12 അംഗരക്ഷകരും ചുവന്ന ബീക്കൺ ഘടിപ്പിച്ച വിലകൂടിയ കാറുമായി അയാൾ തമിഴ്നാട് രാഷ്ട്രീയക്കാരന്റെ മകനായി മാറി. 2010ൽ ചെന്നൈയിലെ താജ് ഹോട്ടലിലേക്ക് നടന്നു നീങ്ങുമ്പോഴാണ് അയാൾ ലീന പൗലോസ് എന്ന ലീന മരിയയെ ആദ്യമായി കാണുന്നത്.
അഭിനേത്രിയാകാനുള്ള മോഹം താലോലിച്ച് നടക്കുകയായിരുന്നു ദന്തഡോക്ടറായ ലീന. മോഹൻലാൽ ചിത്രം റെഡ് ചില്ലീസിൽ (2009) അഭിനയിച്ചതിനുശേഷമായിരുന്നതിനാല് സുകേഷിനോടും അയാളുടെ സാമ്രാജ്യത്തോടും ലീനയ്ക്ക് മതിപ്പ് തോന്നി. അവർ ഒന്നിച്ച് സമയം ചെലവഴിക്കാൻ ആരംഭിച്ചു, വെറും ഏഴു മാസങ്ങൾ കൊണ്ട് ആ ബന്ധം പ്രണയത്തിൽ കലാശിച്ചു. ചെന്നൈയിലെ ഉന്നതരും, പ്രശസ്ത അഭിനേതാക്കളും, ആസ്വാദകരും ഒക്കെയായി അവർ വലിയ അടുപ്പത്തിലായി. അങ്ങനെയിരിക്കെയാണ് സുകേഷ് അപ്രത്യക്ഷനാവുന്നത്. ഓരോ തവണ ഫോണിൽ ബന്ധപ്പെടാൻ ശ്രമിക്കുമ്പോഴും ‘സ്വിച്ച്ഡ് ഓഫ്’ എന്ന് മാത്രമാണ് ലീന കേട്ടത്.

ബെംഗളൂരുവിലെ ഭവാനി നഗറിലെ ഇടത്തരം കുടുംബത്തിൽ ജനിച്ച സുകേഷിന്റെ വിദ്യാഭ്യാസയോഗ്യത പത്താം ക്ലാസ് മാത്രമാണ്. പാർട്ട് ടൈം കോൺട്രാക്ടറായി ജോലി ചെയ്യുകയായിരുന്നു സുകേഷിന്റെ പിതാവ് വിജയൻ ചന്ദ്രശേഖർ. 2010ൽ സുകേഷിന്റെ സഹായത്തോടെ പിതാവ് അടുക്കള ഉപകരണ വ്യാപാരിയായ ഒരാളെ കബളിപ്പിച്ചു. തുടർന്ന് അറസ്റ്റിലായ വിജയൻ അടുത്തിടെയാണ് നിര്യാതനായത്. അതിനിടയിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ ഭാഗ്യം പരീക്ഷിക്കാൻ സുകേഷ് ഇറങ്ങി തിരിച്ചു. ബെംഗളൂരുവിലെ കാർ-റേസിങ് മേഖല അയാളെ വല്ലാതെ ആകർഷിച്ചു. അവിടെ,സുകേഷ് കോടീശ്വരനായി തീരാനുള്ള സ്വപ്നം കണ്ടുതുടങ്ങി.
ദക്ഷിണേന്ത്യയിലെ ശക്തരായ രാഷ്ട്രീയ നേതാക്കളുടെ മകൻ എന്ന വ്യാജേന 33കാരനായ സുകേഷ് പത്തു വർഷം തകര്ത്താടി. ഈ സമയമത്രെയും ബോളിവുഡ് നടിമാരുടെ ജീവിതത്തിലേക്ക് തന്റെ വഴി തേടുകയും ആഡംബര കാറുകൾ, ചോക്ലേറ്റുകൾ, പൂക്കൾ, വിലയേറിയ ഫ്രാങ്ക് മുള്ളർ വാച്ചുകൾ എന്നിവ സമ്മാനിച്ച് അവരെ ആകർഷിക്കാനും ശ്രമിച്ചു.
Republic Day Special Price | This limited offer gives you an annual subscription at Rs 999 along with added benefits. Click to see offer
സുകേഷ് എന്ന തട്ടിപ്പുകാരന്റെ കുറ്റകൃത്യങ്ങളുടെ കഥ തുടങ്ങുന്നത് 2017ലാണ്. ബെഗംളുരുവിൽ താമസിക്കുന്ന ഒരാളെ ഒന്നരക്കോടി രൂപ പറ്റിച്ചുകൊണ്ടാണ് കുറ്റകൃത്യങ്ങളുടെ തുടക്കം. ബെംഗളുരൂ ഡെവലപ്മെന്റ് അതോറിറ്റിയെകൊണ്ട് ഭൂമി ഏറ്റെടുക്കാമെന്നും വിദേശ നിക്ഷേപം ഉപയോഗിച്ച് ഒരു അപ്പാർട്ട്മെന്റ് വികസിപ്പിക്കാമെന്നും വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. കർണാടകയിൽ രാഷ്ട്രീയ നേതാവ് കരുണാകരൻ റെഡ്ഡിയുടെ മകനായി ആൾമാറാട്ടം നടത്തി, ആഡംബര കാറുകൾ വിൽക്കാനെന്ന വ്യാജേന ഒന്നിലധികം ആളുകളെ കബളിപ്പിച്ചു തുടങ്ങി നിരവധി ആരോപണങ്ങൾ ഈ സംഭവത്തിന് ശേഷം രണ്ട് വർഷത്തിനുള്ളിൽ സുകേഷിന്റെ പേരിലുണ്ടായി.
ഇതിനിടെയാണ് തട്ടിപ്പ് കേസിൽ സുകേഷ് മധുര ജയിലിലാണെന്ന വിവരം ലീന അറിഞ്ഞത്. നാളുകൾക്ക് ശേഷം ആദ്യമായി ജയിലിൽ വച്ച് കണ്ടപ്പോഴാണ് സുകേഷ് തന്റെ യഥാർത്ഥ പേര് ലീനയോട് പറഞ്ഞത്. അതുവരെ ബാലാജി എന്ന പേരിലാണ് സുകേഷ് ലീനയ്ക്കു മുൻപിൽ എത്തിയിരുന്നത്. അഞ്ച് മാസങ്ങൾക്കു ശേഷം സുകേഷ് ജയിൽ മോചിതനായി. അവർ ഒന്നിച്ച് ബെംഗളൂരുവിലേക്ക് മാറി. ലീന തന്റെ ഷൂട്ടിങ് ആവശ്യങ്ങൾക്കായി യാത്ര ചെയ്യുമ്പോൾ, ബോളിവുഡിലെ മുൻനിര താരങ്ങളുമായി തനിക്ക് അടുത്ത് ബന്ധമുണ്ടെന്ന് വീമ്പിളക്കി നടന്നു സുകേഷ്. ഇതിനിടയിൽ മലയാളം സിനിമയായ ‘ഹസ്ബൻഡ്സ് ഇൻ ഗോവ’ (2012), തമിഴ് ത്രില്ലർ ചിത്രം ‘ബിരിയാണി’ (2013), ജോൺ എബ്രഹാം അഭിനയിച്ച ‘മദ്രാസ് കഫേ’ (2013) എന്നീ ചിത്രങ്ങളിലും ലീന വേഷമിട്ടു.
ഇഡിയുടെ കുറ്റപത്രമനുസരിച്ച് സുകേഷും ലീനയും വൈകാതെ ഒരു സംഘടിത ക്രൈം സിൻഡിക്കേറ്റായി മാറി. 2014ൽ അവർ വിവാഹിതരായി. ഐഎഎസ് ഉദ്യോഗസ്ഥനായും അദ്ദേഹത്തിന്റെ സെക്രട്ടറിയായും ആൾമാറാട്ടം നടത്തി ദമ്പതികൾ തട്ടിപ്പുകൾ തുടങ്ങി. വ്യാജ സർക്കാർ കരാറുകൾ, പോൺസി സ്കീമുകൾ എന്നിവയുടെ പേരിൽ അനവധി പേരെ ഇരുവരും ചേർന്ന് കബളിപ്പിച്ചു
2013-14 കാലത്ത് ദമ്പതികൾ മുംബൈയിലെ ഗോരേഗാവിലെ ഇംപീരിയൽ ഹൈറ്റ്സിൽ താമസമാക്കി. എന്നാൽ ലീന അറിയാതെ, സുകേഷ് അതേ കെട്ടിടത്തിൽ മറ്റൊരു അപ്പാർട്ട്മെന്റ് വാങ്ങുകയും “നടിമാർക്കായി ഓഡിഷനുകൾ നടത്തുകയും ചെയ്തു.” പക്ഷേ, കേസുകളുടെ എണ്ണം വർധിച്ചതോടെ സുകേഷിന് മുംബൈയിൽ തുടരാനായില്ല. ഒടുവിൽ അയാൾക്ക് ഡൽഹിലേക്ക് മാറേണ്ടി വന്നു.
ഡൽഹിയിലെ പട്യാല ഹൗസിലെ എൻഐഎ കോടതിയിൽ 2021ൽ സുകേഷിനെതിരെ വേറയും ആരോപണങ്ങളുയർന്നു. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഭർത്താവിനെ ജാമ്യത്തിലിറക്കാൻ സഹായിച്ചെന്ന വ്യാജേന മുൻ ഫോർട്ടിസ് ഹെൽത്ത് കെയർ പ്രൊമോട്ടർ ശിവിന്ദർ സിങ്ങിന്റെ ഭാര്യ അദിതി സിങ്ങിൽ നിന്ന് 217 കോടി രൂപ തട്ടിയെടുത്തതും ഇതിൽ ഉൾപ്പെടുന്നു. കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 10 സ്ഥാപനങ്ങൾ വഴിയാണ് അദിതി പണം കൈമാറിയത്. മക്കളുടെ സ്വത്തുക്കൾ വിൽക്കുകയും ബന്ധുക്കളിൽ നിന്ന് കടം വാങ്ങിയുമാണ് പണം നൽകിയത്. ഈ പണം സുകേഷിന്റെ സഹായികൾ ക്യാഷ് പേയ്മെന്റ് വഴി കൈപ്പറ്റിയ ശേഷം ഹവാലയിലൂടെ 53 ഷെൽ കമ്പനികളിലെത്തിച്ചു. വിവിധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് ബാങ്ക് ഇടപാടുകൾ (ബാങ്ക് എൻട്രി) നടത്തുകയും വിലപിടിപ്പുള്ള കാറുകളിലും വസ്തുവകകളിലും മറ്റ് ബിസിനസ്സുകളിലും പണം നിക്ഷേപിക്കുകയും ചെയ്ത വഴി കുറ്റകൃത്യത്തിന്റെ വരുമാനം കൈകാര്യം ചെയ്യാൻ സുകേഷിനെ ലീന സഹായിച്ചതായി അന്വേഷണ ഉദ്യോഗസ്ഥർ ആരോപിക്കുന്നു.
കുറ്റകൃത്യത്തിൽ നിന്നുള്ള വരുമാനത്തിലെ വിഹിതം കൈപ്പറ്റി എന്ന ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പ്രോസിക്യൂഷൻ പരാതിയിൽ (കുറ്റപത്രം) പല ബോളിവുഡ് താരങ്ങളുടെ പേരുകൾ ഉയർന്നുവന്നു. അവരുടെ കരിയറിനെ തന്നെ അവസാനിപ്പിക്കാൻ കരുത്തുള്ള ഒന്നായിരുന്നു അത്. ആഡംബര ജീവിതശൈലി മാത്രമല്ല, താരങ്ങൾക്കായി വില കൂടിയ സമ്മാനങ്ങളും ഇയാൾ നൽകിയിട്ടുണ്ടെന്നാണ് ഇ ഡി ഉദ്യോഗസ്ഥർ ആരോപിക്കുന്നത്. അദിതിയിൽ നിന്ന് തട്ടിയെടുത്ത പണമാണ് സുകേഷ് ഇതിനെല്ലാം വിനിയോഗിച്ചത്. എല്ലാ അഭിനേത്രികളും അയാളെ കോടതിയില് തള്ളി പറഞ്ഞിട്ടുണ്ട്.
ക്രിമിനലാണെന്ന് അറിഞ്ഞിട്ടും നടി ജാക്വലിൻ ഫെർണാണ്ടസ് സുകേഷിൽ നിന്ന് സമ്മാനങ്ങൾ സ്വീകരിച്ചു എന്നാണ് ഇഡി ആരോപിക്കുന്നത്. ഈ സാമ്പത്തിക കുറ്റകൃത്യത്തിലെ സാക്ഷിയാകാനായിരുന്നു ജാക്വിലിന്റെ വിധി. സുകേഷ് ബിഎംഡബ്ല്യു കാർ സമ്മാനമായി നൽകാൻ ശ്രമിച്ചതിനെ തുടർന്നാണ് നടി നോറ ഫത്തേഹിയുടെ പേര് ഇഡി കുറ്റപത്രത്തിൽ വന്നത്. നോറയുമായി ബന്ധം സ്ഥാപിക്കാനായി പല മാർഗ്ഗങ്ങളും സുകേഷ് പയറ്റി.

അവര് വ്യത്യസ്ത പേരുകളിലാണ് അറിയപ്പെട്ടിരുന്നത് – എയ്ഞ്ചൽ, അഫ്രീൻ, അൽക്ക അങ്ങനെ അങ്ങനെ…. ആഡംബര സൺഗ്ലാസുകൾ ധരിച്ച് മുടിയിഴകളിൽ ചായം തേച്ച് സ്റ്റൈലിഷ് ലുക്കിലുള്ള അവര്ക്ക് വളരെ ഇംപ്രസീവായ ഒരു റെസ്യൂമുമുണ്ടായിരുന്നു. ജയ ടിവിയുടെയും ന്യൂസ് എക്സ്പ്രസിന്റെയും ചീഫ് ഫിനാൻഷ്യൽ ഓഫീസർ, കാലിഫോർണിയ, ദുബായ്, മുംബൈ എന്നിവിടങ്ങളിലെ ടാലന്റ് ഏജൻസികളുടെ ഉടമ തുടങ്ങിയ വലിയ വിശേഷണങ്ങൾ അവരുടേതായി മാറി . തിഹാർ ജയിലിനുള്ളിൽ വച്ച് സുകേഷിന് അഭിനേതാക്കളെയും മോഡലുകളെയും പരിചയപ്പെടുത്തിയ കേസിൽ പ്രതിയായ മുൻ ടിവി അവതാരക പിങ്കി ഇറാനിയാണ് ആ വനിതയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.
2017-18 സമയത്ത് ഇൻസ്റ്റാഗ്രാമിലൂടെയാണ് സുകേഷിനെ പരിചയപ്പെടുന്നതെന്നാണ് പിങ്കി പറയുന്നത്. സിനിമാ നിർമ്മാതാവ് എന്ന ലേബലോടെയാണ് സുകേഷ് പിങ്കിയുമായി അടുക്കുന്നത്. ഒരു ടാലന്റ് ഏജൻസി ആരംഭിക്കാനായുള്ള ആഗ്രഹവും അയാൾ പ്രകടിപ്പിച്ചു. പിങ്കിക്ക് ചീഫ് മാനേജിങ് ഡയറക്ടർ സ്ഥാനവും വാഗ്ദാനം ചെയ്തു.
സന്ദർശകരെ അമ്പരപ്പിക്കുന്ന വിധത്തിലുള്ള വസ്തുക്കളായിരുന്നു സുകേഷിന്റെ ശേഖരത്തിലുള്ളത്. മുറിയോളം വലിപ്പമുള്ള 100 ഇഞ്ച് സ്ക്രീൻ ടെലിവിഷൻ, പ്ലേസ്റ്റേഷൻ, ആപ്പിൾ ബ്ലൂടൂത്ത് സ്പീക്കർ എന്നിവയുൾപ്പെടെയുള്ള അത്യാധുനിക ഗാഡ്ജെറ്റുകൾ അയാളുടെ പക്കലുണ്ടായിരുന്നു. ഇതിനു പുറമെ മുറിയിൽ ഒരു സോഫ, റിക്ലൈനർ, എയർ കണ്ടീഷണർ, കറൻസി നോട്ടുകൾ അടുക്കിവച്ച ഫ്രിഡ്ജ് തുടങ്ങിയ ആഡംബര വസ്തുക്കൾ അയാളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ഗുച്ചി, ലൂയി വിറ്റൺ, ഹെർമിസ് ബാഗുകൾ എന്നിവയ്ക്കൊപ്പം റോളക്സ് വാച്ചുകളും സുകേഷിന്റെ ശേഖരത്തിലുണ്ടെന്ന് കോടതി രേഖകൾ പറയുന്നു.
വിലകൂടിയ വസ്ത്രങ്ങളും വാച്ചുകളും ധരിച്ച് സുകേഷ് ഒരു തെന്നിന്ത്യൻ ചാനലിന്റെ ഉടമയുടെ വേഷത്തിലാണിപ്പോൾ സുകേഷ്. ഒടിടി ഷോകളിൽ അഭിനയിക്കാൻ ആഗ്രഹിക്കുന്നവരെ പിങ്കി ജയിലിൽ എത്തിക്കും. 10 ബില്യൺ യുഎസ് ഡോളർ ആസ്തിയുള്ള ഇന്ത്യയിലെ കോടീശ്വരന്മാരിലൊരാളാണ് സുകേഷെന്ന് അവസരം മോഹിച്ചു വരുന്നവരോട് പിങ്കി പറഞ്ഞു. ക്രിസ്റ്റ്യൻ ഡിയോർ, ലൂയി വിറ്റൺ, ഹെർമിസ് എന്നി ബാഗുകൾ, വിലപിടിപ്പുള്ള ആഭരണങ്ങൾ, പൂക്കൾ, വസ്ത്രങ്ങൾ, ചോക്ലേറ്റുകൾ, വാച്ചുകൾ, കുതിരക്കോപ്പ് എന്നിവ വാങ്ങികൂട്ടി പിങ്കി, സുകേഷിന്റെ “പേഴ്സണൽ ഷോപ്പർ” ആയി മാറിയെന്ന് ഇ ഡി കുറ്റപത്രത്തിൽ പറയുന്നു.
ജയിൽ വളപ്പിൽ സുകേഷ് ഓഫീസ് സ്ഥാപിച്ചിരുന്നതായി ഇഡി അനുബന്ധ കുറ്റപത്രത്തിൽ പറയുന്നു. സുകേഷിനെ ജയിലിൽ കണ്ടുമുട്ടിയ മൂന്ന് അഭിനേതാക്കളുടെ പേരുകളും അതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ചാഹത്ത് ഖന്ന, നിക്കി തംബോലി, സോഫിയ സിങ് എന്നിവരാണ്ത്. മുംബൈയിൽ നിന്ന് എത്തിയ ഇവരെ ഡൽഹി വിമാനത്താവളത്തിൽ നിന്ന് ബിഎംഡബ്ല്യു കാറിൽ തിഹാർ ജയിലിലെത്തിച്ചത് പിങ്കിയാണ്. ‘ദി ഫിലിം’ (2005), ‘ഏക് മേൻ ഏക് തും’ (2005), ഒരു ടെലിവിഷൻ പരമ്പരയായ ‘ബഡേ അച്ചേ ലഗ്തേ ഹേ’ (2011) എന്നിവയിൽ അഭിനയിച്ച ചാഹത്തിനോട് സുകേഷ് താനൊരു ദക്ഷിണേന്ത്യൻ ചാനലിന്റെ ഉടമയും ജയലളിതയുടെ ഇളയ സഹോദരനാണെന്നുമാണ് പറഞ്ഞിരുന്നത്. തിഹാർ ജയിലിലെങ്ങനെയാണ് ഒരു ഓഫീസ് സ്ഥിതി ചെയ്യുന്നതെന്ന ചിന്ത ഈ അഭിനേതാക്കളെ അസ്വസ്ഥരാക്കിയെങ്കിലും, ഇത് “ഒരു ബ്യൂറോക്രാറ്റിന്റെ സെല്ലാണെന്നും അദ്ദേഹത്തിന് ആളുകളെ കാണാൻ ഔദ്യോഗികമായി അനുമതി നൽകിയിട്ടുണ്ടെന്നും” പിങ്കി അവരെ തെറ്റിദ്ധരിപ്പിച്ചു.

തിഹാർ ജയിലിന്റെ ഒന്നാം നിലയിലുള്ള ഓഫീസിലേക്ക് നടന്നപ്പോൾ ചാഹത്ത് കണ്ടത് ഗെയിമിങ് കൺസോളുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും നടവിലിരിക്കുന്ന സുകേഷിനെയാണ്. തന്റെ സിനിമാ ബന്ധങ്ങളെക്കുറിച്ച് വീമ്പിളക്കിയും ബോളിവുഡ് താരങ്ങളെ ഫോൺ വിളിക്കുന്നതായി അഭിനയിച്ചും സുകേഷ് ചാഹത്തിന് മുൻപിൽ തകർത്താടി . ഭർത്താവിന്റെ ഫോൺ ചോർത്തിയതു വഴി അയാളെക്കുറിച്ചുള്ള സകല കാര്യങ്ങളും താൻ അറിഞ്ഞെന്നും അതുകൊണ്ട് ചാഹത്തിനെ വിവാഹം ചെയ്യാൻ താൻ ആഗ്രഹിക്കുന്നെന്നും സുകേഷ് പറഞ്ഞു. “അയാള് എന്നെ വിവാഹം ചെയ്യാമെന്ന് പറഞ്ഞു. അതുവഴി എന്റെ ജീവിതം കൂടുതൽ മെച്ചപ്പെടും എന്നായിരുന്നു അയാള് പറഞ്ഞത്,” ചാഹത്ത് ഇ ഡിക്ക് നൽകിയ മൊഴി ഇങ്ങനെയായിരുന്നു. രണ്ടുലക്ഷം രൂപയും നീല വെർസാചെ വാച്ചുമാണ് ആ മീറ്റിങ്ങിനിടയിൽ ചാഹത്തിനു സമ്മാനമായി അയാൾ നൽകിയത്.
അതിനിടെയാണ് അയാൾ നിക്കിയുമായി പരിചയത്തിലാകുന്നത്. കുറച്ച് തെലുങ്ക് സിനിമകളിൽ അഭിനയിക്കുകയും ‘ബിഗ് ബോസ്’ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ചെയ്ത നിക്കിയെ അയാൾ 2018ലാണ് കാണുന്നത്. താൻ വിവാഹിതനാണെന്നും നിർമാതാവാണെന്നുമാണ് അയാൾ നിക്കിയോട് പറഞ്ഞത്. നൂറിൽ അധികം കാമുകിമാർ വരെ തനിക്കുണ്ടായിരുന്നെന്ന് അയാൾ നിക്കിയോട് പൊങ്ങച്ചം പറഞ്ഞു. അവർ രണ്ടാം തവണ കണ്ടുമുട്ടിയപ്പോൾ, നിക്കിയോട് ഇൻസ്റ്റഗ്രാം ബയോ “ഇൻ എ റിലേഷൻഷിപ്പ്” എന്ന് അപ്ഡേറ്റ് ചെയ്യാനും താൻ സമ്മാനിച്ച ബാഗിന്റെ ചിത്രം പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഏകദേശം 3.5 ലക്ഷം രൂപ നിക്കി കൈപ്പറ്റിയിട്ടുണ്ടെന്നാണ് ഇ ഡി ചാർജ്ഷീറ്റിൽ പറയുന്നത്.
ദക്ഷിണേന്ത്യയിലെ ഒരു വമ്പൻ ബാനിറിലെ ചിത്രത്തിലേക്ക് കാസ്റ്റ് ചെയ്യാൻ താത്പര്യപ്പെടുന്നു എന്ന് പറഞ്ഞാണ് സോഫിയയെ പിങ്കി സമീപിച്ചത്. ‘ഏ കാഷ് കെ ഹും’ (2020), ’22 ഡേയ്സ്’ (2018) എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ താരമാണ് സോഫിയ. 2018 മെയ് മാസത്തിലാണ് സോഫിയ ആദ്യമായി സുകേഷിനെ കാണുന്നത്. തിഹാറിലെ ഓഫീസിലേക്ക് നടക്കുമ്പോൾ അവളുടെ കണ്ണുകൾ പോയത് കാവൽ നിൽക്കുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരിലേക്കാണ്. അങ്ങനെ സിനിമയിലേക്ക് സോഫിയയെ കാസ്റ്റ് ചെയ്യാമെന്ന് സുകേഷ് വാഗ്ദാനം നൽകി. 3.5 ലക്ഷം രൂപയും ലൂയി വ്യുറ്റൺ ബാഗുമാണ് സമ്മാനമായി അയാൾ നൽകിയത്. അവർ തമ്മിൽ രണ്ട് തവണയാണ് നേരിൽ കണ്ടത്. രാഷ്ട്രീയ പ്രശ്നങ്ങളുടെ പേരിൽ താൻ ജയിലിലാണെന്നും ഉടൻ ജാമ്യത്തിൽ പുറത്തിറങ്ങുമെന്നും സുകേഷ് ഈ സ്ത്രീകളെ പറഞ്ഞ് ബോധ്യപ്പെടുത്തി.
മറ്റ് ബോളിവുഡ് താരങ്ങളായ ജാൻവി കപൂർ, സാറാ അലി ഖാൻ, ഭൂമി പെഡ്നേക്കർ എന്നിവർക്കും സുകേഷ് സമ്മാനങ്ങൾ നൽകാൻ ശ്രമിച്ചിരുന്നതായി കോടതി രേഖകൾ വ്യക്തമാക്കുന്നു.

സുകേഷോ പിങ്കിയോ ഇതുവരെ ബന്ധപ്പെട്ടിട്ടില്ലെന്ന് ജാൻവിയുമായുടെ പ്രതിനിധി പറഞ്ഞത്. 2021 ജൂലൈ 19 ന് ബെംഗളൂരുവിൽ ആരംഭിക്കുന്ന സലൂൺ ഉദ്ഘാടനം ചെയ്യാൻ ജാൻവിയെ ലീന ക്ഷണിച്ചിരുന്നു. പ്രൊഫഷണൽ ഫീസായി 18.94 ലക്ഷം രൂപയും ജാൻവിക്ക് ലഭിച്ചു. ഉദ്ഘാടന ദിവസം ലീനയുടെ അമ്മ തനിക്ക് ഒരു ക്രിസ്റ്റ്യൻ ദിയോർ ബാഗ് സമ്മാനിച്ചതായി ജാൻവി ഇഡിയോട് പറഞ്ഞു. സുകേഷ് എന്ന പേരിൽ ആരെയും തനിക്കറിയില്ലെന്നും എന്നാൽ “സൂരജ് റെഡ്ഡി എന്ന പേരിൽ ഒരാൾ 2021 മെയ് 21 ന് തനിക്ക് വാട്ട്സ്ആപ്പ് മേസേജ് ചെയ്തുവെന്നും” സാറാ അലിഖാൻ പറഞ്ഞു. അയാൾ, തനിക്കൊരു കാർ സമ്മാനിക്കാൻ ആഗ്രഹിക്കുന്നെന്നും പറഞ്ഞതായി സാറ വെളിപ്പെടുത്തി. സാറ കാർ നിരസിച്ചതിനു പിന്നാലെ ഒരു ചേക്ലേറ്റ് പെട്ടി സമ്മാനമായിരുന്നു അയാളുടെ അടുത്ത ഓഫർ. അതു സാറ സമ്മതിക്കുകയും ചെയ്തു. ചോക്ലേറ്റിനൊപ്പം വിലപിടിപ്പുള്ള ഒരു ഫ്രാങ്ക് മുള്ളർ വാച്ചും അയാൾ അയച്ചു.
2021 ജനുവരി മുതൽ ജൂലൈ വരെ പിങ്കി ന്യൂസ് എക്സ്പ്രസിന്റെ വൈസ് പ്രസിഡന്റാണ് (ഹ്യൂമൻ റിസോഴ്സ്) എന്ന് പറഞ്ഞാണ് ഭൂമിയുമായി ബന്ധപ്പെടുന്നത്. തങ്ങളുടെ ഗ്രൂപ്പ് ചെയർമാൻ (സുകേഷ്) “ഒരു ആരാധകനാണെന്നും ഒരു വലിയ പ്രോജക്റ്റിനെക്കുറിച്ച് ഭൂമിയോട് സംസാരിക്കണമെന്നും അതുവഴി ഒരു കാർ സമ്മാനമായി നൽകുമെന്നും” അവർ ഭൂമിയോട് പറഞ്ഞു. എന്നാൽ സുകേഷുമായി സംസാരിക്കുകയോ സമ്മാനങ്ങൾ കൈപ്പറ്റുക്കയോ ചെയ്തിട്ടില്ലെന്ന് ഭൂമി പറഞ്ഞു.
മുൻ ശ്രീലങ്കന് മിസ് യൂണിവേഴ്സ്യും നടിയുമായ ജാക്വലിൻ 2009-ൽ പുറത്തിറങ്ങിയ ‘അലാദിൻ’ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡിലെത്തിയത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച റിതേഷ് ദേശ്മുഖ് നായികയായ ജാക്വിലിനെ ആകർഷിക്കാനായി ഒരു ഭൂതത്തിന്റെ സഹായം തേടുന്നു. ഈ ഒരൊറ്റ ചിത്രത്തോടെ ജാക്വിലിന്റെ കരിയർ മാറി മറിഞ്ഞു. നിരവധി ചിത്രങ്ങൾ ജാക്വിലിനെ നേടിയെത്തി. വലിയ താരങ്ങൾക്കൊത്ത് അഭിനയിക്കാൻ അവസരം ലഭിച്ചു. “അവരുടെ ഏറ്റവും വലിയ ആരാധകൻ”എന്നവകാശപ്പെട്ട് ശേഖർ രത്ന വേലയായി നടിച്ച സുകേഷിന്റെ കോളുകൾ അവർ സ്വീകരിക്കാതിരുന്നതും ഈ തിരക്കുകൾ കൊണ്ടായിരിക്കും. 2020 ഡിസംബർ മുതൽ 2021 ജനുവരി വരെ സുകേഷ് നിരന്തരമായി ജാക്വിലിനെ വിളിച്ചുകൊണ്ടിരുന്നു.
ജാക്വിലിന്റെ മേക്കപ്പ് ആർട്ടിസ്റ്റായ ഷാൻ മുട്ടത്തിലിനെ പിങ്കി സമീപിച്ചു. ഒടുവിൽ പിങ്കിയും ഷാനും മുംബൈയിലെ ഹോട്ടല് മാരിയറ്റിൽ വച്ച് കണ്ടുമുട്ടി. ജാക്വിലിനെ സുകേഷുമായി പരിചയപ്പെടുത്താൻ പിങ്കി ആവശ്യപ്പെട്ടു. ആഭ്യന്തര മന്ത്രി അമിത് ഷായുടെ ഓഫീസിൽ നിന്നെന്ന വ്യാജേനയുള്ള ഒരു കോളാണ് എല്ലാം മാറ്റിമറിച്ചത്. “സർക്കാരിന്റെ വളരെ പ്രധാനപ്പെട്ട വ്യക്തിയാണ് സുകേഷെന്നും” ഉടൻ തന്നെ അയാളെ സമീപിക്കാനും ഷാനിനോട് ഫോൺ കോളിലൂടെ പറഞ്ഞു. സുകേഷ് ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥനായി ആൾമാറാട്ടം നടത്തിയെന്നും ഇ ഡിയുടെ കുറ്റപത്രത്തിൽ പറയുന്നു.
അങ്ങനെ, ഫോൺ നമ്പറുകൾ കൈമാറുകയും ജാക്വലിൻ സുകേഷിനോട് സംസാരിച്ചു തുടങ്ങുകയും ചെയ്തു. “ജയലളിതയുടെ ഉടമസ്ഥത”യിലുള്ള സൺ ടിവിയുടെ ഉടമയാണെന്നാണ് അയാൾ സ്വയം പരിചയപ്പെടുത്തിയത്. ജാക്വിലിന് ബെന്റലി കാർ സമ്മാനിക്കാൻ ആഗ്രഹിക്കുന്നതായി സുകേഷ് പറഞ്ഞു. അതൊരു വികടത്തമാണ് (പ്രാങ്ക്) എന്ന് കരുതി ജാക്വിലിൻ ഒരു മാസത്തോളം സുകേഷിനോട് മിണ്ടിയില്ല. എന്നാൽ, താൻ കൽക്കരി ഖനിയുടെ ഉടമയാണെന്നും കല്യാൺ ജ്വല്ലേഴ്സ് സ്വന്തമാക്കിയിട്ടുണ്ടെന്നും റഷ്യയുമായുള്ള ആയുധ ഇടപാടിൽ ഇന്ത്യൻ സർക്കാരുമായി ചേർന്ന് പ്രവർത്തിച്ചിട്ടുണ്ടെന്നുമെല്ലാം അവകാശപ്പെട്ട് അയാൾ വീണ്ടും ജാക്വിലിനുമായി ബന്ധം സ്ഥാപിച്ചതായാണ് കുറ്റപത്രത്തിൽ പറയുന്നത്. തുടർന്ന് ജാക്വിലിനെ ബ്രാൻഡ് അംബാസഡറാക്കാൻ മലബാർ ജ്വല്ലേഴ്സ് ആഗ്രഹിക്കുന്നതായും സുകേഷ് പറഞ്ഞു. 15 ലക്ഷം ഇതിനായി സുകേഷ് നൽകിയെന്ന് കുറ്റപത്രത്തിൽ പറയുന്നു.
ജാക്വിലിനായി സമ്മാനങ്ങൾ വന്നു കൊണ്ടേയിരുന്നു. ലിമിറ്റഡ് എഡിഷൻ പെർഫ്യൂമുകൾ, വീൺ വാട്ടർ, പൂക്കൾ, ചോക്ലേറ്റുകൾ, ഡിസൈനർ ബാഗുകൾ, ഡയമണ്ട് കമ്മലുകൾ, വളകൾ എന്നിവ സുകേഷ് സമ്മാനിച്ചു. ഒരിക്കൽ സുകേഷ് അവർക്ക് മിനി കൂപ്പർ നൽകിയെങ്കിലും അത് ജാക്വിലിൻ തിരികെ നൽകിയെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. അഞ്ച് വാച്ചുകൾ, 20 ആഭരണങ്ങൾ, 65 ജോഡി ഷൂസ്, 47 വസ്ത്രങ്ങൾ, 36 ബാഗുകൾ, ഒമ്പത് പെയിന്റിംഗുകൾ, വെർസാചെ ക്രോക്കറി സെറ്റ് എന്നിവ സുകേഷ് സമ്മാനമായി ജാക്വലിന് നൽകിയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ കണ്ടെത്തി.

എന്നാൽ 2021 ലെ വാലന്റൈൻസ് ദിനം സുകേഷിന് അത്ര സുഖകരമായിരുന്നില്ല. സുകേഷിന്റെ ക്രിമിനൽ ചരിത്രത്തെക്കുറിച്ചുള്ള വാർത്താ ഷാൻ, ജാക്വലിനെ കാണിച്ചു കൊടുത്തു എന്നതാണ് ഇതിനു കാരണമെന്ന് ഇഡി വ്യക്തമാക്കുന്നു. “അതേ സമയം ജാക്വിലീന് സമ്മാനങ്ങൾ അയച്ചു കൊണ്ടിരുന്നു. അവർ തമ്മിലുള്ള അഭിപ്രായവ്യത്യാസങ്ങൾ പരിഹരിക്കാൻ 10 കോടി രൂപ സുകേഷ് ഇറാനിക്ക് വാഗ്ദാനം ചെയ്തു. സുകേഷിന് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന് അവർക്ക് (ജാക്വലിൻ) അറിയാമായിരുന്നു, എന്നിട്ടും ആ സമ്മാനങ്ങളെല്ലാം അവർ സ്വീകരിച്ചു,” ഒരു ഇ ഡി ഉദ്യോഗസ്ഥൻ പറയുന്നു.
മുംബൈയിലെ മഹാലക്ഷ്മി റേസ്കോഴ്സിൽ നിന്ന് 57 ലക്ഷം രൂപയ്ക്ക് എസ്പുയേല എന്ന കുതിരയെയും നാല് പൂച്ചകളെയും ജാക്വലിനായി അയാൾ വാങ്ങി. 2021 ജൂൺ മാസം ചെന്നൈയിൽ നടക്കുന്ന അമ്മാവന്റെ ശവസംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ ജാക്വലിനെ അയാൾ ക്ഷണിച്ചിരുന്നു. അന്നേ ദിവസമാണ് അവർ അവസാനമായി കാണുന്നത് . രണ്ട് റേഞ്ച് റോവറിൽ 15 അംഗരക്ഷകരുടെ കാവലിൽ അവർ നഗരം മുഴുവൻ ചുറ്റിക്കറങ്ങി. ജാക്വലിനായി കേരളത്തിലേക്ക് രണ്ടുതവണ സ്വകാര്യ വിമാനം ഏർപ്പാടാക്കുകയും താമസത്തിനും മറ്റുമുള്ള പണം നൽകുകയും ചെയ്തു. ഇതോടൊപ്പം ജാക്വലിന്റെ ചാരിറ്റി പ്രവർത്തനത്തിനും അയാൾ സംഭാവന നൽകി. സുകേഷിൽ നിന്ന് ജാക്വലിൻ 7.12 കോടി രൂപ കൈപ്പറ്റിയതായാണ് ഇഡി അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നത്. ജാക്വിലിനെ നായികയാക്കി ഒരു ടെലിവിഷൻ ഷോ എഴുതാൻ തിരക്കഥാകൃത്തിന് 15 ലക്ഷം രൂപ സുകേഷ് നൽകി. ബിഎംഡബ്ല്യു കാർ വാങ്ങാൻ യുഎസിലുള്ള ജാക്വിലിന്റെ സഹോദരിക്ക് 172,913 യുഎസ് ഡോളർ അയച്ചു, ബഹ്റൈനിലുള്ള അവരുടെ മാതാപിതാക്കൾക്കായി പോർഷെയും മസെരാറ്റിയും അവരുടെ സഹോദരന് 26,740 ഓസ്ട്രേലിയൻ ഡോളർ അയച്ചു കൊടുത്തു.
എന്നാൽ, ഒട്ടും വൈകാതെ തന്നെ അവർ തമ്മിലുള്ള ബന്ധത്തിൽ പിരിമുറുക്കം ഉടലെടുത്തു. പിങ്കിയാണ് സമാധാന ചർച്ചകൾക്ക് മുൻകൈയ്യെടുത്തത്. J&S എന്ന ഇനീഷ്യലുള്ള ടിഫാനിയുടെ വൈര മോതിരം സുകേഷ് നൽകിയതായും കുറ്റപത്രത്തിൽ പറയുന്നു.
സുകേഷ് കൂടുതൽ പൊസസീവാകുകയും തന്റെ ജോലിയിലിടപ്പെടാൻ തുടങ്ങുകയും ചെയ്തിരുന്നതായി ജാക്വലിൻ ഇഡിയോട് പറഞ്ഞു. സുകേഷ് തന്റെ കുടുംബത്തെ പരിചയപ്പെടുത്താത്തത് ജാക്വലിന്റെ സംശയം വർധിപ്പിച്ചു. എന്നാൽ സുകേഷ് ആദ്യം അവളോടും അവളുടെ സുഹൃത്തുക്കളോടും നല്ലനിലയിലാണ് പെരുമാറിയത് അതിനാൽ, അവൾ “അവനെ പരിഷ്കരിക്കാൻ ശ്രമിക്കുകയായിരുന്നു, മുൻകാല പ്രവർത്തനങ്ങളുടെ അടിസ്ഥാനത്തിൽ അവനെ വിലയിരുത്താൻ ആഗ്രഹിച്ചില്ല.”
സുകേഷ് ജാക്വലിനെ കബളിപ്പിക്കുകയായിരുന്നുവെന്ന് അവകാശപ്പെട്ട ജാക്വലിന്റെ അഭിഭാഷകൻ പ്രശാന്ത് പാട്ടീൽ “സത്യം വിജയിക്കുക തന്നെ ചെയ്യുമെന്ന് “പറഞ്ഞു . എഡിറ്റർ ആണെന്ന് ആൾമാറാട്ടം നടത്തി സുകേഷിനാൽ കബളിപ്പിക്കപ്പെട്ട തന്റെ കക്ഷിയെ ഈ കേസിൽ സാക്ഷിയാക്കാത്തത് എന്തുകൊണ്ടാണെന്ന് പിങ്കിയുടെ അഭിഭാഷകനായ ആർകെ ഹാൻഡൂ ചോദിക്കുന്നു.
എന്നാൽ കൂട്ടുപ്രതികൾ ഇരകളാകാൻ ശ്രമിക്കുകയാണെന്ന് സുകേഷിന്റെ അഭിഭാഷകനായ ആനന്ദ് മാലിക്ക് ആരോപിക്കുന്നു. ആരോപണങ്ങളൊക്കെ വെറും ശബ്ദകോലാഹലങ്ങൾ മാത്രമാണെന്നും ആനന്ദ് മാലിക് പറഞ്ഞു. വിലപിടിപ്പുള്ള കാർ വാങ്ങിയത് നിയമാനുസൃതമായിട്ടാണെന്നും അവർ കുടുംബവുമായി ലീന ബന്ധപ്പെട്ടിട്ടില്ലെന്നും ലിനയുടെ അഭിഭാഷകൻ അവകാശപ്പെട്ടു.
സുകേഷിൽ നിന്ന് കൈക്കൂലി വാങ്ങിയതിന് രോഹിണി ജയിലിലെ 80-ലധികം ജീവനക്കാർക്കെതിരെ കേസെടുത്തിട്ടുണ്ട്. “അവനെപ്പോലെ കൗശലക്കാരനായ ഒരാൾ ഉള്ളപ്പോൾ, നിയമം പറയുന്നതനുസരിച്ച് മുന്നോട്ട് പോകുന്നതാണ് ശരിയായ മാർഗമെന്ന് ജയിൽ ഡി ജി ആയ സഞ്ജയ് ബെനിവാള അഭിപ്രായപ്പെട്ടു. ഞങ്ങളുടെ ജോലി ശരിയായി ചെയ്യാത്തതിനാൽ ഞങ്ങൾക്ക് ചീത്തപേരുണ്ടായി. സംവിധാനം പഴയതുപോലെയാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു,” അദ്ദേഹം പറഞ്ഞു.
ജയിൽ ജീവനക്കാർക്കായി പരിശീലന ശിൽപശാലകൾ , മൊബൈൽ ഫോൺ ഉപയോഗം തടയാൻ റെയ്ഡുകൾ, ജയിൽ ജീവനക്കാരെ അഴിമതി ചെയ്യാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ ഇല്ലാതാക്കുക എന്നിങ്ങനെയുള്ള തിരക്കിലാണിപ്പോൾ അദ്ദേഹം.
കേസ് നടക്കുമ്പോൾ, ഡൽഹിയിലെ മണ്ഡോലി ജയിലിൽ ഭാര്യക്കൊപ്പം കഴിയുന്ന സുകേഷ് കൂടുതൽ സമയം ചെലവഴിക്കുന്നത് പത്രങ്ങൾ വായിച്ചും മാധ്യമങ്ങൾക്ക് കത്തെഴുതിയുമാണ്.