മോഹൻലാലിനെ നായകനാക്കി നവാഗതരായ ജിബി ജോജു ടീം സംവിധാനം ചെയ്യുന്ന ‘ഇട്ടിമാണി’യാണ് ഓണക്കാല ഉത്സവചിത്രങ്ങളിൽ മുൻനിരയിൽ. ചിരിയും കുസൃതിയും തമാശകളുമായി മലയാളികളുടെ ഇഷ്ടം കവരുന്ന ഒരു കഥാപാത്രമാണ് മോഹൻലാലിന്റെ ഇട്ടിമാണി എന്നാണ് ചിത്രത്തിന്റെ ട്രെയിലറും ടീസറും പോസ്റ്ററുകളുമെല്ലാം നൽകുന്ന സൂചന. അതുകൊണ്ടു തന്നെ ‘ഇട്ടിമാണി’ നൽകുന്ന പ്രതീക്ഷകൾ ചെറുതല്ല. കായംകുളം കൊച്ചുണ്ണി, ഒടിയൻ, ലൂസിഫർ പോലുള്ള വമ്പൻ ചിത്രങ്ങളിലെ ‘അവതാര’വേഷങ്ങൾക്കു ശേഷം സാധാരണക്കാരിൽ സാധാരണക്കാരനായ ഒരു കഥാപാത്രമായാണ് മോഹൻലാൽ ഇട്ടിമാണിയിലെത്തുന്നത്. തൃശ്ശൂരുകാരുടെ സ്വതസിദ്ധമായ നർമ്മബോധവും സംസാരരീതിയുമൊക്കെ തന്നെയാണ് ഇട്ടിമാണി എന്ന കഥാപാത്രത്തിന്റെയും പ്രത്യേകതകൾ.
ആരാണ് ഇട്ടിമാണി?
32 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം മോഹന്‍ലാല്‍ തൃശ്ശൂര്‍ ഭാഷ സംസാരിയ്ക്കുന്ന സിനിമയെന്ന പ്രത്യേകതയും ‘ഇട്ടിമാണി’യ്ക്ക് ഉണ്ട്. പത്മരാജന്റെ ‘തൂവാനത്തുമ്പികളി’ലാണ് ഒരു മോഹന്‍ലാല്‍ കഥാപാത്രം ഇതിനുമുന്‍പ് തൃശ്ശൂര്‍ ഭാഷ സംസാരിച്ചത്. തൃശ്ശൂരിലെ കുന്ദംകുളത്ത് ജീവിക്കുന്ന ഒരു ക്രിസ്റ്റ്യൻ കുടുംബത്തിലെ അംഗമാണ് ഇട്ടിമാണി എന്ന ഇട്ടിച്ചൻ. അത്യാവശ്യം ഉടായിപ്പുകളും സാമർത്ഥ്യവുമൊക്കെയുള്ള കഥാപാത്രമാണ് ഇട്ടിമാണി എന്ന സൂചനകളാണ് ട്രെയിലർ സമ്മാനിക്കുന്നത്.
സിനിമയുടെ ടൈറ്റിൽ സൂചിപ്പിക്കുന്നതു പോലെ ഇട്ടിമാണിയ്ക്ക് ചില ചൈനബന്ധങ്ങളുമുണ്ട്. അതെന്താണെന്ന് എന്നതു തന്നെയാണ് ചിത്രം സമ്മാനിക്കുന്ന ആകാംക്ഷയും. കഥാപാത്രത്തെ കുറിച്ചുള്ള വെളിപ്പെടുത്തലുകൾ നൽകാതെ, ചിത്രത്തിന്റെ കഥയെ കുറിച്ചോ പ്ലോട്ടിനെ കുറിച്ചോ കൂടുതൽ ഒന്നും സൂചിപ്പിക്കാതെ സിനിമയുടെ സസ്‌പെൻസ് നിലനിർത്തുകയാണ് അണിയറപ്രവർത്തകരും.
ഇട്ടിമാണിയിലെ താരങ്ങൾ
മോഹൻലാൽ ഇട്ടിമാണിയാകുമ്പോൾ നായിക ജെസ്സി ആയെത്തുന്നത് ഹണി റോസ് ആണ്. അന്നമ്മ എന്ന കഥാപാത്രത്തെ രാധിക ശരത് കുമാറും സുഗുണനെ അജു വർഗ്ഗീസും അവതരിപ്പിക്കുന്നു. കെ പി എ സി ലളിത, സിദ്ദിഖ്, ഹരിഷ് കണാരന്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, അശോകന്‍, സിജോയ് വര്‍ഗീസ്, കൈലാഷ്, വിനു മോഹന്‍, സ്വാസിക, വിവിയ, സലിം കുമാര്‍, അരിസ്റ്റോ സുരേഷ്, ജോണി ആന്റണി, ‘ജോസഫി’ലെ നായികമാരിൽ ഒരാളായ മാധുരി, സാജു നവോദയ, അഞ്ജന അപ്പുക്കുട്ടൻ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. മോഹൻലാൽ നായകനാവുന്ന ആശിർവാദ് ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യവും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ടുകൾ.
ചിത്രീകരണവിശേഷങ്ങൾ
കുന്നംകുളം, തൃശൂർ, ചൈന എന്നിവിടങ്ങളിലായാണ് ചിത്രം ഷൂട്ട് ചെയ്തിരിക്കുന്നത്. ചൈനയിൽ ചിത്രീകരിച്ച ആദ്യ മലയാള സിനിമയെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. “ചൈനയിലെ ചിത്രീകരണം നല്ലൊരു അനുഭവമായിരുന്നു, അതിനൊപ്പം തന്നെ ഏറെ ചെലവു കൂടിയ ഒന്നും. ആന്റണി പെരുമ്പാവൂരിനെ പോലൊരു നിർമ്മാതാവില്ലായിരുന്നെങ്കിൽ ഈ ചിത്രം സാധ്യമാവില്ലായിരുന്നു,” സംവിധായകൻ ജിബി ഇന്ത്യൻ എക്സ്പ്രസ് മലയാളത്തോട് പറഞ്ഞു
“നിരവധി കഥകൾ ഞങ്ങൾ നോക്കിയിരുന്നു. ഒന്നും അത്രയ്ക്ക് ഇഷ്ടപ്പെട്ടില്ല. ‘ഇട്ടിമാണി’യുടെ കഥയും തിരക്കഥയും സംഭാഷണവുമെല്ലാം ഞങ്ങൾ ഒന്നിച്ച് എഴുതിയതാണ്. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്റെ ലൊക്കേഷനിൽ വെച്ചാണ് ലാൽ സാറിനോട് ചിത്രത്തിന്റെ വൺ ലൈൻ പറയുന്നത്. അപ്പോഴേക്കും സ്ക്രിപ്റ്റ് ഞങ്ങൾ പൂർത്തിയാക്കിയിരുന്നു. പിന്നീട് ലാൽ സാറിനോടും ആന്റണി ചേട്ടനോടും മുഴുവൻ കഥയും പറഞ്ഞു. അവർ ഓകെ പറഞ്ഞു. 2017 ജനുവരിയിൽ ആണ് ഈ ചിത്രം ചെയ്യാമെന്ന് ലാൽ സാർ സമ്മതിക്കുന്നത്. സിനിമ എഴുതിയപ്പോൾ ലാൽ സാറിനെ മനസ്സിൽ കണ്ടിട്ട് അല്ലായിരുന്നു എഴുതിയത്. ലാൽ സാർ ഈ പ്രൊജക്റ്റിലേക്ക് വന്നപ്പോൾ ഞങ്ങൾ സ്ക്രിപ്റ്റ് ഒന്നൂടെ റീവർക്ക് ചെയ്തു.” ‘ഇട്ടിമാണി’യുടെ നാൾവഴികളെ കുറിച്ച് ജിബിയും ജോജുവും പറയുന്നതിങ്ങനെ.
ഷാജി കുമാര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ടീം ഫോർ മ്യൂസിക്സും കൈലാസ് മേനോനും ചേർന്നാണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. സന്തോഷ് വർമ്മയും മനു മഞ്ജിത്തുമാണ് ഗാനങ്ങൾ രചിച്ചിരിക്കുന്നത്.
ഇരുപതു വർഷത്തിലേറെയായി മലയാളസിനിമയിൽ അസോസിയേറ്റായും സഹസംവിധായകനായുമൊക്കെ പ്രവർത്തിക്കുന്ന ജിബി- ജോജുമാരുടെ ആദ്യ ചിത്രമാണ് ഇട്ടിമാണി. ‘മുന്തിരിവള്ളികൾ തളിർക്കുമ്പോൾ’ എന്ന ചിത്രത്തിന്റെ സഹസംവിധായകരായി പ്രവർത്തിക്കുന്ന സമയത്താണ് ഇരുവരും മോഹൻലാലിനോട് കഥ പറയുന്നതും മോഹൻലാൽ ചിത്രം ചെയ്യാം എന്ന് വാക്കു നൽകുന്നതുമെല്ലാം. കായംകുളം കൊച്ചുണ്ണി, ഒടിയൻ, ലൂസിഫർ പോലുള്ള ചിത്രങ്ങൾ മോഹൻലാലിന് പൂർത്തിയാക്കാൻ ഉള്ളതിനാൽ ഇരുവരും മൂന്നു വർഷത്തോളം ‘ഇട്ടിമാണി’യ്ക്കായി കാത്തിരിക്കേണ്ടി വന്നു.
Read more: Onam Release: നവാഗതർ കയ്യൊപ്പു ചാർത്തുന്ന ഒരു ഓണം റിലീസ് കാലം