മലയാള സിനിമയുടെ സുവർണ കാലഘട്ടമായി കണക്കാക്കുന്നത് എൺപതുകളെയാണ്. എൺപതുകളിൽ കലാപരമായും സാങ്കേതികമായും മലയാള സിനിമ പുതിയ തലങ്ങളിലേക്ക് വളർന്നു കൊണ്ടിരുന്നപ്പോൾ ജനപ്രിയതയുടെ പര്യായമായി മാറിയത് ഒരു കൂട്ടുകെട്ടായിരുന്നു. ടി.ദാമോദരൻ എന്ന എഴുത്തുകാരന്റെ ഭാഷക്ക് ഐ.വി.ശശി ദൃശ്യാവിഷ്കാരം ഒരുക്കിയപ്പോൾ മലയാള സിനിമക്ക് അത് ഹിറ്റുകളുടെ സമവാക്യമായി.
സംവിധായകൻ, തിരക്കഥാകൃത്ത് എന്നീ ടൈറ്റിലുകളിൽ ഇവരുടെ പേരുകൾ തെളിഞ്ഞപ്പോഴൊക്കെ ആ സിനിമകളെല്ലാം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചു. അങ്ങാടി, ജോൺ ജാഫർ ജനാർദ്ദനൻ, വാർത്ത, നാണയം, ഇൻസ്പെക്ടർ ബൽറാം, അടിമകൾ ഉടമകൾ, ആവനാഴി ഇങ്ങനെ മുപ്പതോളം ഹിറ്റുകൾക്ക് പിന്നിൽ പ്രവർത്തിച്ചത് ഈ കൂട്ട്കെട്ട് ആയിരുന്നു. മലയാള സിനിമക്ക് പുതിയ ഗതി നൽകുന്നതായി ഈ സിനിമകൾ.
കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി.ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തിയത്. കലാ സംവിധായകനായിട്ടായിരുന്നു ഐ.വി.ശശി തന്റെ ചലച്ചിത്ര ജീവിതം ആരംഭിച്ചത്. 1968ല്‍ എ.വി.രാജിന്റെ ‘കളിയല്ല കല്യാണം’ എന്ന സിനിമയില്‍ ആയിരുന്നു ഇത്. പിന്നീട് നിരവധി ചിത്രങ്ങളിൽ സഹ സംവിധായകനായി പ്രവർത്തിച്ച അദ്ദേഹം 27-ാം വയസ്സിൽ ‘ഉത്സവം’ എന്ന ചിത്രം ആദ്യമായി സംവിധാനം ചെയ്തു. ഈ ചിത്രത്തിൽ അദ്ദേഹത്തിന്റെ പേര് ചേർത്തിരുന്നില്ലെങ്കിലും ആദ്യം സംവിധാനം ചെയ്ത ചിത്രം ശ്രദ്ധിക്കപ്പെട്ടു. 1975 ൽ ലൗമാര്യേജ് എന്ന സിനിമയക്ക് തിരക്കഥ ഒരുക്കിയാണ് ദാമോദരൻ മാഷ് സിനിമാലോകത്ത് പ്രവേശിക്കുന്നത്.
1979 ൽ പുറത്തിറങ്ങിയ ഏഴാം കടലിനക്കരെയാണ് ഇവരുടെ കൂട്ടുകെട്ടിൽ പിറന്ന ആദ്യത്തെ സിനിമ. പിന്നീട് മൂന്നു ദശാബ്ദക്കാലത്തോളം ഈ കൂട്ടുകെട്ട് സിനിമാ ലോകത്ത് സൃഷ്ടിച്ചത് ഒരു കാലഘട്ടം തന്നെയാണ്. ഏഴാം കടലിനക്കരെയിൽ തുടങ്ങിയ കൂട്ടുകെട്ട് അവസാനിക്കുന്നത് 2006 ലെ ബൽറാം vs താരാദാസിലാണ്. ദാമോദരൻ മാഷ് സൃഷ്ടിച്ച കഥാപാത്രങ്ങളെല്ലാം ഐ.വി.ശശിയുടെ സംവിധാനമികവിൽ മലയാള സിനിമയിൽ എന്നും അഭിമാനത്തോടെ തെളിഞ്ഞു നിൽക്കുന്നു.
ഐ.വി.ശശിയുടെ ഒരു ചിത്രത്തില്‍ ചെറിയ റോള്‍ ചെയ്ത ജയന്‍റെ കഴിവും അര്‍പ്പണബോധവും കണ്ടാണ് അങ്ങാടിയില്‍ നായകനാക്കിയത്. ദാമോദരന്റെ ശക്തമായ സംഭാഷണങ്ങൾ ജയൻ എന്ന ദൃഢഗാത്രനിലൂടെ പുറത്ത് വന്നപ്പോൾ അത് ബോക്സോഫീസ് തരംഗം തന്നെ സൃഷ്ടിക്കുകയായിരുന്നു. ജയന്റെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായി കോഴിക്കോട്ടങ്ങാടിയുടെ കഥ പറഞ്ഞ അങ്ങാടി മാറി. മലയാള സിനിമക്ക് വ്യക്തമായ രാഷ്ട്രീയം പറയാൻ ത്രാണി നൽകിയ ‘ഈ നാട്’ ഈ കൂട്ടുകെട്ടിന്റെ മറ്റൊരു മികച്ച സൃഷ്ടിയുമായി.
മലബാർ മാപ്പിള ലഹളയുടെ പശ്ചാത്തലത്തിൽ ഈ കൂട്ടുകെട്ട് ഒരുക്കിയ 1921 ഒരു മികച്ച ചിത്രമായി എന്നും കണക്കാക്കപ്പെടുന്നു. 1921ലെ ഖിലാഫത്ത് പ്രസ്ഥാനവും മാപ്പിള ലഹളയുമാണ് 1921 എന്ന ടി.ദാമോദരന്റെ തിരക്കഥയിൽ ഐ.വി.ശശി സംവിധാനം ചെയ്ത സിനിമയുടെ പ്രതിപാദ്യ വിഷയം. കൊമേഴ്സ്യൽ വിജയം മുന്നിൽ കണ്ടു കൊണ്ട് വമ്പൻ താരനിരയെ വച്ച് എടുത്തതാണെങ്കിലും സാങ്കേതികമായും കലാപരമായും ഏറെ മികവു പുലർത്തിയ ചിത്രമാണ്. ഈ സിനിമയിലെ ആലി മുസലിയാർ എന്ന മധുവിന്റെ വേഷം ഇന്നും മലയാള സിനിമയിൽ ചരിത്രത്തോട് നീതി പുലർത്തിയ കഥാപാത്രങ്ങളിൽ ഒന്നാമത്തേതാണ്.
1986ൽ മമ്മൂട്ടി ഐ.വി.ശശി- ടി.ദാമോദരൻ മാസ്റ്റർ കൂട്ടുകെട്ടിൽ പുറത്തു വന്നു മലയാള സിനിമയെ ഇളക്കിമറിച്ച ആവനാഴിയിലെ ചൂടൻ ബാലുവിനെ മറക്കാൻ പ്രേക്ഷകർക്ക് കഴിയില്ല. ഒന്നാം പതിപ്പിനേക്കാൾ ഹിറ്റായ രണ്ടാം പതിപ്പിന് മലയാള സിനിമ സാക്ഷിയാകുന്നത് ആവനാഴിയുടെ രണ്ടാം പതിപ്പായ ഇൻസ്പെക്ടർ ബൽറാമിന്റെ മെഗാ ഹിറ്റിലൂടെയായിരിക്കും. ബൽറാം ഉണ്ടായ വഴി രസകരമാണ്. ഒരിക്കൽ ഫ്ലൈറ്റിൽ വച്ച് ഒരു റിട്ടേ. ഐ.ജി, ടി.ദാമോദരൻ മാസ്റ്ററെ പരിചയപ്പെട്ടു. ഐ.ജി മാസ്റ്ററെ മാറ്റിനിർത്തി കൈപിടിച്ചുകൊണ്ടു പറഞ്ഞു. ’സർ , പൊലീസ് യൂണിഫോം യഥാർഥ ജീവിതത്തിൽ അണിഞ്ഞ ഏതൊരു പുരുഷനും ആവേശമാണ് കാക്കിയിട്ടവന് കൈയ്യടി കിട്ടുന്ന സംഭാഷണങ്ങൾ. ഒരിക്കൽക്കൂടി വെട്ടത്തിൽ കത്താനുള്ള വോൾട്ട് നിങ്ങളുടെ ബൽറാമിനുണ്ട്. തിര നിറക്കാനുള്ള യൗവനം നിങ്ങൾക്കും. കാണാനുള്ള കൊതി ഞങ്ങൾക്കും.’
അന്നുരാത്രി തന്നെ മാസ്റ്റർ ഐ.വി.ശശിയെ വിളിച്ചു. ഐ.വി.ശശി ഡബിൾ ഹാപ്പിയായിരുന്നു. രണ്ടുവർഷത്തിനുള്ളിൽ ഫുൾ സ്ക്രിപ്റ്റുമായി മമ്മൂട്ടിയെ ചെന്നു കണ്ടു. ആ സമയത്ത് മമ്മൂട്ടിയുടെ ഡേറ്റിനായി വെയ്റ്റിങ് ലിസ്റ്റിലായിരുന്ന ലിബർട്ടി ബഷീറിന് നിർമാതാവായി നറുക്ക് വീണു. മമ്മൂട്ടിയെ കൂടാതെ മുരളി, എം.ജി.സോമൻ, വിൻസെന്റ്, കുഞ്ചൻ, ഉർവശി തുടങ്ങിയ വമ്പൻ താര നിരതന്നെ അണിനിരന്നു. അവാനാഴി പോലെ ബൽറാമിനെയും മലയാള സിനിമ ഇരുകൈയും നീട്ടി സ്വീകരിച്ചു. രാഷ്ട്രീയ പ്രമുഖരും മന്ത്രിമാരും പൊലീസ് ഉന്നതരും മമ്മൂട്ടിയുടെ ബൽറാമിനെ വാനോളം പ്രശംസിച്ചു. മണ്മറഞ്ഞ മുൻ മുഖ്യമന്ത്രി ലീഡർ കെ.കരുണാകരൻ പല സ്വീകരണങ്ങളിലും തമാശ രൂപേണ പറയാറുണ്ടായിരുന്നു ‘മമ്മൂട്ടിയുടെ ക്ലൈമാക്സ് സീനിലെ തകർപ്പൻ ഹിന്ദി ഡയലോഗ് 5 നേരം കേട്ടു പഠിച്ചാൽ കേരളാ പൊലീസിൽ രാഷ്ട്രഭാഷയുടെ തിളക്കം വർധിക്കും’ എന്ന്. 1991ഏപ്രിൽ മാസം 26നായിരുന്നു ഇൻസ്പെക്ടർ ബൽറാം പ്രദർശനത്തിനെത്തിയത്.
മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചഭിനച്ച സിനിമകളിൽ ശ്രദ്ധേയമാണ് ഐ.വി.ശശി-ദാമോദരൻ കൂട്ടുകെട്ടിൽ പിറന്ന ‘വാർത്ത’. ഇന്നും ആവേശത്തോടെ തന്നെ കണ്ടിരിക്കാവുന്ന സിനിമയാണ് വാർത്ത. മാധവൻ കുട്ടിയെന്ന മമ്മൂട്ടിയുടെ പത്രാധിപരും പരോൾ വാസുവെന്ന ലാലിന്റെ വാടക ഗുണ്ടയും പ്രേക്ഷകരെ ആവേശത്തിന്റെ പരകോടിയിലെത്തിച്ച കഥാപാത്രങ്ങളായിരുന്നു.
അബ്കാരി, വ്രതം, നാൽക്കവല, ഇത്രയും കാലം, അമേരിക്ക അമേരിക്ക, അഹിംസ, ഇന്നല്ലെങ്കിൽ നാളെ, അങ്ങാടിക്കപ്പുറത്ത്, ആറാട്ട്, അർഹത, ദ സിറ്റി തുടങ്ങിയവ ഈ കൂട്ടുകെട്ടിൽ പിറവി കൊണ്ടതാണ്. മമ്മൂട്ടി ശക്തമായ വേഷങ്ങളിലൂടെ മലയാളസിനിമയിൽ ഉറക്കുന്നതിനും ഈ കൂട്ടുകെട്ടിൽ പിറന്ന ചിത്രങ്ങളാണ് കാരണമായത്.
ടി.ദാമോദരൻ കഴിഞ്ഞാൽ പിന്നീട് ഐ.വി.ശശിയുടെ കൂട്ടുകെട്ടുകൾ പിറന്നത് ആലപ്പി അഷ്റഫുമായാണ്. ഈ ടീമിന്റെ അവളുടെ രാവുകൾ എന്ന സിനിമ ഇതുവരെ കാണാത്ത ഒരു പ്രമേയമാണ് മലയാള സിനിമയക്ക് പരിചയപ്പെടുത്തിയത്. എംടിയോടൊപ്പവും രഞ്ജിത്തിനോടൊപ്പവും ഐ.വി.ശശി തന്റെ ഹിറ്റ് മേക്കിങ് തുടർന്നു.