സിനിമാ താരങ്ങളുടെ വിവാഹ മോചനം സംബന്ധിച്ച വ്യാജ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കാറുണ്ട്. ഒടുവിൽ താരങ്ങൾ തന്നെ നേരിട്ട് ഇതിനെതിരെ രംഗത്തെത്താറുമുണ്ട്. ഇക്കൂട്ടത്തിലെ സോഷ്യൽ മീഡിയയുടെ പുതിയ ഇരകളാണ് മലയാളത്തിലെ ആദ്യ സിനിമാ ദമ്പതികളിലൊരാളായ സംവിധായകൻ ഐ.വി.ശശിയും നടി സീമയും. ഇരുവരും വർഷങ്ങൾ നീണ്ട വിവാഹ ജീവിതം അവസാനിപ്പിക്കുന്നതായിട്ടായിരുന്നു സോഷ്യൽ മീഡിയയിൽ വാർത്ത പ്രചരിച്ചത്. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ ഐഇ മലയാളത്തോടുളള ഐ.വി.ശശിയുടെ പ്രതികരണം ഇതായിരുന്നു:

”ഇത്തരം വാർത്തകൾ പ്രചരിക്കുന്നവർക്കൊന്നും വേറെ പണിയില്ലേ. രാവിലെ മുതൽ ഇതിനെക്കുറിച്ച് ചോദിച്ച് പലരും വിളിക്കുന്നു. സീമ എന്റെ അടുത്ത് തന്നെയുണ്ട്. അവൾക്ക് ഈ വാർത്ത കേട്ടപ്പോൾ ചിരിയടക്കാൻ കഴിഞ്ഞില്ല”.

സീമയുടെ പ്രതികരണം: ”ഇതിനൊക്കെ മറുപടി പറയേണ്ട ഒരു കാര്യവുമില്ല. ഞങ്ങൾ എപ്പോഴും പോലെ സന്തോഷത്തോടെ ഇരിക്കുന്നു. ഇതിനെയൊക്കെ ശ്രദ്ധിക്കേണ്ട ഒരു ആവശ്യവുമില്ല. ശശിയേട്ടൻ ഇതു കേട്ടപ്പോൾ ഒരുപാട് ചിരിച്ചു”.

1980 ലാണ് ഐ.വി.ശശി സീമയെ വിവാഹം ചെയ്യുന്നത്. ശശി സംവിധാനം ചെയ്ത ‘അവളുടെ രാവുകൾ’ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് സീമയെത്തുന്നത്. പിന്നീട് ശശിയുടെ 30 ഓളം ചിത്രങ്ങളിൽ നായികയായി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook