‘ഇന്ത്യാ വിരുദ്ധവും’ ‘ഹിന്ദു വിരുദ്ധവുമായ’ പരിപാടികൾ നിരോധിക്കുന്ന കാര്യം ചർച്ച ചെയ്യാനായി ആർഎസ്എസ്സുമായി ചർച്ച നടത്തിയെന്ന വാർത്തകൾ നിഷേധിച്ച് നെറ്റ്ഫ്ലിക്സ് ഇന്റർനാഷണൽ ഒറിജിനൽസ് മേധാവി ശ്രീതി ബെൽ ആര്യ.

കഴിഞ്ഞ നാല് മാസത്തിനിടെ ആർ‌എസ്‌എസ് പ്രതിനിധികൾ ഇത്തരം ആറ് അനൗപചാരിക മീറ്റിംഗുകൾ ന്യൂഡൽഹിയിലും മുംബൈയിലും നടത്തിയതായി ഇക്കണോമിക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. കശ്മീർ വിഷയത്തിൽ ഇന്ത്യൻ നിലപാടിനെ വിമർശിക്കുന്നതോ അല്ലെങ്കിൽ ഹിന്ദു ചിഹ്നങ്ങളെയും ഇന്ത്യൻ സൈന്യത്തെയും അപകീർത്തിപ്പെടുത്തുന്നതോ ആയ ഉള്ളടക്കത്തെ നിയന്ത്രിക്കാൻ ആർ‌എസ്‌എസ് ശ്രമിക്കുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു.

Read More: Netflix Review: ‘ലഞ്ച് ബോക്സ്’ മുതല്‍ ‘വൺസ് എഗെയ്ൻ’ വരെ: പ്രണയത്തിന്റെ രുചിക്കൂട്ടുകള്‍

ജിയോ മാമി മുംബൈ ചലച്ചിത്ര മേളയുടെ 21ാം പതിപ്പിൽ ഞായറാഴ്ച ഉച്ചകഴിഞ്ഞ് “ആർട്ടിസ്റ്റിക് ഫ്രീഡം: എന്റർടൈൻമെന്റ് സ്റ്റോറി” എന്ന വിഷയത്തിൽ നടന്ന എന്ന പാനൽ ചർച്ചയ്ക്കിടെ ഉയർന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അവർ. “ആ വാർത്ത സത്യമല്ല. ഒരു കൂടിക്കാഴ്ചയും ഉണ്ടായിട്ടില്ല. ഇത് വ്യാജ വാർത്തയാണ്,” ഇരുകക്ഷികളും തമ്മിൽ അനൗപചാരിക കൂടിക്കാഴ്ച നടന്നിട്ടില്ലെന്നും അവർ വ്യക്തമാക്കി.

ആമസോൺ പ്രൈമിന്റെ ഇന്ത്യാ ഒറിജിനൽസ് മേധാവി അപർണ പുരോഹിത്, സംഗീതജ്ഞൻ സോണ മോഹൻപാത്ര, നടി ശോഭിത ധൂലിപാല എന്നിവരും പാനലിൽ പങ്കെടുത്തു. ചോദ്യോത്തര വേളയിൽ, ഡിജിറ്റൽ സെൻസർഷിപ്പ് അടിച്ചേൽപ്പിക്കുന്നതിനെ കുറിച്ചുള്ള നിരന്തരമായ ഊഹാപോഹങ്ങളെ എങ്ങനെ നോക്കിക്കാണുന്നു എന്ന ചോദ്യത്തിന് “ഞങ്ങൾ രാജ്യത്തിന്റെ നിയമം പാലിക്കുന്നത് തുടരും,” എന്ന് അപർണ മറുപടി പറഞ്ഞു.

“ഭൂമിയിലെ നിയമം കഥ പറയുന്നതുപോലെ ആത്മനിഷ്ഠമല്ല. നിയമം നിയമമാണ്. ‘ഞാൻ നിങ്ങളെ ഇഷ്ടപ്പെടുന്നില്ല, അതിനാൽ ഞാൻ നിങ്ങളെ കുത്താൻ പോകുന്നു’ എന്നതുപോലെയല്ല ഇത്. നിയമം അനുവദിക്കുന്നതെന്തോ ഞങ്ങൾ ആ ഇടങ്ങളിൽ നിന്ന് പ്രവർത്തിക്കും. ​​ബാക്കിയുള്ളവയെല്ലാം സ്രഷ്ടാക്കൾ പറയാൻ ആഗ്രഹിക്കുന്ന കഥകൾ മാത്രമാണ്,” ശ്രുതി കൂട്ടിച്ചേർത്തു.

നെറ്റ്ഫ്ലിക്സിലും ആമസോൺ പ്രൈം വീഡിയോയിലും സെൻസർഷിപ്പ് നടത്താൻ ഇന്ത്യ ആലോചിക്കുന്നുണ്ടെന്ന റോയിട്ടേഴ്‌സ് റിപ്പോർട്ടിന്റെ പിന്നാലെയാണ് ഇരുവരുടേയും അഭിപ്രായ പ്രകടനങ്ങൾ. ചില ഉള്ളടക്കങ്ങൾ അശ്ലീലവും മതവികാരത്തെ വ്രണപ്പെടുത്തുന്നതുമാണ് എന്ന് ആരോപിച്ച് നിരവധി കേസുകൾ സമീപകാലങ്ങളിൽ ഉണ്ടായിരുന്നു. ഈ സാഹചര്യത്തിൽ ജനുവരിയിൽ നെറ്റ്ഫ്ലിക്സും മറ്റൊരു സ്ട്രീമിംഗ് പ്ലാറ്റ്ഫോമായ ഹോട്ട്സ്റ്റാറും ചേർന്ന് ഒരു സ്വയം നിയന്ത്രണ മാർഗരേഖയിൽ ഒപ്പുവച്ചിരുന്നു. എന്നാൽ നിലവിലെ നിയമങ്ങൾ മതിയെന്ന് പറഞ്ഞ് ആമസോൺ ഒപ്പുവയ്ക്കാൻ കൂട്ടാക്കിയില്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook