Latest News

‘ഇഷ്‌ക്’ ഒരു പ്രണയകഥ മാത്രമല്ല; സംവിധായകൻ അനുരാജ് മനോഹർ പറയുന്നു

പറയപ്പെടേണ്ട, എന്നാൽ ആളുകൾ പറയാൻ മടിക്കുന്ന വിഷയമാണ് ‘ഇഷ്ക്’ പറയുന്നത്

Ishq, Ishq movie, Shane Nigam, ഷെയ്ൻ നിഗം, Ishq movie director, ഇഷ്ക്, ഇഷ്ക് സിനിമ, ഇഷ്ക് സിനിമ സംവിധായകൻ, അനുരാജ് മനോഹർ, Anuraj Manohar, Ishq director Anuraj Manohar, Ishq release, ഇഷ്ക് റിലീസ്, Indian Express Malayalam, ഇന്ത്യൻ എക്സ്‌പ്രസ് മലയാളം

ചുണ്ടില്‍ എരിയുന്ന സിഗരറ്റും തീക്ഷ്ണമായ നോട്ടവുമൊക്കെയായി കട്ട മാസ് ലുക്കിൽ ഷെയ്ന്‍ നിഗത്തെ അവതരിപ്പിച്ച ‘ഇഷ്‌കി’ന്റെ പോസ്റ്ററാണ് ആദ്യം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയത്. ‘ഇഷ്‌ക്’- നോട്ട് എ ലവ്വ് സ്റ്റോറി’ എന്ന ടാഗോടെ അവതരിപ്പിക്കപ്പെടുന്ന ചിത്രം ഈ വെള്ളിയാഴ്ച തിയേറ്ററുകളിലെത്താൻ ഒരുങ്ങുമ്പോൾ ചിത്രത്തിന്റെ വിശേഷങ്ങൾ ഇന്ത്യൻ എക്സ്‌പ്രസ് മലയാളവുമായി പങ്കുവയ്ക്കുകയാണ് സംവിധായകൻ അനുരാജ് മനോഹർ.

“‘ഇഷ്‌ക്’ ഒരു പ്രണയകഥ മാത്രമല്ല. പ്രണയത്തിന്റെ പശ്ചാത്തലത്തിൽ അല്ലാതെ പറയാൻ പറ്റാത്തൊരു കഥയാണിത്. സിനിമയിൽ ശക്തമായൊരു ലവ്വ് ട്രാക്ക് ഉണ്ട്. ചെറുപ്പക്കാരെ ആകർഷിക്കുന്നൊരു പേര് എന്ന രീതിയിലാണ് ‘ഇഷ്‌ക്’ എന്നിട്ടത്. എന്നാൽ പ്രണയത്തിനൊപ്പമുള്ള പൊസസ്സീവ്നെസ്സ്, ഈഗോ പ്രശ്നങ്ങൾ പോലുള്ള മറ്റു വികാരങ്ങളെ കുറിച്ച് കൂടി ചിത്രം സംസാരിക്കുന്നുണ്ട്. ഒപ്പം തീവ്രമായൊരു സാമൂഹികപ്രശ്നവും ചിത്രം കൈകാര്യം ചെയ്യുന്നു. പറയപ്പെടേണ്ട, എന്നാൽ ആളുകൾ പറയാൻ മടിക്കുന്ന വിഷയമാണ് ചിത്രം പറയുന്നത്,” അനുരാജ് വ്യക്തമാക്കുന്നു.

രണ്ടു വർഷമായി ‘ഇഷ്‌ക്’ എന്ന ഈ സിനിമയ്ക്ക് പിറകെയാണ് അനുരാജ്. വർഷങ്ങൾക്ക് മുൻപ് കണ്ണൂരിലെ ഒരു സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിൽ നിന്നും ബിരുദം നേടി, ജോലി സംബന്ധമായി കൊച്ചിയിലെത്തുമ്പോഴും അനുരാജിന്റെ മനസ്സിൽ സിനിമ തന്നെയായിരുന്നു സ്വകാര്യം. ” കൊച്ചിൻ ഷിപ്പ് യാർഡിൽ ജോലി കിട്ടി വന്ന ആളാണ് ഞാൻ. ഇവിടെ വരുമ്പോൾ സിനിമ തന്നെയാണ് ഉദ്ദേശം. കൊച്ചിയിലാണല്ലോ അന്നും ഇന്നും സിനിമ. പതിയെ സിനിമയിലേക്ക് കയറാം എന്ന ഉദ്ദേശത്തോടെ തന്നെയാണ് വന്നത്. ഷിപ്പ് യാർഡിൽ ആറു മാസം ജോലി ചെയ്തപ്പോഴേക്കും എനിക്കു മടുത്തു. നമുക്ക് പറ്റുന്ന കാര്യമല്ല എന്നു മനസ്സിലായി,” സിനിമയിലേക്കുള്ള വരവ് അനുരാജ് ഓർത്തെടുക്കുന്നു.

“എന്റെ ബന്ധുവും സുഹൃത്തും പത്രപ്രവർത്തകനുമായ വിവേക് എനിക്ക് സംവിധായകൻ ബി ഉണ്ണി കൃഷ്ണൻ സാറിനെ പരിചയപ്പെടുത്തി തന്നു. കൂടെ നിൽക്കാനുള്ള ആഗ്രഹം പറഞ്ഞപ്പോൾ, പത്തു ദിവസം അപ്രന്റിഷിപ്പ് ആയി നിൽക്കൂ, വർക്ക് നന്നായില്ലെങ്കിൽ ഞാൻ പറഞ്ഞുവിടുമെന്ന് പറഞ്ഞു. പത്തു ദിവസം കഴിഞ്ഞപ്പോൾ പോവാൻ പറഞ്ഞപ്പോൾ, എനിക്ക് നിരാശ തോന്നി. ‘ഒരു കാര്യം ചെയ്യൂ, സിനിമയിലെ ഈ ദിവസങ്ങളിലെ അനുഭവങ്ങൾ ഒക്കെ ഒന്നു എഴുതി വരൂ, അപ്പോൾ ആലോചിക്കാം’ എന്നായിരുന്നു ഉണ്ണി സാറിന്റെ പ്രതികരണം. ഞാനതെല്ലാം എഴുതി കൊടുത്തപ്പോൾ തുടരാൻ പറഞ്ഞു, മൂന്നു സിനിമകളിൽ അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ സാധിച്ചു.

ലിജോ ജോസ് പെല്ലിശ്ശേരി, ശ്യാംധർ, ജിസ് മോൻ ജോയ് എന്നിവർക്കൊപ്പവും അനുരാജ് അസിസ്റ്റന്റായി വർക്ക് ചെയ്തിട്ടുണ്ട്. രതീഷ് രവിയാണ് ‘ഇഷ്‌കി’ന്റെ തിരക്കഥാകൃത്ത്. “പുള്ളിക്കാരൻ സ്റ്റാറാ’ എന്ന ചിത്രത്തിൽ വർക്ക് ചെയ്യുമ്പോഴാണ് രതീഷ് രവിയെ പരിചയപ്പെടുന്നത്. രതീഷിന്റെ കയ്യിലുള്ള ഒരു ത്രെഡ് വികസിപ്പിച്ചെടുക്കുകയായിരുന്നു ഞങ്ങൾ,” അനുരാജ് പറയുന്നു.

ഫഹദ് ഫാസിൽ നിർമ്മിച്ച് നായകനായി അഭിനയിക്കേണ്ടി ഇരുന്ന ചിത്രമായിരുന്നു ‘ഇഷ്‌ക്’. “ഇത് ഫഹദിനു വേണ്ടി ചെയ്യാൻ വച്ച സിനിമയായിരുന്നു. ഫഹദ് തന്നെ നിർമ്മിച്ച് ഫഹദ് അഭിനയിക്കേണ്ടി ഇരുന്ന സിനിമ. പിന്നെ എന്തൊക്കെയോ കാരണങ്ങളാൽ അതു നടന്നില്ല. പിന്നത്തെ ഓപ്ഷൻ ഷെയ്ൻ ആയിരുന്നു. സ്വാഭാവികതയോടെ അഭിനയിക്കുന്ന​ ഒരു ആക്റ്റർ എന്ന രീതിയിൽ ഷെയ്നിനെ തെരെഞ്ഞെടുത്തത്.”

കൊച്ചി പനമ്പള്ളി നഗറിലെ ഒരു കോട്ടേഴ്സിലെ താമസക്കാരനും ഐടി പ്രൊഫഷണലുമായ സച്ചിദാന്ദൻ എന്ന യുവാവിനെയാണ് ചിത്രത്തിൽ ഷെയ്ൻ അവതരിപ്പിക്കുന്നത്. ‘എസ്ര’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ ആൻ ശീതളാണ് ചിത്രത്തിലെ നായിക. അറുപതോളം പേർക്കായി നടത്തിയ ഒഡീഷനിൽ നിന്നാണ് ആൻ ശീതളിനെ തെരെഞ്ഞെടുത്തത്.

നായിക ആൻ ശീതൾ

ജേക്‌സ് ബിജോയ് ആണ് ചിത്രത്തിന്റെ സംഗീതമൊരുക്കിയിരിക്കുന്നത്. ചിത്രത്തിലെ ‘പറയുവാൻ…’ എന്നു തുടങ്ങുന്ന ഗാനം ആലപിച്ച് സിദ്ധ് ശ്രീറാമും മലയാളത്തിലേക്ക് എത്തുകയാണ്. ലിയോണ, മാലാപാർവ്വതി, ഷൈൻ ടോം ചാക്കോ, ജാഫർ ഇടുക്കി എന്നിവരും ചിത്രത്തിൽ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

“പതിനേഴാം തിയ്യതി എന്നൊരു ഒറ്റ ദിവസമേയുള്ളൂ ഇപ്പോൾ മുന്നിലുള്ളൂ. അതിനപ്പുറത്ത് എന്താണെന്ന് ഒരു ഐഡിയയുമില്ല,”​ആദ്യ സിനിമ റിലീസിനൊരുങ്ങുമ്പോൾ സന്തോഷത്തിനൊപ്പം ആകാംക്ഷയും ടെൻഷനുമെല്ലാം അനുരാജിന്റെ വാക്കുകളിൽ നിറയുകയാണ്.

Read more: അലറിക്കരഞ്ഞ് ഷെയ്ന്‍ നിഗം; ‘ഇഷ്‌കി’ന്റെ ഡബ്ബിംഗ് പൂര്‍ത്തിയായി

Get the latest Malayalam news and Interview news here. You can also read all the Interview news by following us on Twitter, Facebook and Telegram.

Web Title: Ishq director anuraj manohar interview shane nigam

The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express