മ്മൂട്ടിയുടെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളെടുക്കുമ്പോൾ ആർക്കും വിസ്മരിച്ചു കളയാനാവാത്ത ഒന്നാണ് സേതുരാമയ്യർ സിബിഐ. കുറ്റാന്വേഷണസിനിമകളുടെ പുത്തൻ സാധ്യതകൾ കാണിച്ചുതന്ന് മലയാളിയെ ആകാംക്ഷഭരിതരാക്കിയ സിനിമകളാണ് സിബിഐ കഥകളിലൂടെ നമ്മൾ കണ്ടത്. സിബിഐ അഞ്ചാം ഭാഗത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ഇപ്പോൾ സിനിമാസ്വാദകർ.
എസ് എന്‍ സ്വാമി- കെ മധു- മമ്മൂട്ടി കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ടൈറ്റിൽ മോഷൻ പോസ്റ്റർ പുറത്തിറക്കിയത്. ഇപ്പോഴിതാ, ചിത്രത്തിൽ നടൻ ജഗതി ശ്രീകുമാറും ജോയിൻ ചെയ്തിരിക്കുകയാണ്.
സിബിഐയുടെ പ്രഖ്യാപനം മുതൽ തന്നെ ആരാധകർ ചോദിച്ചിരുന്ന ചോദ്യമായിരുന്നു മുൻ പതിപ്പുകളിൽ ഉണ്ടായിരുന്ന ജഗതിയുടെ വിക്രം എന്ന കഥാപാത്രം ഇതിലും ഉണ്ടാകുമോ എന്നത്. ആ ചോദ്യങ്ങൾക്കാണ് ഇപ്പോൾ വിരാമമിട്ടിരിക്കുന്നത്. വാഹനാപകടത്തെ തുടർന്ന് സിനിമയിൽ നിന്ന് വിട്ടു നിന്ന ജഗതിയുടെ മടങ്ങി വരവ് കൂടിയാണിത്.
‘സേതുരാമയ്യരായി മമ്മൂട്ടി അഭിനയിക്കുമ്പോള്‍, ചാക്കോ ആയി മുകേഷ് അഭിനയിക്കുമ്പോള്‍ ഞങ്ങളുടെ വിക്രവും അവരോടൊപ്പം എത്തിയിരിക്കും. അതിന് ഈശ്വരനോട് നന്ദി പറയുകയാണ്,’. സംവിധായകൻ മധു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ശക്തമായ കഥാപാത്രം തന്നെയാകും ജഗതിയുടേത് എന്ന് തിരക്കഥകൃത്ത് എസ്.എൻ സ്വാമി പറഞ്ഞു.
മമ്മൂട്ടി, മുകേഷ് എന്നിവരെ കൂടാതെ രഞ്ജി പണിക്കർ, സൗബിൻ ഷാഹിർ, ആശ ശരത്, സായി കുമാർ എന്നിവരും ചിത്രത്തിലുണ്ടാവുമെന്ന് മുൻപു തന്നെ വാർത്തകൾ വന്നിരുന്നു.
ഒരു സിബിഐ ഡയറിക്കുറിപ്പ്, ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളെല്ലാം മുൻപ് ബോക്സ് ഓഫീസിൽ വിജയം നേടിയിരുന്നു. വിജയചിത്രങ്ങളുടെ ഫോർമുല വീണ്ടും ആവർത്തിക്കുന്നതിനൊപ്പം തന്നെ മമ്മൂട്ടിയെ കുശാഗ്രബുദ്ധിയുള്ള സിബിഐ ഓഫീസറായി വീണ്ടും സ്ക്രീനിൽ കാണാൻ സാധിക്കും എന്ന ആവേശത്തിലാണ് മമ്മൂട്ടി ആരാധകർ. മുൻപ് പല ചിത്രങ്ങൾക്കും രണ്ടും മൂന്നും ഭാഗങ്ങൾ വരെ ഉണ്ടായിട്ടുണ്ടെങ്കിലും മലയാളസിനിമയിൽ ചിലപ്പോൾ ആദ്യമായാവും ഒരു കഥാപാത്രത്തിന് അഞ്ചു സിനിമകളിൽ തുടർച്ചയുണ്ടാവുന്നത്.