നിരവധി സ്റ്റേജ് ഷോകളും അവതരിപ്പിച്ച് പ്രേക്ഷകര്‍ക്ക് പരിചയമുളള താരമാണ് ബിദിഷ. മുംബൈയില്‍ നിന്നും ഈയടുത്താണ് നടി ഗുഡ്ഗാവിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.

ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഇവിടെ വാടകയ്ക്കാണ് നടി താമസിക്കുന്നത്. പിതാവിന്റെ ഫോണ്‍കോളുകള്‍ നടി എടുക്കാന്‍ തയ്യാറായിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. മകള്‍ ഫോണ്‍ എടുക്കാത്തതിനെ തുടര്‍ന്ന് പിതാവ് അറിയിച്ചത് പ്രകാരമാണ് പൊലീസ് നടിയുടെ ഫ്ളാറ്റിലെത്തിയത്.

എന്നാല്‍ ഗേറ്റും വാതിലും അകത്ത് നിന്നും ലോക്ക് ചെയ്ത നിലയിലായിരുന്നു. വാതില്‍ പൊളിച്ച് പൊലീസ് അകത്തുകടന്നപ്പോഴാണ് ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ നടിയെ കണ്ടെത്തിയത്. നടിയുടേത് പ്രണയവിവാഹം ആയിരുന്നെന്ന് പിതാവ് പൊലീസിനോട് പറഞ്ഞു. എന്നാല്‍ ഭര്‍ത്താവുമായി പൊരുത്തപ്പെട്ട് പോകാന്‍ കഴിയാത്ത സാഹചര്യം ആയിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ ഭർത്താവിന്റെ ചില അവിഹിത ബന്ധങ്ങളെക്കുറിച്ച് താരം മാതാപിതാക്കളോട് പരാതിപ്പെട്ടിരുന്നതായും വിവരമുണ്ട്. പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തി വരികയാണ്. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിൽ താരത്തിന്റെ ഭർത്താവിനെതിരെ കേസെടുത്തിട്ടുണ്ട്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ