മോഹൻലാലിന്റെ ഓണം റിലീസ് ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇൻ ചൈന’. ചിത്രം സെപ്തംബർ ആറിന് തിയേറ്ററുകളിൽ എത്താൻ ഒരുങ്ങുമ്പോൾ സിനിമയുമായി ബന്ധപ്പെട്ട പ്രമോഷൻ പരിപാടികളുടെ തിരക്കിലാണ് താരം. അഭിമുഖത്തിനിടെ ചൈനീസ് ഭാഷയിൽ സംസാരിക്കുന്ന താരത്തിന്റെ വീഡിയോ ശ്രദ്ധ നേടുകയാണ്. ചൈനയിൽ ജനിച്ചു വളർന്ന് പിന്നീട് തൃശൂരിലെ കുന്നംകുളത്ത് ജീവിക്കേണ്ടി വരുന്ന മണിക്കുന്നേൽ മാത്തന്റെ മകൻ ഇട്ടിമാണി എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
തന്റെ കഥാപാത്രത്തെ കുറിച്ചും സിനിമയിൽ ഉപയോഗിക്കുന്ന തൃശൂർ- ചൈന ഭാഷകളെ കുറിച്ചുമെല്ലാം മോഹൻലാൽ വിശേഷങ്ങൾ പങ്കിട്ടു.”അമ്മയോട് വളരെ സ്നേഹമുള്ള ഒരാളാണ് ഇട്ടിമാണി. പക്ഷേ നർമ്മത്തിന്റെ അകമ്പടിയോടെയാണ് അമ്മയും മകനും തമ്മിലുള്ള ബന്ധം പറഞ്ഞുപോവുന്നത്. സിനിമയിൽ ഇട്ടിമാണിയും അമ്മയും ചിലയിടങ്ങളിലൊക്കെ ചൈനീസ് ഭാഷ സംസാരിക്കുന്നുണ്ട്. ആൾക്കൂട്ടത്തിലും മറ്റും മറ്റുള്ളവർക്ക് മനസ്സിലാവാത്ത രീതിയിൽ കാര്യങ്ങൾ കമ്മ്യൂണിക്കേറ്റ് ചെയ്യാനായിട്ടാണ് ഇട്ടിമാണിയും അമ്മയും ചൈനീസ് ഉപയോഗിക്കുന്നത്,” മോഹൻലാൽ പറയുന്നു. ചിത്രത്തിൽ തൃശൂർ ഭാഷ സംസാരിക്കുന്നുണ്ടെങ്കിലും പക്ക തൃശൂർ ഭാഷ വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഉപയോഗിച്ചിട്ടുള്ളെന്നും മോഹൻലാൽ വ്യക്തമാക്കി.
ചൈനയിൽ പോയി ചിത്രീകരിക്കുന്ന ആദ്യ മലയാളസിനിമ കൂടിയാണ് ‘ഇട്ടിമാണി- മെയ്ഡ് ഇൻ ചൈന’. കഥയിൽ ചൈനയ്ക്ക് പ്രാധാന്യമുള്ളതുകൊണ്ടാണ് അവിടെ പോയി ഷൂട്ട് ചെയ്തതെന്നും മോഹൻലാൽ വ്യക്തമാക്കി. ദീപക് ദേവിന്റെ സംഗീതത്തിൽ ‘ഇട്ടിമാണി’യ്ക്കു വേണ്ടി താനൊരു ഗാനം പാടിയിട്ടുണ്ടെന്നും താരം കൂട്ടിച്ചേർത്തു. വൈക്കം വിജയലക്ഷ്മിയ്ക്ക് ഒപ്പം ചേർന്നാണ് മോഹൻലാൽ ഗാനം ആലപിച്ചിരിക്കുന്നത്.
ഇരുപതു വർഷത്തിലേറെയായി മലയാളസിനിമയിൽ അസോസിയേറ്റായും സഹസംവിധായകനായുമൊക്കെ പ്രവർത്തിക്കുന്ന ജിബി- ജോജുമാരുടെ ആദ്യ ചിത്രമാണ് ഇട്ടിമാണി. മോഹൻലാൽ ഇട്ടിമാണിയാകുമ്പോൾ നായിക ജെസ്സി ആയെത്തുന്നത് ഹണി റോസ് ആണ്. അന്നമ്മ എന്ന കഥാപാത്രത്തെ രാധിക ശരത് കുമാറും സുഗുണനെ അജു വർഗ്ഗീസും അവതരിപ്പിക്കുന്നു. കെ പി എ സി ലളിത, സിദ്ദിഖ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, വിനു മോഹന്‍, സ്വാസിക, വിവിയ, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി, ‘ജോസഫി’ലെ നായികമാരിൽ ഒരാളായ മാധുരി, സാജു നവോദയ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ നായകനാവുന്ന ആശിർവാദ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യവും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Read more: Ittymaani Made in China, What we know so far: ചില ‘ഇട്ടിമാണി’ വിശേഷങ്ങൾ