നടൻ, മിമിക്രിതാരം എന്നീ നിലകളിലെല്ലാം ശ്രദ്ധ നേടിയ കലാകാരനാണ് ജാഫർ ഇടുക്കി. എന്നാൽ മികച്ചൊരു ഗായകൻ കൂടിയാണ് അദ്ദേഹമെന്ന് പലർക്കും അറിയില്ല. ഇപ്പോഴിതാ, ഒരു കോമഡി ഷോയിൽ പങ്കെടുക്കവെ ‘പള്ളിക്കെട്ട് ശബരിമലയ്ക്ക്’ എന്ന ഗാനം ആലപിക്കുന്ന ജാഫർ ഇടുക്കിയുടെ ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്. പാട്ടിൽ ലയിച്ച്, ഹൃദയസ്പർശിയായ രീതിയിലാണ് ജാഫർ ഗാനം ആലപിക്കുന്നത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ‘ചുരുളി’ എന്ന ചിത്രം ചർച്ചയാകുന്ന സാഹചര്യത്തിലാണ് ജാഫറിന്റെ ഈ പഴയ വീഡിയോയും സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. ‘ചുരുളി’യിൽ ശ്രദ്ധേയമായൊരു കഥാപാത്രത്തെയാണ് ജാഫർ അവതരിപ്പിച്ചത്.
രഞ്ജിത്ത് സംവിധാനം ചെയ്ത ‘കയ്യൊപ്പ്’ എന്ന ചിത്രത്തിലൂടെയായിരുന്നു ജാഫർ ഇടുക്കി സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചുകഴിഞ്ഞ ജാഫർ ഇടുക്കിയുടെ കരിയറിലെ തന്നെ ശ്രദ്ധേയമായ വേഷങ്ങളാണ് മഹേഷിന്റെ പ്രതികാരം, ഇഷ്ക്, ജല്ലികെട്ട് എന്നീ ചിത്രങ്ങളിലേത്.