തിരുവനന്തപുരം: എഎംഎംഎ പ്രസിഡന്റ് മോഹൻലാലിനോട് ചർച്ച ചെയ്താണ് വാർത്തകുറിപ്പ് ഇറക്കിയതെന്ന് നടൻ ജഗദീഷ്. താൻ എഎംഎംഎയുടെ വക്താവാണെന്നും ജഗദീഷ് വ്യക്തമാക്കി. നേരത്തെ സിദ്ദിഖ് നടത്തിയ വാർത്താസമ്മേളനത്തിൽ ജഗദീഷ് എഎംഎംഎയുടെ വക്താവല്ലെന്ന് പറഞ്ഞിരുന്നു. ഇതിന് മറുപടിയെന്ന നിലയ്ക്കാണ് ജഗദീഷ് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
വാർത്താക്കുറിപ്പ് സിദ്ദിഖ് അടക്കമുള്ള ഭാരവാഹികൾക്ക് വാട്സ്ആപ്പിലൂടെ അയച്ച് കൊടുത്തിരുന്നു. അച്ചടക്കമുള്ള സംഘടന അംഗം എന്ന നിലയിൽ സിദ്ദിഖിന് വ്യക്തിപരമായി മറുപടി നൽകുന്നില്ലെന്നും ജഗദീഷ് പറഞ്ഞു.
Read: ആരോപണത്തിന്റെ പേരിൽ ദിലീപിന്റെ തൊഴിൽ നഷ്ടപ്പെടുത്താനാവില്ല; സിദ്ദിഖ്
ഡബ്ല്യുസിസി നടത്തിയ പത്രസമ്മേളനത്തിന് മറുപടി എന്ന നിലയ്ക്കാണ് ഇന്ന് സിദ്ദിഖും കെപിഎസി ലളിതയും വാർത്താസമ്മേളനം നടത്തിയത്. ഇതിലാണ് മാധ്യമപ്രവർത്തകർ ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിനെ കുറിച്ച് ചോദിച്ചത്. വാർത്താക്കുറിപ്പിൽ ജഗദീഷ് സംഘടനയുടെ ഔദ്യോഗിക വക്താവാണെന്നാണ് പറഞ്ഞിരുന്നത്. ഇതിനു മറുപടിയായാണ് വാർത്താക്കുറിപ്പ് താൻ കണ്ടിട്ടില്ലെന്നും ജഗദീഷ് എഎംഎംഎയുടെ ഔദ്യോഗിക വക്താവ് അല്ലെന്നും സിദ്ദിഖ് പറഞ്ഞത്. ജഗദീഷ് വാർത്താക്കുറിപ്പിൽ പറഞ്ഞതുപോലെ അടിയന്തര ജനറൽ ബോഡി യോഗം വിളിക്കില്ലെന്നും അടുത്ത ജൂണിൽ മാത്രമേ ജനറൽ ബോഡി ചേരൂവെന്നും സിദ്ദിഖ് വ്യക്തമാക്കി.
ഡബ്ല്യുസിസിയുടെ പരാതിയിൽ നടപടി വൈകിയത് പ്രളയം കാരണമാണെന്നും, അധികം വൈകാതെ ജനറൽ ബോഡി യോഗം വിളിച്ചു കൂട്ടാമെന്ന് കരുതുന്നുതായുമാണ് ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞത്. ജനറൽ ബോഡി യോഗത്തിൽ ചട്ടങ്ങൾക്കപ്പുറം ധാർമ്മികതയിലൂന്നിയുളള ഉചിത തീരുമാനങ്ങൾ കൈകൊളളാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും താരസംഘടനയുടെ ഔദ്യോഗിക വക്താവ് എന്ന നിലയിൽ ജഗദീഷ് പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറഞ്ഞിരുന്നു.