അനിൽ കപൂറിനേക്കാളും പ്രായം തനിക്ക് കുറവാണെങ്കിലും അദ്ദേഹത്തിന്റെ ജ്യേഷ്ഠനായി വേഷമിടുന്നതിൽ പ്രശ്നമൊന്നുമില്ലെന്ന് ജാക്കി ഷ്റോഫ്. മാത്രമല്ല ചിത്രങ്ങളിൽ സഹനടനായി അഭിനയിക്കുന്നതിൽ ബുദ്ധിമുട്ടില്ലെന്നും കാരണം ജീവിതത്തിൽ ഇത്രയും നാൾ അങ്ങനെയുള്ള വേഷങ്ങളാണ് ചെയ്തിരുന്നതെന്നും ജാക്കി പറഞ്ഞു. രാം ലകൻ, ത്രിമൂർത്തി, രൂപ് കി റാണി ചോറോൻ കാ രാജ തുടങ്ങിയ ചിത്രങ്ങളിൽ അനിൽ കപൂറിന്റെ മൂത്ത സഹോദരനായാണ് ജാക്കി വേഷമിട്ടത്.
ഇങ്ങനെ അഭിനയിക്കുന്നതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ എന്ന ചോദ്യത്തിന് തന്നെ അതു ഒരു തരത്തിലും ബാധിക്കാറില്ലെന്നായിരുന്നു ജാക്കിയുടെ മറുപടി. “അദ്ദേഹം കുറച്ച് മെലിഞ്ഞിട്ടാണ്, എനിക്കാണെങ്കിൽ നല്ല ശരീരവുമുണ്ട്. ഞാൻ ആനയാണ്, എനിക്ക് ഭാരമുണ്ട്, അതുകൊണ്ടാണ് ഞാൻ എപ്പോഴും മൂത്ത സഹോദരനായെത്തുന്നത്. എന്നെ എപ്പോൾ കണ്ടാലും അദ്ദേഹം എന്റെ കാലിൽ തൊട്ട് വണങ്ങും, സിനിമയിലേതു പോലെ തോന്നിപ്പിക്കാനാണത്,” ജാക്കി പറഞ്ഞു.
അനിലിനെ ആദ്യം കണ്ടുമുട്ടിയ നിമിഷത്തെ കുറിച്ചും ജാക്കി ഓർത്തെടുത്തു. “ഞങ്ങൾ തമ്മിലൊരു പരസ്പര ധാരണയുണ്ട്. എന്നും കാണുകയോ സംസാരിക്കുകയോ ചെയ്യേണ്ട ആവശ്യമില്ല. എന്നാൽ കാണുമ്പോഴെല്ലാം ആദ്യമായി കണ്ട ആ നിമിഷത്തിലേക്ക് മടങ്ങി പോകും. നാപിയൻ സീ റോഡിൽ അദ്ദേഹത്തിന്റെ കാമികയെ അതായത് ഇപ്പോഴത്തെ ഭാര്യയെ കാണാൻ പോയ സമയം. ജഗ്ഗു, എനിക്ക് നിങ്ങളെ പോലെ വസ്ത്രം ധരിക്കണമെന്ന് എന്നോട് പറഞ്ഞു. ആ സുഹൃത്തേ എന്തൊക്കെയുണ്ട് വിശേഷം എന്ന രീതിയിൽ പെരുമാറുന്നവരല്ല ഞങ്ങളെന്ന് എനിക്ക് നല്ലവണ്ണം അറിയാം. എന്നാൽ ഞങ്ങൾ കണ്ടുമുട്ടുമ്പോഴെല്ലാം സഹോദരങ്ങളെന്ന് നിലയിൽ അടിപൊളിയാണ്,” ജാക്കി കൂട്ടിച്ചേർത്തു.
വയസ്സു കൊണ്ട് പ്രായമായെങ്കിലും ഇരുവരെയും കാണാൻ യുവാക്കളെ പോലെയാണെന്നാണ് ആരാധകർ പറയുന്നത്. 1956 ഡിസംബറിലാണ് അനിൽ കപൂറിന്റെ ജനനം, അതിന്റെ അടുത്ത് വർഷം ഫെബ്രുവരിയിലാണ് ജാക്കി ജനിച്ചത്. ദമാൽ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി ഒന്നിച്ച് പ്രവർത്തിച്ചത്. ചിത്രത്തിൽ ജാക്കിയുടെ ശബ്ദ സാന്നിധ്യം മാത്രമാണ് ഉണ്ടായിരുന്നത്.