/indian-express-malayalam/media/media_files/uploads/2019/05/samantha-nagachaitnya.jpg)
ദക്ഷിണേന്ത്യയ്ക്ക് പ്രിയപ്പെട്ട താര ജോഡികളാണ് നാഗ ചൈതന്യയും സാമന്തയും. രണ്ടു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വിവാഹ ജീവിതത്തെ കുറിച്ചും പങ്കാളിയെ കുറിച്ചും എപ്പോഴും അത്രമേല്‍ പ്രണയത്തോടെയാണ് സാമന്തയും നാഗ ചൈതന്യയും സംസാരിക്കാറുള്ളത്.
കാത്തിരിക്കാന്‍ വീട്ടില്‍ ഒരു ആളുണ്ട് എന്ന് ചിന്ത അതിമനോഹരമാണ് എന്നാണ് നാഗ ചൈതന്യ പറയുന്നത്. ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Read More: ഈ വിവാഹം ഞാനെന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം: സാമന്ത അക്കിനേനി
'അതൊരു വലിയ കാര്യമാണ്. ദീര്‍ഘകാലമായി പരസ്പരം അറിയാവുന്നവരായതുകൊണ്ട് ഇപ്പോള്‍ ആശ്ചര്യങ്ങളില്ല. വിവാഹത്തിന് മുമ്പ് തന്നെ അത്തരം അത്ഭുതങ്ങള്‍ കഴിഞ്ഞു പോയിരുന്നു. നിങ്ങള്‍ക്ക് വേണ്ടി വീട്ടില്‍ ഒരാള്‍ കാത്തിരിക്കുന്നു എന്നത് മനോഹരമായ ഒരു ഫീലിങ് ആണ്. അത് മുമ്പൊരിക്കലും ഞാന്‍ അറിഞ്ഞിട്ടില്ല. മുമ്പൊക്കെ ശനിയാഴ്ച രാത്രികളില്‍ ഞങ്ങള്‍ പാര്‍ട്ടികള്‍ക്ക് പോകുമായിരുന്നു. പക്ഷെ ഇപ്പോള്‍ ശനിയാഴ്ച രാത്രിയാകാന്‍ ഞാന്‍ കാത്തിരിക്കും. വീട്ടില്‍ ഇരുന്ന് ഒരുമിച്ച് സിനിമ കാണുകയോ മറ്റോ ചെയ്യും. ഞാനത് വളരെ ആസ്വദിക്കുന്നുണ്ട്. ആ മാറ്റം വലുതാണ്. നിങ്ങള്‍ക്ക് മറ്റൊരാളോട് ഉത്തരവാദിത്തമുണ്ട് എന്ന തോന്നല്‍ എനിക്ക് ഇഷ്ടമാണ്. അതൊരു വലിയ വെല്ലുവിളി കൂടിയാണ്. അവിവാഹിതരായ എല്ലാ പുരുഷന്മാരും അത് അനുഭവിക്കണം എന്നാണ് എനിക്ക് തോന്നുന്നത്,' നാഗ ചൈതന്യ പറഞ്ഞു.
നാഗ ചൈതന്യയെ വിവാഹം ചെയ്തതാണ് തന്റെ ജീവിതത്തിലെ മികച്ച തീരുമാനമെന്ന് നേരത്തേ സാമന്തയും പറഞ്ഞിട്ടുണ്ട്. വിവാഹ ശേഷം ഇരുവരും ആദ്യമായി ഒന്നിച്ചെത്തുന്ന ചിത്രം 'മജിലി'യുടെ പ്രമോഷനുമായി ബന്ധപ്പെട്ട് ഇന്ത്യന്‍ എക്‌സ്പ്രസിനോട് സംസാരിക്കവെ ആയിരുന്നു സാമന്ത അക്കാര്യം പറഞ്ഞത്.
Read More: താലികെട്ടിന് മുമ്പ് 'ടൈ' തിരഞ്ഞ് മണവാളന്‍; സാമന്ത- നാഗചൈതന്യ വിവാഹത്തിന്റെ ഇതുവരെ കാണാത്ത വീഡിയോ
താന്‍ സാമന്തയുമായി പ്രണയത്തിലാകുക അല്ലായിരുന്നു എന്നും നാഗ ചൈതന്യ പറയുന്നു.
'അവള്‍ ഒരു നല്ല പെണ്‍കുട്ടിയാണ് എന്നെനിക്ക് തോന്നി. വളരെ ഊര്‍ജസ്വലയാണ്, തമാശകള്‍ പറയും. എന്നാല്‍ എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അവള്‍ പറഞ്ഞു 'എട്ടു വര്‍ഷമായി ഞാന്‍ നിന്നെ പ്രണയിക്കുന്നു. ഞാന്‍ നിനക്കായി കാത്തിരുന്നു,' എന്നാല്‍ അതെത്രത്തോളം സത്യമാണ് എന്ന കാര്യത്തില്‍ എനിക്ക് ഉറപ്പില്ല. ഞങ്ങള്‍ എപ്പോഴും നല്ല സുഹൃത്തുക്കള്‍ ആയിരുന്നു. അവളെന്നെ വെറുത്തു. സ്‌നേഹിച്ചു. ഞാന്‍ അവളെ വെറുത്തു, സ്‌നേഹിച്ചു,' നാഗ ചൈതന്യ പറയുന്നു.
വിവാഹശേഷം 'മജിലി'യുടെ ഷൂട്ടിംഗിനു വേണ്ടി ഒന്നിച്ചുള്ള യാത്രകളും ഒന്നിച്ച് സമയം ചെലവഴിക്കുന്നതുമൊക്കെ പുതിയൊരു അനുഭവമായിരുന്നെന്നും സാമന്ത അന്ന് പറഞ്ഞിരുന്നു. പ്രൊഫഷണല്‍ ജീവിതവും സ്വകാര്യ ജീവിതവും ഒന്നിച്ചു കൊണ്ടുപോവാന്‍ കഴിയുന്നതിലെ സന്തോഷവും സാമന്ത പങ്കുവെച്ചു.
പ്രണയിക്കുമ്പോഴുള്ള അടുപ്പം വിവാഹത്തോടെ നഷ്ടമാകുന്നുവെന്നാണല്ലോ പൊതുവെ പറയാറുള്ളത്, നിങ്ങളുടെ കാര്യത്തില്‍ അതെങ്ങനെയാണ് എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു സാമന്തയുടെ ഉത്തരം. ' ഞാനിന്നലെ നാഗ ചൈതന്യയെ വിളിച്ചു, ആശ്ചര്യത്തോടെയാണ് അദ്ദേഹം ഫോണെടുത്തത്. ഞാനപ്പോള്‍ ഒരു ദേജാവു നിമിഷമാണ് ഓര്‍ത്തത്, ഞങ്ങളൊന്നിച്ച് 'യേ മായാ ചെസേവി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലം ഓര്‍മ്മ വന്നു. ഞങ്ങള്‍ ഇപ്പോള്‍ വിവാഹിതരാണല്ലോ എന്നോര്‍ത്ത് പെട്ടെന്ന് അതിശയിച്ചു. ഒരുപാട് സന്തോഷം തോന്നി അപ്പോള്‍. ഉടനെ തന്നെ ഞാന്‍ മനസ്സില്‍ ദൈവത്തോട് നന്ദി പറഞ്ഞ് പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഞാന്‍ ശരിക്കും സന്തോഷവതിയാണ്, ഈ വിവാഹം ഞാനെന്റെ ജീവിതത്തില്‍ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ്,''സാമന്ത പറഞ്ഞു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.