മലയാളത്തിന്റെ അമ്പിളിക്കലയ്ക്ക്, ഹാസ്യ സാമ്രാട്ട് ജഗതി ശ്രീകുമാറിന് ഇന്ന് 69ാം ജന്മദിനം. തന്റെ പ്രിയപ്പെട്ട അച്ഛന് ജന്മദിനാശംസകൾ നേർന്ന് എത്തിയിരിക്കുകയാണ് മകൾ ശ്രീലക്ഷ്മി. പപ്പ എനിക്ക് എത്ര പ്രിയപ്പെട്ടതാണെന്ന് പപ്പയ്ക്ക് അറിയാമെന്ന് പ്രതീക്ഷിക്കുന്നു. പപ്പയ്ക്ക് പിറന്നാള്‍ ആശംസകള്‍. ജഗതിയുടെ സിനിമയിലെ ഒരു ചിത്രം പങ്കുവച്ച് ശ്രീലക്ഷ്മി കുറിച്ചു.
പ്രമുഖ നാടകാചാര്യനായിരുന്ന പരേതനായ ജഗതി എന്‍.കെ. ആചാരിയുടെയും പരേതയായ പൊന്നമ്മാളിന്റെയും മൂത്ത മകനായി 1951 ജനുവരി 5-ന്, തിരുവനന്തപുരം ജില്ലയിലെ ജഗതിയിലാണ് ജഗതി ശ്രീകുമാറിന്റെ ജനനം. മലയാളത്തില്‍ ഏകദേശം 1500ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ജഗതി, കലാലോകത്തേക്ക് കടക്കുന്നത് അച്ഛന്റെ നാടകങ്ങളിലൂടെയാണ്. തിരുവനന്തപുരം മോഡല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ആദ്യ നാടകാഭിനയം. എന്നാല്‍ മൂന്നാം വയസ്സില്‍ തന്നെ അച്ഛനും മകനും എന്ന ചിത്രത്തില്‍ ശ്രീകുമാര്‍ അഭിനയിച്ചു. അച്ഛന്‍ ജഗതി എന്‍ കെ ആചാരി ആയിരുന്നു അതിന്റെ തിരക്കഥ.
തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ നിന്നും ബോട്ടണിയില്‍ ബിരുദമെടുത്ത ശേഷം മദ്രാസില്‍ കുറച്ചു കാലം മെഡിക്കല്‍ റെപ്രസന്റേറ്റിവായി ജോലി ചെയ്യവേയാണ് സിനിമയിലേയ്‌ക്കെത്തുന്നത്. ചട്ടമ്പി കല്യാണി എന്ന ചിത്രത്തില്‍ അടൂര്‍ ഭാസിയുടെ ശിങ്കിടി പയ്യന്റെ വേഷത്തിലൂടെ ജഗതി ശ്രദ്ധിക്കപ്പെട്ടു. ഒരു ഹാസ്യതാരം എന്ന നിലയില്‍ നിന്നും സ്വന്തം കഠിനാധ്വാനം കൊണ്ടും കഴിവുകൊണ്ടും ജഗതി മലയാള സിനിമയിലെ അതുല്യ നടനായി ഉയര്‍ന്നു.
Read More: വിവാഹവേഷത്തിൽ അതിസുന്ദരിയായി ജഗതിയുടെ മകൾ ശ്രീലക്ഷ്മി
ജഗതി അനശ്വരമാക്കിയ കഥാപാത്രങ്ങള്‍ എത്രയെത്ര. ഹാസ്യ കഥാപാത്രങ്ങളില്‍ ജഗതിയെ വെല്ലാന്‍ മലയാളസിനിമയില്‍ ആരും തന്നെയില്ല എന്നു പറഞ്ഞാല്‍ അതിശയോക്തിയാകില്ല. 1500ഓളം ചിത്രങ്ങളില്‍ അഭിനയിച്ച ഇദ്ദേഹം ഗിന്നസ് റെക്കോര്‍ഡിനും ഉടമയാണ്. അരശുംമൂട്ടില്‍ അപ്പുക്കുട്ടനായും, കൃഷ്ണവിലാസം ഭഗീരഥന്‍ പിള്ളയായും വെള്ളിത്തിരയെ വിസ്മയിച്ച അതുല്യ നടന്‍. കാലങ്ങളായി മലയാളത്തിന് ഹാസ്യത്തിന്റെ മറുവാക്കാണ് അദ്ദേഹം. സിനിമ പരാജയപ്പെട്ടാലും ജഗതിയുടെ കഥാപാത്രം ശ്രദ്ധിക്കപ്പെടുമെന്നതില്‍ സംശയമില്ല. ഹാസ്യനടന്‍ മാത്രമായിരുന്നില്ല, സ്വഭാവനടനായും വില്ലനായുമെല്ലാം ജഗതി അഭ്രപാളികളെ അതിശയിപ്പിച്ചിട്ടുണ്ട്.
Read More: കൽപ്പന ചേച്ചിയുടെ മരണവാർത്ത ‘കാണേണ്ട’ എന്ന് അച്ഛൻ ആംഗ്യം കാണിച്ചു; ജഗതിയുടെ മകൻ പറയുന്നു
ലൊക്കേഷനുകളിലേക്ക് ഓടിനടക്കുന്നതിനിടയില്‍ 2012 മാര്‍ച്ച് 10 ന് ദേശീയ പാതയില്‍ മലപ്പുറം ജില്ലയിലെ തേഞ്ഞിപ്പാലത്തിനടുത്തുള്ള പാണാമ്പ്രവളവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ ജഗതി ശ്രീകുമാറിനു ഗുരുതരമായ പരിക്കു പറ്റി. തുടര്‍ന്ന് ഒരു വര്‍ഷത്തോളം അദ്ദേഹം ആശുപത്രിയിലായിരുന്നു. ഇപ്പോഴും അദ്ദേഹം പൂര്‍ണാരോഗ്യം വീണ്ടെടുത്തിട്ടില്ല.