സ്വന്തം കുടുംബത്തോട് താനെന്നും ഒരു ‘കൊളളരുതാത്തവന്‍’ ആയാണ് പെരുമാറിയതെന്ന് നടന്‍ ജാക്കി ചാന്‍. തന്റെ ആത്മകഥയായ ‘നെവര്‍ ഗ്രോ അപ്’ എന്ന പുസ്തകത്തില്‍ തന്റെ ലൈംഗിക ജീവിതത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും കുടുംബജീവിതത്തെ കുറിച്ചും ജാക്കി ചാന്‍ വെളിപ്പെടുത്തുന്നു. തന്റെ യുവത്വം കുത്തഴിഞ്ഞതായിരുന്നെന്ന് 64കാരനായ ജാക്കി ചാന്‍ വ്യക്തമാക്കുന്നു. മദ്യം, ലൈംഗികത്തൊഴിലാളികളുമായുളള ലൈംഗികബന്ധം, പണം എന്നിവ മാത്രമായിരുന്നു അന്ന് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പറയുന്നു.

ഒരുപാട് സ്ത്രീകളുമായി ബന്ധം പുലര്‍ത്തിയ ചാന്‍ ആത്മകഥയില്‍ ‘നമ്പര്‍ 9’ എന്ന് സൂചിപ്പിക്കുന്ന സ്ത്രീയുമായി വര്‍ഷങ്ങളോളം ബന്ധം പുലര്‍ത്തിയിരുന്നതായും വ്യക്തമാക്കി. പേചെക്കുകള്‍ കൊണ്ട് സാഹസം കാട്ടിയും മദ്യപിച്ച് വാഹനമോടിച്ചും ജീവിതം ഒരു ഞാണിന്മേല്‍ കളിയാക്കി താന്‍ മാറ്റിയിട്ടുണ്ടെന്നും ചാന്‍ വെളിപ്പെടുത്തി. ‘ഹോളിവുഡില്‍ വിജയം കൈവരിക്കുന്നതിനും എത്രയോ മുമ്പാണ് ആദ്യ കാമുകിയുമായി ബന്ധമുണ്ടാവുന്നത്. സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിച്ച് രാത്രി വൈകി എത്തുമ്പോള്‍ അവള്‍ വീട്ടിലുണ്ടെങ്കില്‍ അവഗണിക്കാനായി ഞാന്‍ പുറത്ത് ചൂതാട്ടത്തിന് പോകും,’ ചാന്‍ പറയുന്നു.

തായ്വാന്‍ നടിയായ തെരേസ തെംഗുമായി പ്രണയത്തിലായിരുന്നപ്പോള്‍ ലൈംഗികമായി അപമര്യാദയോടെയാണ് താന്‍ പെരുമാറിയിട്ടുളളതെന്നും ചാന്‍ വെളിപ്പെടുത്തി. ‘എന്റെ അരക്ഷിതാബോധം കൊണ്ട് അവരോട് ഞാന്‍ വളരെ മോശമായാണ് പെരുമാറിയത്. ചെറുപ്പം മുതല്‍ തന്നെ സമ്പന്നരായ കുട്ടികളെ കണ്ട് ഞാന്‍ തല കുനിക്കുമായിരുന്നു. എന്റെ ഈ അപകര്‍ഷതാബോധം തെരേസയുമായുളള ബന്ധത്തില്‍ നിഴലിച്ചു. അത് അവളുടെ തെറ്റായിരുന്നില്ല. അവള്‍ തെറ്റായിട്ടൊന്നും ചെയ്തില്ല. ഞാന്‍ വളരെ മോശമായിട്ടാണ് പെരുമാറിയത്,’ ജാക്കി ചാന്‍ പറയുന്നു.

ജാക്കി ചാനും തെരേസ തെംഗും

പിന്നീട് അദ്ദേഹത്തിന്റെ പത്നിയായി മാറിയ ജൊവാന്‍ ലിന്നിനോടും താന്‍ മോശമായി പെരുമാറിയതായി അദ്ദേഹം പറഞ്ഞു. പക്വത ഇല്ലായ്മയും സ്വയം സംശയം ഉള്ളതും കാരണമാണ് ഇത് സംഭവിച്ചതെന്നും ചാന്‍ കൂട്ടിച്ചേര്‍ക്കുന്നു. ‘എല്ലാവര്‍ക്കും പ്രിയങ്കരിയായ വളരെ നല്ല പേരുളള ഒരു നടിയാണ് അവരെന്ന വസ്തുത എനിക്കറിയാമായിരുന്നു. ഞാനൊരു വൃത്തികെട്ട കുങ്ഫു മാസ്റ്റര്‍ മാത്രമാണെന്നായിരുന്നു എന്റെ ചിന്ത,’ ചാന്‍ പറഞ്ഞു.

ജാക്കി ചാനും ഭാര്യ ജൊവാന്‍ ലിന്നും

1981ല്‍ ലിന്‍ ഗര്‍ഭിണിയായതിന് ശേഷമാണ് ഇരുവരും ലൊസാഞ്ചല്‍സില്‍ വച്ച് വിവാഹിതരായത്. ലിന്‍ ഗര്‍ഭിണിയായിരുന്ന കാലത്ത് ചാന്‍ സിനിമാ ലൊക്കേഷനുകളിലായിരുന്നു. ഒരു തവണ പോലും അദ്ദേഹം ലിന്നിനെ കാണാന്‍ പോയിരുന്നില്ല. ലിന്‍ കരുതിക്കൂട്ടി ഗര്‍ഭിണി ആയതാണെന്നും തന്റെ പണമാണ് അവള്‍ക്ക് വേണ്ടതെന്നും ചില സുഹൃത്തുക്കള്‍ അന്ന് പറഞ്ഞതായി നടന്‍ ഓര്‍ത്തെടുക്കുന്നു. എന്നാല്‍ അതായിരുന്നില്ല വസ്തുതയെന്ന് പിന്നീട് ബോദ്ധ്യപ്പെട്ടതായി ജാക്കി ചാന്‍ പറഞ്ഞു. അന്ന് താന്‍ ലിന്നിനെ വഞ്ചിച്ച് നടിയും മുന്‍ മിസ് ഏഷ്യയുമായ എലൈന്‍ നാഗുമായി ബന്ധത്തിലായതും പിന്നീട് എലൈന്‍ ഗര്‍ഭിണിയായതും ചാന്‍ വെളിപ്പെടുത്തി.

അന്ന് വിവാദമായ ഈ ബന്ധത്തെ കുറിച്ച് വിശദീകരിച്ച് ചാന്‍ രംഗത്തെത്തിയിരുന്നു. ‘എല്ലാ ആണിനും പറ്റുന്നത് പോലെ വലിയൊരു തെറ്റ് തനിക്ക് പറ്റി’ എന്നാണ് അന്ന് ചാന്‍ പറഞ്ഞത്. ‘ഞാന്‍ സ്വാര്‍ത്ഥനായിരുന്നു. മറ്റുളളവരുടെ വാക്ക് കേട്ട് പെട്ടെന്ന് വിശ്വസിക്കും. മറ്റുളളവരോട് അലിവ് തോന്നാറും ഇല്ല. അന്ന് ജോവാന്‍ എനിക്ക് എന്റെ വഴി തിരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം തന്നിരുന്നു. ഞാന്‍ അവരെ വളരെയധികം ബഹുമാനിക്കുന്നു. എനിക്ക് വേണ്ടി ത്യാഗം സഹിച്ചതിന് ഞാന്‍ നന്ദി പറയുന്നു,’ ആത്മകഥയില്‍ ജാക്കി ചാന്‍ പറയുന്നു.

സിനിമയില്‍ വന്ന് പണം ഉണ്ടാക്കിയതോടെ താന്‍ കുടുംബത്തെ മറന്നതായും സിനിമയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചതായും അദ്ദേഹം പറഞ്ഞു. ‘അന്ന് ഞാന്‍ വര്‍ഷം 2 മില്യണ്‍ ഡോളര്‍ ഭക്ഷണത്തിനും സുഹൃത്തുക്കള്‍ക്കുളള സമ്മാനത്തിനും ചെലവഴിക്കും. പക്ഷെ അന്ന് എന്റെ മക്കളുടെ മാതാവ് അവളുടെ പണം കൊണ്ട് കുട്ടികളെ നോക്കുകയായിരുന്നു,’ ചാന്‍ പറഞ്ഞു.

അതേസമയം, എലൈനിന്റെ മകളായ എത്തയെ കുറിച്ച് ആത്മകഥയില്‍ ജാക്കി ചാന്‍ പരാമര്‍ശിക്കുന്നില്ല. തന്റെ പ്രശസ്തനായ അച്ഛനുമായി യാതൊരു ബന്ധവുമില്ലെന്ന് എത്ത പറഞ്ഞിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook