ആരാധകർ കാത്തിരിക്കുന്ന സൂപ്പർ സ്റ്റാർ രജനീകാന്തിന്റെ ബ്രഹ്മാണ്ഡ ചിത്രം 2.0 യുടെ റിലീസ് തീയതി പ്രഖ്യാപിച്ചു. ചിത്രത്തിന്റെ സംവിധായകൻ ശങ്കർ ആണ് ട്വിറ്ററിലൂടെ റിലീസ് തീയതി അറിയിച്ചത്.

നവംബർ 29 ന് 2.0 തിയേറ്ററുകളിൽ എത്തുമെന്നും ഇക്കാര്യത്തിൽ വിഎഫ്എക്‌സ് കമ്പനി ഉറപ്പു നൽകുന്നുവെന്നും ശങ്കർ ട്വീറ്റ് ചെയ്തിട്ടുണ്ട്. പല തവണ മാറ്റിവച്ച ചിത്രത്തിന്റെ റിലീസ് തീയതിയാണ് ഇപ്പോൾ സംവിധായകൻ തന്നെ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.

ശങ്കറിന്റെ സൂപ്പർ ഹിറ്റ് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണ് 2.0. ചിട്ടി എന്ന റോബോട്ടായും ഡോ.വസീകരനായുമാണ് രജനി ചിത്രത്തിൽ എത്തുക. ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ആമി ജാക്‌സനാണ് നായിക. സയന്റിഫിക് ഫിക്ഷനായി ഒരുങ്ങുന്ന ചിത്രമാണ് ‘2.0’. ചിത്രത്തിനായി 350 കോടി മുടക്കിയതായി നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ചലച്ചിത്രം ഇതുവരെ കണ്ടിട്ടുളളതില്‍ വച്ചേറ്റവും ആധുനിക സാങ്കേതിക സംവിധാനങ്ങളാണ് ഇതിലുപയോഗിച്ചിട്ടുളളത്.

കലാഭവന്‍ ഷാജോണ്‍, റിയാസ് ഖാന്‍, അദില്‍ ഹുസൈന്‍, സുധാംശുപാണ്ഡെ എന്നിവരും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്. ചിത്രത്തിന്‍റെ സംഗീത സംവിധാനം എ.ആര്‍.റഹ്മാനാണ്. 2.0 വിന്റെ സാറ്റ്‌ലൈറ്റ് അവകാശം വിറ്റുപോയത് റെക്കോഡ് തുകയ്‌ക്കാണ്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൾ അണിയിച്ചൊരുക്കുന്ന ചിത്രം 110 കോടി രൂപയ്‌ക്കാണ് സീ ടിവി ചാനൽ സ്വന്തമാക്കിയിരിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ