മലയാളസിനിമയിലേക്ക് അപ്രതീക്ഷിതമായി ലഭിച്ചൊരു അഭിനേതാവാണ് സൗബിൻ സാഹിർ. സിനിമാ സംവിധാനമെന്ന സ്വപ്നവുമായി ഷൂട്ടിംഗ് ലൊക്കേഷനുകളിൽ സംവിധായകരുടെ സഹായിയായി നടക്കുന്നതിനിടയിലാണ് ക്യാമറയ്ക്ക് പിറകിൽ നിന്നും മുൻപിലേക്കുള്ള സൗബിന്റെ കടന്നുവരവ്. ചെറിയ ചെറിയ വേഷങ്ങളിലൂടെ കയറി വന്ന് ഒടുവിൽ മലയാളസിനിമയിൽ നായകനായും സൗബിൻ തിളങ്ങി. മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം വരെ നേടിയെടുത്ത സൗബിൻ മലയാളസിനിമയുടെ വലിയൊരു പ്രതീക്ഷയാണിന്ന്.
ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളുടെ ഇടയിലാണ് സൗബിന്റെ സ്ഥാനം എന്നു വിശേഷിപ്പിക്കുകയാണ് പ്രശസ്ത സിനിമോട്ടോഗ്രാഫറും സംവിധായകനുമായ സന്തോഷ് ശിവൻ. സൗബിന്റെ സഹകരണമനോഭാവം, കഠിനാദ്ധ്വാനം ചെയ്യാനുള്ള മനസ്സ് എന്നീ ഗുണങ്ങളെയും പ്രശംസിക്കാനും സന്തോഷ് ശിവൻ മറന്നില്ല.
മഞ്ജു വാര്യരെ പ്രധാനകഥാപാത്രമാക്കി സന്തോഷ് ശിവൻ സംവിധാനം ചെയ്യുന്ന ‘ജാക്ക് ആൻഡ് ജില്ലി’ൽ സൗബിൻ സാഹിറും പ്രധാന വേഷത്തെ അവതരിപ്പിക്കുന്നുണ്ട്. മഞ്ജുവാര്യരോളം തന്നെ പ്രാധാന്യമുള്ള കഥാപാത്രത്തെയാണ് ചിത്രത്തിൽ സൗബിൻ അവതരിപ്പിക്കുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിലെ സൗബിന്റെ ലുക്കും സന്തോഷ് ശിവൻ റിലീസ് ചെയ്തു.
Soubin in Jack and Jill..
One of the most talented actors in India..and the most cooperative and hard working..
God bless pic.twitter.com/vBSLV9GG6U— SantoshSivanASC. ISC (@santoshsivan) May 17, 2019
മഞ്ജു വാര്യർ, സൗബിൻ എന്നിവരെ കൂടാതെ കാളിദാസ് ജയറാം, അജു വര്‍ഗീസ്, നെടുമുടി വേണു തുടങ്ങിയ വലിയ താരനിര തന്നെ ചിത്രത്തിലുണ്ട്. സന്തോഷ് ശിവനുമായി പ്രവര്‍ത്തിക്കാന്‍ അവസരം ലഭിച്ചത് തന്റെ സ്വപ്നസാക്ഷാത്കാരമാണെന്നാണ് കാളിദാസ് ജയറാം പ്രതികരിച്ചത്.
Jack and Jill pic.twitter.com/mC5rHSXKat
— SantoshSivanASC. ISC (@santoshsivan) November 5, 2018
ദുബായിലുള്ള ലെൻസ്മാൻ സ്റ്റുഡിയോസിന്റെ സഹകരണത്തോടെയാണ് സന്തോഷ് ശിവൻ ഈ ചിത്രം തയ്യാറാക്കുന്നത്. ആലപ്പുഴ ഹരിപ്പാടായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളിൽ ഒന്ന്. കേരളത്തിലെ പല ഭാഗങ്ങളെക്കൂടാതെ ലണ്ടനും ചിത്രത്തിന്റെ പ്രധാന ലൊക്കേഷനാണ്.
സന്തോഷ് ശിവനും, മഞ്ജു വാര്യരും ഒന്നിക്കുന്ന ആദ്യ ചിത്രം എന്ന നിലയിൽ പ്രേക്ഷകർക്ക് ഏറെ പ്രതീക്ഷിക്കാവുന്ന സംഗതികളാണ് ചിത്രത്തിലുള്ളത്. ത്രില്ലർ ഗണത്തിൽ പെടുത്താവുന്ന മുഴുനീള എന്റർടെയിനറായിരിക്കും ചിത്രമെന്നാണ് അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഹോളിവുഡിലെയും ബോളിവുഡിലെയും പ്രശസ്തരായ സാങ്കേതിക വിദഗ്‌ധർ ഉൾപ്പെടെയുള്ള വലിയൊരു ടീമാണ് ഇതിനു വേണ്ടി സന്തോഷ് ശിവന്റെയൊപ്പം അണിനിരക്കുന്നത്.
2011–ൽ റിലീസായ ‘ഉറുമി’ക്കു ശേഷം സന്തോഷ് ശിവൻ ഒരുക്കുന്ന മലയാള ചിത്രമാണ് ജാക്ക് ആന്‍ഡ് ജിൽ. ‘അനന്തഭദ്രം’ (2005), ‘ഉറുമി’ (2011) എന്നീ സിനിമകളുടെ സാങ്കേതിക പരിപൂർണ്ണതയെക്കുറിച്ച് സമൂഹ മാധ്യമങ്ങളിലും മറ്റും ഇന്നും ചർച്ചകൾ നടക്കുകയാണ്. അവയൊക്കെ പ്രേക്ഷകരിൽ ഉണ്ടാക്കിയ ചലനം വളരെ വലുതാണ്.