ജഗതി ശ്രീകുമാറിന്റെ മകളും അവതാരകയും ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏവരുടെയും പ്രിയങ്കരിയുമായ ശ്രീലക്ഷ്മി ശ്രീകുമാർ വിവാഹിതയായി. ഉത്തരേന്ത്യൻ രീതിയിലുള്ള വസ്ത്രമണിഞ്ഞ് ബോളിവുഡ് താരസുന്ദരിമാരെ പോലെ തിളങ്ങിയാണ് ശ്രീലക്ഷ്മി ജിജിനെ വിവാഹം കഴിച്ചത്.
Read More: ഭക്ഷണവും യാത്രകളും ഞങ്ങളെ അടുപ്പിച്ചു; പ്രണയം വെളിപ്പെടുത്തി ജഗതിയുടെ മകൾ
അഞ്ചുവർഷത്തെ നീണ്ട പ്രണയത്തിനൊടുവിലാണ് ശ്രീലക്ഷ്മിയുടെ വിവാഹം. ദുബായിൽ സ്ഥിരതാമസമാക്കിയ കോമേഴ്സ്യൽ പൈലറ്റായ ജിജിൻ ജഹാംഗീറാണ് വരൻ. കൊല്ലം സ്വദേശിയായ ജിജിനും കുടുംബവും ദുബായിൽ സ്ഥിരതാമസമാക്കിയവരാണ്. നവംബർ 17 ന് കൊച്ചിയിലെ ഗ്രാൻഡ് ഹയാത്തിലായിരുന്നു വിവാഹം.
എറണാകുളത്ത് സേക്രഡ് ഹാർട് കോളേജിൽ പഠിക്കുമ്പോൾ ഫ്ളാറ്റിലെ അയൽക്കാരനായിരുന്നു ജിജിനും കുടുംബവുമെന്നും ആ സൗഹൃദമാണ് പിന്നീട് പ്രണയമായി മാറിയതെന്നും ശ്രീലക്ഷ്മി പറയുന്നു.
“ഭക്ഷണവും ഡ്രൈവിങ്ങുമാണ് ഞങ്ങൾ ഏറ്റവും ഇഷ്ടപ്പെടുന്നത്. ഞങ്ങളെ കൂടുതൽ അടുപ്പിച്ചതും അതു തന്നെയാണ്. പരസ്പരം ഇഷ്ടമാണെന്ന് പറഞ്ഞശേഷം ഈ വിവരം ആരും അറിയാതെ സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ ഉത്തരവാദിത്തം. ജിജിന്റെ വീട്ടിലാണെങ്കിൽ എന്നെ ഒരു മകളെ പോലെയാണ് കാണുന്നത്. എല്ലാ സ്വാതന്ത്ര്യവും അവിടെയുണ്ട്. എന്നെ ആദ്യമായി ദുബായ് കാണിക്കാൻ കൊണ്ടുപോകുന്നത് ജിജിന്റെ മമ്മിയും ഡാഡിയുമാണ്. വെക്കേഷൻ സമയത്ത് പത്തു ദിവസം ഞാൻ വിസിറ്റിങ് വിസയിൽ ദുബായിൽ വന്നു. അന്നു പ്രണയം പൂത്തുനിൽക്കുന്ന സമയമാണെങ്കിലും അതൊന്നും പുറത്തുകാണിക്കാൻ പറ്റില്ലല്ലോ. ആ പത്തുദിവസവും ജിജിൻ ദുബായിലെ വിവിധ രുചികൾ പരിചയപ്പെടുത്തി തന്നു,” വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീലക്ഷ്മി പറഞ്ഞു.
സോഷ്യൽ മീഡിയയിൽ ജിജിന്റെ കൈചേർത്തു പിടിച്ചുകൊണ്ടുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് ശ്രീലക്ഷ്മി കുറിച്ചതിങ്ങനെ:
‘ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ ഹൃദയം നിനക്ക് തണലും എന്റെ കൈ നിനക്ക് വീടുമായിരിക്കും.’–ഭാവിവരന്റെ കൈ ചേര്‍ത്ത് പിടിച്ച് നില്ക്കുന്ന ചിത്രം പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു. വൈകാതെ തന്നെ ഞാന്‍ മിസിസ് ആവുമെന്നും നിങ്ങളുടെ എല്ലാവരുടെയും പ്രാര്‍ഥനയും അനുഗ്രഹവും ഉണ്ടായിരിക്കണമെന്നും നടി കുറിച്ചു.
അവതാരകയായും നായികയായും വെള്ളിത്തിരയില്‍ തിളങ്ങിയ ശ്രീലക്ഷ്മി ഒമാനിലെ ഒരു പ്രമുഖ മെഡിക്കല്‍ ഗ്രൂപ്പിന്റെ മാര്‍ക്കറ്റിങ് രംഗത്ത് ജോലി ചെയ്യുകയാണ് ഇപ്പോൾ.