scorecardresearch

Ithiri Neram Review: ഒരു നഷ്ടപ്രണയത്തിന്റെ പുനർവായന; 'ഇത്തിരി നേരം' റിവ്യൂ

Ithiri Neram Movie Review Rating: മികച്ച ഒരു കഥാതന്തു ഉണ്ടായിരുന്നിട്ടും, 'ഇത്തിരി നേരം' എന്ന ചിത്രത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടി തിരക്കഥയുടെ അമിതമായ ദൈർഘ്യവും അനാവശ്യമായ പതിഞ്ഞ താളവുമാണ്

Ithiri Neram Movie Review Rating: മികച്ച ഒരു കഥാതന്തു ഉണ്ടായിരുന്നിട്ടും, 'ഇത്തിരി നേരം' എന്ന ചിത്രത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടി തിരക്കഥയുടെ അമിതമായ ദൈർഘ്യവും അനാവശ്യമായ പതിഞ്ഞ താളവുമാണ്

author-image
Dhanya K Vilayil
അപ്‌ഡേറ്റ് ചെയ്‌തു
New Update
Ithiri Neram Review

Ithiri Neram Movie Review & Rating: ഒരുകാലത്ത് ഒരുപാട് പ്രണയം മനസ്സിൽ സൂക്ഷിച്ചിരുന്ന രണ്ടുപേർ. മിണ്ടി  മിണ്ടി ഒടുവിലെപ്പോഴോ അവർ മിണ്ടാതാവുന്നു. ആ പിണക്കം മൗനത്തിലേക്കും പിന്നെ വേർപിരിയലിലേക്കും എത്തുന്നു. ഇരുവരും ഇരുവഴി പിരിഞ്ഞുപോവുന്നു. വർഷങ്ങൾക്കിപ്പുറം ഓർക്കാപ്പുറത്ത് അവർ വീണ്ടും കണ്ടുമുട്ടിയാൽ? ആ  കഥയാണ് സംവിധായകൻ പ്രശാന്ത് വിജയ് ഒരുക്കിയ 'ഇത്തിരി നേരം' പറയുന്നത്. പോയ കാലത്തിന്റെ പിണക്കങ്ങളും പരിഭവങ്ങളും വേദനകളും, എല്ലാറ്റിനുമപ്പുറം ഉള്ളിന്റെയുള്ളിൽ ഇനിയും കെടാതെ കിടക്കുന്ന പ്രണയത്തിന്റെ കനലുകളുമെല്ലാം ചേർന്ന് ഇരുവരെയും എത്തിക്കുന്ന വൈകാരികമായ അവസ്ഥാന്തരങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്.

Advertisment

കോളേജ് കാലത്തെ പ്രണയിതാക്കളായിരുന്നു അനീഷും (റോഷൻ മാത്യു) അഞ്ജനയും (സെറിൻ ശിഹാബ്). ഒരു ക്ലോഷർ പോലും പരസ്പരം നൽകാതെ പിരിഞ്ഞവർ. അനീഷ് ഇപ്പോൾ  വിവാഹിതനും ഒരു കുട്ടിയുടെ അച്ഛനുമാണ്. ഒരു ദിവസം അഞ്ജനയുടെ കാൾ അവനെ തേടിയെത്തുന്നു.  അതേ നഗരത്തിൽ താനുമുണ്ടെന്നും, പിറ്റേന്ന് തിരിച്ചുപോവുകയാണെന്നും  അഞ്ജന പറയുന്നു. ചിലപ്പോൾ ഇനി ഒരു കൂടിക്കാഴ്ചയുണ്ടാവാനേ സാധ്യതയില്ലാത്ത സാഹചര്യങ്ങളിലാണ് ഇരുവരും.  'ഇത്തിരി നേരം'  അല്ലെങ്കിൽ  ഒരു രാത്രിയേ അവർക്കിടയിലൂള്ളൂ. ഒരിക്കൽ  ഒരുപാട് പ്രണയിച്ചവളെ വീണ്ടുമൊരിക്കൽ കൂടി കാണാൻ അനീഷ് ഇറങ്ങിപ്പുറപ്പെടുകയാണ്. ഒരുദിവസം രാത്രി മുതൽ പിറ്റേദിവസം നേരം പുലരുംവരെയുള്ള ഹ്രസ്വമായ കാലയളവിലാണ് കഥ നടക്കുന്നത്.

Also Read: Innocent Review: ചിരിയുണ്ട്, പക്ഷെ ലക്ഷ്യമില്ല; 'ഇന്നസെന്റ്' റിവ്യൂ

അനീഷിന്റെയും അഞ്ജനയുടെയും ഈ കൂടിക്കാഴ്ച കേവലം ഒരു കൂടിച്ചേരലല്ല. കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ചതിന്റെ പാകതയും ക്ഷമയും ഇരുവർക്കുമുണ്ട്. ജീവിതത്തെ കുറേക്കൂടി വിശാലമായ അർത്ഥത്തിൽ മനസ്സിലാക്കാനും ഉൾകൊള്ളാനും സാധിക്കുന്നുണ്ട്.   പ്രണയിനികളെന്ന നിലയിൽ എവിടെയാണ് തങ്ങൾക്ക് പാളിയതെന്ന് അവർ സ്വയം പുനഃപരിശോധിക്കുന്നു. ഒരു 'ക്ലോഷർ' പോലും നൽകാതെ പിരിഞ്ഞുപോയ ആ പ്രണയത്തിന്റെ നൊമ്പരം, അതിന്റെ തീവ്രതയിൽ ഇരുവരും തിരിച്ചറിയുന്നു. ഈ രാത്രി അവർക്ക് പുതിയ ഉൾക്കാഴ്ചകളും ജീവിതത്തെക്കുറിച്ചുള്ള വിശാലമായ കാഴ്ചപ്പാടുകളും സമ്മാനിക്കുകയാണ്. നഷ്ടപ്പെട്ട പ്രണയത്തെ മറ്റൊരു തലത്തിൽ നിന്നും നോക്കിക്കാണാൻ ചിത്രം ശ്രമിക്കുന്നു.

Advertisment

അനീഷിന്റെയും അഞ്ജനയുടെയും വേഷങ്ങളിൽ റോഷൻ മാത്യുവും സെറിൻ ശിഹാബും മികച്ച പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. തുടക്കത്തിലെ ഔപചാരികതയിൽ നിന്നും മാറി, സംഭാഷണങ്ങൾ പുരോഗമിക്കുമ്പോൾ അവർ പതിയെ പഴയ പ്രണയിതാക്കളുടെ വൈകാരിക ലോകത്തേക്ക് കൂടുമാറുന്നത് പ്രേക്ഷകന് അനുഭവേദ്യമാകും.  

Also Read: New OTT Release: ഇന്ന് ഒടിടിയിൽ എത്തിയ 6 ചിത്രങ്ങൾ

കട്ടയ്ക്ക് കൂടെ നിൽക്കുന്ന രായണ്ണനും (നന്ദു) എപ്പോൾ മറുകണ്ടം ചാടുമെന്ന കാര്യത്തിൽ വിശ്വസിക്കാൻ പറ്റാത്ത ചഞ്ചലും (ആനന്ദ് മന്മഥൻ) ജിയോ ബേബിയുടെ ഓട്ടോ ഡ്രൈവർ കഥാപാത്രവും പ്രേക്ഷകർ അത്ര പെട്ടെന്ന് മറക്കില്ല. ചിത്രം അവതരിപ്പിച്ചിരിക്കുന്നതും  ജിയോ ബേബി തന്നെ.  കണ്ണന്‍ നായര്‍, കൃഷ്ണന്‍ ബാലകൃഷ്ണന്‍, അതുല്യ ശ്രീനി, സരിത നായര്‍, ഷൈനു ആര്‍.എസ്, അമല്‍ കൃഷ്ണ, അഖിലേഷ് ജി.കെ, ശ്രീനേഷ് പൈ, ഷെരീഫ് തമ്പാനൂര്‍, മൈത്രേയന്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. 

രാകേഷ് ധരന്റെ ക്യാമറ തിരുവനന്തപുരം നഗരത്തിന്റെ രാത്രി സൗന്ദര്യത്തെ മനോഹരമായി ഒപ്പിയെടുത്തിട്ടുണ്ട്. കഥാപാത്രങ്ങളുടെ മാനസികാവസ്ഥയോട് ചേർന്നു നിൽക്കുന്ന ദൃശ്യാനുഭവമാണ് കാമറ സമ്മാനിക്കുന്നത്. ബേസിൽ സിജെ ഒരുക്കിയ സംഗീതവും പശ്ചാത്തല സംഗീതവും എവിടെയൊക്കെയോ പ്രേക്ഷകരുടെ ഉള്ളു തൊടുന്നുണ്ട്. പാട്ടുകളും ബിജിഎമ്മും കഥാപരിസരത്തിനു യോജിക്കുന്ന രീതിയിൽ കൃത്യമായി പ്ലെയ്സ് ചെയ്തിരിക്കുന്നു.

മാൻകൈൻഡ് സിനിമാസ്, ഐൻസ്റ്റീൻ മീഡിയ, സിമ്മെട്രി സിനിമാസ് എന്നീ ബാനറുകളിൽ ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, ഐൻസ്റ്റീൻ സാക്ക് പോൾ, സജിൻ എസ്. രാജ്, വിഷ്‍ണു രാജൻ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചത്.

Also Read: ബിഗ് ബോസിൽ നിന്നും സിനിമയിലേക്ക്, ഇപ്പോഴിതാ സ്വപ്നവാഹനവും സ്വന്തമാക്കി; സന്തോഷം പങ്കിട്ട് ദിൽഷ

മാധ്യമപ്രവർത്തകനായ അബ്ജോത് വർഗീസിന്റെ ‘നിർത്താതെ ഓടിയ ഓട്ടങ്ങൾ’ എന്ന കുറിപ്പിനെ അവലംബമാക്കി വിശാഖ് ശക്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.  അനീഷിന്റെയും അഞ്ജനയുടെയും സംഭാഷണങ്ങളിലൂടെയാണ് ചിത്രം പ്രധാനമായും മുന്നോട്ട് പോകുന്നത്. ഫ്ലാഷ്ബാക്കുകളിലേക്ക് പോകാതെ തന്നെ, ഇവർക്കിടയിലുണ്ടായിരുന്ന അടുപ്പത്തിന്റെ ആഴം പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകനും തിരക്കഥാകൃത്തിനും ഒരു പരിധി വരെ സാധിച്ചിട്ടുണ്ട്. 

മികച്ച ഒരു കഥാതന്തു ഉണ്ടായിരുന്നിട്ടും, 'ഇത്തിരി നേരം' എന്ന ചിത്രത്തിന് ഏറ്റ ഏറ്റവും വലിയ തിരിച്ചടി തിരക്കഥയുടെ അമിതമായ ദൈർഘ്യവും അനാവശ്യമായ പതിഞ്ഞ താളവുമാണ്. നഷ്ടപ്രണയത്തെയും അതിന്റെ വൈകാരികമായ സങ്കീർണ്ണതകളെയും പക്വതയോടെ സമീപിക്കുന്നതിൽ ചിത്രം വിജയിച്ചിട്ടുണ്ട്. കൂടാതെ, റോഷൻ മാത്യുവിന്റെയും സെറിൻ ശിഹാബിന്റെയും മികച്ച പ്രകടനങ്ങളും രാകേഷ് ധരൻ ഒപ്പിയെടുത്ത സാങ്കേതിക മികവുള്ള ദൃശ്യങ്ങളും കൈമുതലായുണ്ട്. എന്നാൽ, ആസ്വാദനത്തെ കാര്യമായി ബാധിച്ചത്, കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെ മാത്രം മുന്നോട്ട് പോകുമ്പോൾ തിരക്കഥ പലയിടത്തും കെട്ടുറപ്പില്ലാതെ വലിച്ചുനീട്ടപ്പെട്ടു എന്നതാണ്. അനീഷും അഞ്ജനയും മാത്രമുള്ള രംഗങ്ങളിൽ പലപ്പോഴും കഥയുടെ ഒഴുക്ക് നിലച്ചുപോവുകയും, ഈ നീട്ടിപ്പറച്ചിൽ ചിത്രത്തിന്റെ 'രസംകൊല്ലി'യായി മാറുകയും ചെയ്തു. ഒന്നുകൂടി 'ആറ്റിക്കുറുക്കി' എടുത്തിരുന്നെങ്കിൽ,  മികച്ചതും ഹൃദയസ്പർശിയായതുമായ ഒരനുഭവമായി മാറുമായിരുന്നു 'ഇത്തിരി നേരം'. 

Also Read: മണി ഈസ് നോട്ട് എ പ്രോബ്ലം, കോസ്റ്റ്ലി ബ്രേക്ക്ഫാസ്റ്റ് ഒൺലി: യാത്രാചിത്രങ്ങളുമായി വർഷ

Film Review

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: