വർഷങ്ങൾ നീണ്ട ഇടവേളയ്ക്കു ശേഷം നടി മഞ്ജു വാര്യർ മാഗസിൻ കവർ പേജിൽ പ്രത്യക്ഷപ്പെട്ടപ്പോൾ കണ്ടവരെല്ലാം ഒന്നു ഞെട്ടി. മേക്കോവറിലൂടെ മഞ്ജു പഴയതിലും സുന്ദരിയായതിന്റെ രഹസ്യം തേടിയവർ ജാന്മണി ദാസ് എന്ന മേക്കപ്പ് ആർട്ടിസ്റ്റിന്റെ പേര് ശ്രദ്ധിച്ചു തുടങ്ങിയത് അങ്ങനെയാണ്. കഴിഞ്ഞ ഏഴു വർഷമായി മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങളുടെയെല്ലാം ഇഷ്ട മേക്കപ്പ് ആർട്ടിസ്റ്റാണ് ജാന്മണി. ഭിന്നലിംഗക്കാരി എന്നറിയപ്പെടുന്നതിനേക്കാൾ ഒരു സ്ത്രീയായി അറിയപ്പെടാനാണ് ജാന്മണി ഇഷ്ടപ്പെടുന്നത്. തന്റെ ജീവിത അനുഭവങ്ങളും സ്വപ്നങ്ങളും ആഗ്രഹങ്ങളും ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പങ്കുവയ്ക്കുകയാണ് ജാന്മണി…
അസമിൽ നിന്നു കേരളത്തിലേക്ക്
ജനിച്ചു വളർന്നത് അസമിലെ ഗോഹട്ടിയിലാണ്. ഏഴ് വർഷങ്ങൾക്ക് മുൻപ് ഒരു അസമീസ് സിനിമയുടെ ചിത്രീകരണത്തിന്റെ ഭാഗമായാണ് കേരളത്തിലെത്തിയത്. ആ സിനിമയുടെ മേക്കപ്പ് ആർട്ടിസ്റ്റായിരുന്നു ഞാൻ. ഇവിടെ വച്ചാണ് നിർമാതാവ് ടി.എം.റഫീഖിനേയും സംവിധായകനും ഫോട്ടോഗ്രാഫറുമായ എബ്രിഡ് ഷൈനേയും പരിചയപ്പെടുന്നത്. അവരാണ് കേരളത്തിൽ നിൽക്കാൻ പ്രേരിപ്പിച്ചത്. എബ്രിഡാണ് നടി അമലാ പോളിന് എന്നെ പരിചയപ്പെടുത്തുന്നത്. അങ്ങനെ മലയാള സിനിമകളിലേക്കും തെന്നിന്ത്യൻ സിനിമകളിലേക്കും എത്തിപ്പെടുകയായിരുന്നു. റഫീഖും എബ്രിഡുമാണ് എന്റെ ജീവിതത്തിലെ സുപ്രധാന വഴിത്തിരിവിന് കാരണം. അവരാണ് ഞാൻ ഇന്ന് എവിടെയെങ്കിലും എത്തിയിട്ടുണ്ടെങ്കിൽ അതിന് കാരണക്കാർ.
നർത്തകിയിൽ നിന്ന് ചമയത്തിലേക്ക്
ചെറുപ്പം മുതൽ ഒരു നർത്തകിയാകാനായിരുന്നു ആഗ്രഹം. നൃത്തം അഭ്യസിക്കുകയും ചെയ്തിരുന്നു. നൃത്തത്തോടുള്ള പ്രണയംകൊണ്ട് സത്രിയ(അസമീസ് നൃത്തം)യിലും ഭരതനാട്യത്തിലുമാണ് ഞാൻ ബിരുദമെടുത്തത്. കഥകും എനിക്ക് പ്രിയപ്പെട്ടതായിരുന്നു. എന്നിട്ടും വിധി മറ്റൊരിടത്തേക്കാണ് എന്നെ എത്തിച്ചത്. പക്ഷേ എല്ലാ സ്വപ്നവും പൂർത്തിയാകണമെന്നില്ലല്ലോ. മേക്കപ്പിനോടും ഇഷ്ടം തോന്നിയാണ് പ്രശസ്ത മേക്കപ്പ് ആർട്ടിസ്റ്റും ഹെയർ സ്റ്റൈലിസ്റ്റുമായ റതുൽ ബൊറോയ്ക്ക് കീഴിൽ പഠിച്ചത്. അങ്ങനെയാണ് അസമീസ് സിനിമകളിൽ ചമയമൊരുക്കാൻ തുടങ്ങിയത്. 36 അസമീസ് ച്ത്രങ്ങൾ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ 11 വർഷമായി ഈ മേഖലയിൽ പ്രവർത്തിക്കാൻ തുടങ്ങിയിട്ട്. എട്ട് മലയാളം, തമിഴ് ചിത്രങ്ങളും നാല് കന്നഡയും മൂന്ന് തെലുങ്ക് ചിത്രങ്ങളും ഇതുവരെ ചെയ്തു. സിനിമകൾക്ക് പുറമേ ടെലിവിഷൻ ഷോയ്ക്കു വേണ്ടിയും പരസ്യങ്ങൾക്കായും സെലിബ്രിറ്റികൾക്കായും മേക്കപ്പ് ഇട്ടിട്ടുണ്ട്. പക്ഷേ ഇതിനേക്കാളൊക്കെ എനിക്കിഷ്ടം വധുവിനെ ഒരുക്കാനാണ്. ഒരു പെൺകുട്ടിയുടെ ജീവിതത്തിലെ ഏറ്റവും സുപ്രധാന ദിവസത്തിൽ അവരുടെ സന്തോഷത്തിൽ പങ്കുചേരാൻ കഴിയുന്നത് തന്നെ ഭാഗ്യമായി കരുതുന്നു.
നടിമാരുടെ ഇഷ്ട മേക്കപ്പ് ആർട്ടിസ്റ്റ്
മലയാളത്തിൽ മഞ്ജു വാര്യർ, അമല പോൾ, ഭാവന, മംമ്ത മോഹൻദാസ്, കാവ്യ മാധവൻ, നവ്യ നായർ, അംബിക, രാധ തുടങ്ങി നിരവധി നടിമാരുടെ കൂടെ ജോലി ചെയ്യാൻ സാധിച്ചു. ഇവരിൽ മിക്കവരുമായും നല്ല സൗഹൃദവുമുണ്ട്. മഞ്ജു വാര്യർക്ക് ഒരു ഫോട്ടോഷൂട്ടിന് വേണ്ടി മേക്കോവർ നടത്തിയത് ഏറെ പ്രശംസ നേടിത്തന്നു. മോഹൻലാലിന്റെ കൂടെ റൺ ബേബി റൺ, എന്നും എപ്പോഴും എന്നീ രണ്ടു ചിത്രങ്ങളിൽ അഭിനയിക്കാൻ സാധിച്ചത് വലിയ ഭാഗ്യമായാണു കാണുന്നത്. സത്യൻ അന്തിക്കാട്, ഡോ. ബിജു, റോഷൻ ആൻഡ്രൂസ് തുടങ്ങിയ നല്ല സംവിധായകരുടെ കൂടെ പ്രവർത്തിക്കാനായതും വലിയ അനുഭവമായിരുന്നു.
ഭിന്നലിംഗക്കാരിയല്ല, സ്ത്രീയാണ്
ഭിന്നലിംഗക്കാരി എന്നു പറയാൻ ഞാനാഗ്രഹിക്കുന്നില്ല. മാനസികമായും ശാരീരികമായും ഞാൻ ഒരു സ്ത്രീയായി മാറിക്കഴിഞ്ഞു. ഇന്ന് ഞാൻ സ്ത്രീയാണ്. അങ്ങനെ ജീവിക്കാനാണ് ആഗ്രഹിക്കുന്നതും. എന്റെ ചുറ്റുമുള്ളവരും എന്നെ സ്ത്രീയായാണ് കാണുന്നത്. ട്രാൻസ്ജെൻഡർ എന്ന വാക്കിന്റെ അർത്ഥം തന്നെ ജെൻഡർ ട്രാൻസ്ഫർമേഷൻ എന്നാണ്. ഞാൻ സ്തീയായി മാറിയതാണ്, അതിൽ സന്തോഷവതിയുമാണ്.
കുട്ടിക്കാലത്തു തന്നെ എന്നിലെ സ്ത്രീത്വത്തെ ഞാൻ തിരിച്ചറിഞ്ഞിരുന്നു. അച്ഛനും രണ്ടും സഹോദരന്മാർക്കും എന്റെ തീരുമാനത്തിൽ പേടിയൊന്നുമുണ്ടായിരുന്നില്ല. അമ്മയ്ക്ക് ചെറിയ പേടിയുണ്ടായിരുന്നെങ്കിലും പിന്നീട് അതെല്ലാം മാറി. എന്റെ കുടുംബം എനിക്ക് നല്ല പിന്തുണ തരുന്നുമുണ്ട്.
എളുപ്പമല്ല ആ മാറ്റം
ഞങ്ങൾ അനുഭവിക്കുന്ന മാനസിക പിരിമുറുക്കവും വിഷമങ്ങളും മനസ്സിലാക്കാൻ അതേ രീതിയിൽ സഞ്ചരിച്ചിട്ടുള്ളവർക്ക് മാത്രമേ സാധിക്കൂ. കാരണം, നിങ്ങൾ ചിന്തിക്കുന്നതിലും അപ്പുറമാണ് അതിന്റെ തീവ്രത. പ്രസവ വേദന പോലും ഒന്നോ രണ്ടോ മണിക്കൂർ അല്ലെങ്കിൽ ഒരു ദിവസം കൊണ്ട് അവസാനിക്കും. പക്ഷേ അതുപോലെയൊന്ന് ദീർഘകാലം അനുഭവിക്കുന്നത് ഒരിക്കലും എളുപ്പമല്ല. സങ്കീർണവും വേദനാജനകവുമാണ് ആ കാലം. പക്ഷേ ഇപ്പോൾ തിരിഞ്ഞു നോക്കുമ്പോൾ എല്ലാം നല്ലതിനായിരുന്നെന്ന് തോന്നുന്നു. പുതിയ ഒരു ജീവിതവും മനസ്സുമാണ് ഇന്ന്. ഭൂതകാലമെല്ലാം മറന്ന് ഇന്ന് എങ്ങനെയോ അതിൽ ജീവിക്കാൻ കഴിയുന്നവർക്കേ സന്തോഷത്തോടെ ജീവിക്കാൻ സാധിക്കൂ.
കേരളത്തോട് ഇഷ്ടം മാത്രം
കേരളത്തിലെ ആളുകൾ എനിക്ക് നൽകുന്ന സ്നേഹവും കരുതലും ആദരവും ഒന്നും ഒരിക്കലും മറക്കാൻ കഴിയില്ല. അതുകൊണ്ടാണ് എനിക്കിവിടെ ജീവിക്കാൻ ഇഷ്ടം തോന്നുന്നതും. കൂടെ ജോലി ചെയ്തവരും നർത്തകി സുധാ ചന്ദ്രനെ പോലുള്ളവർ എനിക്കു തരുന്ന പിന്തുണയും എല്ലാം വളരെ വലുതാണ്. എന്റെ നാട്ടിൽ ആളുകൾ യാഥാസ്ഥിതികരാണ്. എന്നാൽ ഇവിടെ എല്ലാവരേയും ഉൾക്കൊള്ളുന്ന സമൂഹമാണ്.
ഒരേയൊരു സ്വപ്നം
ഇപ്പോൾ എനിക്ക് ഒരു സ്വപ്നം മാത്രമേയുള്ളൂ. എല്ലാതരത്തിലും സുന്ദരിയായ ഒരു പെണ്ണാകണം.