കേരളത്തിലെ ദുരിതാശ്വാസ നിധിയിലേക്ക് ബോളിവുഡ് താരം സല്‍മാന്‍ ഖാന്‍ 12 കോടി നല്‍കി എന്ന് പറഞ്ഞ നടന്‍ ജാവേദ് ജാഫ്രി ഇപ്പോള്‍ കുഴപ്പത്തിലായിരിക്കുകയാണ്. പ്രളയക്കെടുത്തിയില്‍ പെട്ടുഴറുന്ന കേരളത്തിനെ സഹായിക്കാന്‍ ബോളിവുഡ് താരങ്ങളില്‍ പലരും  മുന്നോട്ട് വന്ന സാഹചര്യത്തിലായിരുന്നു ജാവേദ്‌ ഇങ്ങനെ പറഞ്ഞത്.

“സല്‍മാന്‍ ഖാന്‍ കേരളത്തിന്‌ 12 കോടി കൊടുത്തു എന്ന് കേള്‍ക്കുന്നു. ഈ മനുഷ്യന്‍ വേറെ ലെവെലാണ്. എത്രയോ പേരുടെ അനുഗ്രഹവും പ്രാര്‍ത്ഥനയുമാണ്‌ ഇയാള്‍ കൊണ്ട് പോകുന്നത്…. നിങ്ങളെ ദൈവം രക്ഷിക്കട്ടെ സഹോദരാ. സ്നേഹം, ബഹുമാനം”, എന്നാണ് ജാവേദ് ജാഫ്രി കുറിച്ചത്.

എന്നാല്‍ കേരള മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും റിലീസ് ചെയ്യപ്പെട്ടിട്ടുള്ള സംഭാവനകളുടെ ലിസ്റ്റില്‍ സല്‍മാന്‍ ഖാന്റെ പേരില്ല എന്ന് ചൂണ്ടിക്കാണിച്ചു പലരും രംഗത്തെത്തി. സല്‍മാനു കൈയ്യടിച്ചു ആരാധകര്‍ എത്തിയപ്പോള്‍ ട്രോളുകള്‍ക്കും കുറവില്ലായിരുന്നു. ഇതേത്തുടര്‍ന്ന് ജാവേദ്‌ തന്‍റെ ട്വീറ്റ് ഡിലീറ്റ് ചെയ്തു. ഇപ്പോഴിതാ അതിനു വിശദീകരണവുമായി എത്തിയിരിക്കുകയാണ് ജാവേദ്.

“സല്‍മാന്‍ ഖാന്‍ കേരളത്തിന്‌ വേണ്ടി സംഭാവന ചെയ്തതായി ഞാന്‍ ‘കേട്ടു’ എന്ന് ഞാന്‍ ട്വീറ്റ് ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ട്രാക്ക് റെക്കോര്‍ഡ്‌ വച്ച് കേട്ടത് സത്യമാകാനുള്ള സാധ്യതകള്‍ വളരെ കൂടുതലായിരുന്നതിനാലാണ് അതിനെക്കുറിച്ചുള്ള എന്റെ ആലോചനയും ആരാധനയും ഞാന്‍ പ്രകടിപ്പിച്ചത്. വിവരം സ്ഥിരീകരിച്ചു കിട്ടുന്നത് വരെ ആ ട്വീറ്റ് എടുത്തു മാറ്റുകയാണ്”, ഏറ്റവും പുതിയ ട്വീറ്റില്‍ ജാവേദ് ജാഫ്രി പറയുന്നതിങ്ങനെ.

ശബ്ദലേഖകന്‍ റസൂല്‍ പൂക്കുട്ടിയുടെ നേതൃത്വത്തില്‍ ബോളിവുഡ് താരങ്ങളുടെ കേരളത്തിലേക്കുള്ള സംഭാവനകള്‍ സമാഹരിച്ചു എത്തിക്കാനുള്ള ശ്രമങ്ങള്‍ നടന്നു വരികയാണ്. കേരളത്തിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി അമിതാഭ് ബച്ചന്‍ 51 ലക്ഷം രൂപയും സാധനസാമഗ്രഹികളും സംഭാവന ചെയ്തു എന്നാണ് ഇപ്പോള്‍ അറിയാന്‍ കഴിയുന്നത്‌. തന്റെ സ്വകാര്യ ആവശ്യങ്ങള്‍ക്കായി വാങ്ങി സൂക്ഷിച്ചിരുന്ന പലതും ബച്ചന്‍ കേരളത്തിന്‌ കൊടുത്തു വിട്ടതായി റസൂല്‍ പൂക്കുട്ടിയുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. ആറു കാര്‍ട്ടനുകളിലായി 80 ജാക്കറ്റ്കള്‍, 25 പാന്റ്, 20 ഷര്‍ട്ട്‌, സ്കാര്‍ഫുകള്‍, 40 ജോഡി ഷൂ എന്നിവയാണ് ബച്ചന്‍ അയച്ചിട്ടുള്ളത് എന്നാണ് അവര്‍ വെളിപ്പെടുത്തിയത്.

Read More: ആദ്യ സിനിമയുടെ പ്രതിഫലം കേരളത്തിനു നല്‍കി ബോളിവുഡ് താരം

ബച്ചന്‍ കുടുംബം കൂടാതെ ധാരാളം ബോളിവുഡ് താരങ്ങളും കേരളത്തെ പിന്തുണച്ചു കൊണ്ട് സജീവമായി രംഗത്ത്‌ വന്നിരുന്നു. വിദ്യാ ബാലന്‍, കരണ്‍ ജോഹര്‍ എന്നിവരാണ് കേരളത്തിന്‌ സഹായ ഹസ്തം ആവശ്യപ്പെട്ടു കൊണ്ട് സോഷ്യല്‍ മീഡിയയില്‍ എത്തിയത്. കേരളത്തിന്റെ ദുരിതാവസ്ഥ ബോളിവുഡിന്റെ ശ്രദ്ധയില്‍പ്പെടുത്തി, അവരുടെ ഇടപെടല്‍ ആവശ്യപ്പെട്ടു കൊണ്ടിരിക്കുന്നത് റസൂല്‍ പൂക്കുട്ടിയാണ്.

ബോളിവുഡിലെ സഹപ്രവര്‍ത്തകരോട് കേരളത്തെ സഹായിക്കണം എന്ന് താന്‍ നേരിട്ട് അഭ്യര്‍ഥിച്ചതായും അവരുടെ സംഭാവനകളെ എല്ലാം ചേര്‍ത്ത് സമാഹരിക്കുകയാണ് ഇപ്പോള്‍ എന്നും റസൂല്‍ ട്വീറ്റ് ചെയ്തു. ബോളിവുഡ് കേരളത്തിനൊപ്പം നില്‍ക്കുന്നു എന്നും റസൂല്‍ കൂട്ടിച്ചേര്‍ത്തു. വളരെ പെട്ടെന്ന് തന്നെ റസൂലിന്റെ ആവശ്യത്തിനോട്‌ ഷാരൂഖ് ഖാന്‍ പ്രതികരിക്കുകയും ഉചിതമായ നടപടി കൈക്കൊള്ളുകയും ചെയ്തു.  അദ്ദേഹം അഞ്ചു കോടി രൂപ സംഭാവന ചെയ്തതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ബോളിവുഡില്‍ നിന്നും നിരവധി പേര്‍ കേരളത്തിന് സംഭാവന നല്‍കിയിട്ടുണ്ട്. കഴിഞ്ഞദിവസം അക്ഷയ് കുമാര്‍ നല്‍കിയ ചെക്ക് സംവിധായകന്‍ പ്രിയദര്‍ശന്‍ മുഖ്യമന്ത്രിക്ക് കൈമാറി.

Read More: കേരളത്തിനും കുടകിനും വേണ്ടി കൈനീട്ടി ഐശ്വര്യ റായ്

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook