നിലംതൊടാത്ത സിനിമകള്‍കൊണ്ട് മലയാളം വീര്‍പ്പുമുട്ടിയ കാലത്താണ് മണ്ണില്‍ത്തൊടുന്ന, മലയാളത്തിന്റെ മണമുളള സിനിമകളുമായി ഐവി ശശി എന്ന സംവിധായകന്റെ കടന്നുവരവ്. 1975ല്‍ ഉത്സവം എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് അരങ്ങേറ്റം കുറിച്ച അദ്ദേഹം പിന്നീട് 80കളിലും 90കളിലും മലയാള സിനിമയ്ക്ക് ഉത്സവകാലം സമ്മാനിക്കുകയായിരുന്നു. കൂടാതെ തമിഴിലും ഹിന്ദിയിലും അദ്ദേഹം മികച്ച സിനിമകളൊരുക്കി.

ഉത്സവം മുതല്‍ വെളളത്തൂവല്‍ വരെയുള്ള സിനിമകളില്‍ അദ്ദേഹത്തിലെ സംവിധായകന്റെയും സാങ്കേതികതയുടേയും പ്രതിഭാതിളക്കം മലയാളി കണ്ടു. പ്രേക്ഷകനെ കോരിത്തരിപ്പിച്ച അങ്ങാടിയും, അതിരാത്രവുമൊക്കെ അദ്ദേഹത്തിലെ സംവിധായകനെ അടയാളപ്പെടുത്തി.

ഇതാ ഇവിടെ വരെ, ഈറ്റ, കരിമ്പന, മീന്‍, ഒരിക്കല്‍ കൂടി, ഈ നാട്, ഉയരങ്ങളില്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, വാര്‍ത്ത, ആവനാഴി തുടങ്ങിയ ചിത്രങ്ങളില്‍ പ്രേക്ഷകന്‍ കണ്ടത് അവനവന്റെ ജീവിതത്തുടിപ്പുകളായിരുന്നു. സാങ്കേതികതയുടെ അഭാവത്തിലും യഥാര്‍ത്ഥ പുലിയെ ചിത്രീകരണത്തിനൊരുക്കി തയാറാക്കിയ മൃഗയ ഇന്നും പ്രേക്ഷകനെ അത്ഭുതപ്പെടുത്തുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങിയ നടന്മാര്‍ക്ക് താരപദവി നല്‍കിയതില്‍ ഐ.വി.ശശി സിനിമകള്‍ നിര്‍ണായകമായ പങ്കുവഹിച്ചിട്ടുണ്ട്. മലയാളത്തിലെ അഭിനയകുലപതികളുടെ കഴിവിനെ ഇത്രയും ചൂഷണം ചെയ്ത മറ്റൊരു സംവിധായകന്‍ ഇല്ലെന്ന് തന്നെ പറയാം. മമ്മൂട്ടിയേയും മോഹന്‍ലാലിനേയും ഒരുമിപ്പിച്ച് നിരവധി തവണ സ്ക്രീനില്‍ എത്തിച്ചെന്ന ക്രെഡിറ്റും സംവിധായകന്റെ പേരിനൊപ്പം നില്‍ക്കും. പതിനാലോളം ചിത്രങ്ങളിലാണ് അദ്ദേഹം ഇരുതാരങ്ങളേയും ഒരുമിപ്പിച്ചത്.

അതിരാത്രം, അഹിംസ, നാണയം, സിന്ദൂരസന്ധ്യക്ക് മൗനം, ഇനിയെങ്കിലും, ലക്ഷ്മണരേഖ, അടിയൊഴുക്കുകള്‍, ആള്‍ക്കൂട്ടത്തില്‍ തനിയെ, അനുബന്ധം, ഇടനിലങ്ങള്‍, വാര്‍ത്ത, കരിമ്പിന്‍പൂവിനക്കരെ, അടിമകള്‍ ഉടമകള്‍, അങ്ങാടിക്കപ്പുറത്ത് തുടങ്ങിയവയില്‍ അടക്കം മമ്മൂട്ടിയും മോഹന്‍ലാലും ഐ.വി.ശശിക്കായി ഒന്നിച്ചു. നേരത്തെ വിളിക്കേണ്ടവരുടെ പേരുകളില്‍ ദൈവത്തിനു തെറ്റിപ്പോയതായിരിക്കണം, മലയാള സിനിമയുടെ സ്വകാര്യ അഹങ്കാരമായ ഐ.വി.ശശിയെ.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ