കഴിഞ്ഞ മാസം രണ്ടാം തീയതിയാണ് ഉറ്റവരേയും ആരാധകരേയുമെല്ലാം തീരാദുഃഖത്തിലേക്ക് തള്ളിവിട്ട് ബാലഭാസ്‌കര്‍ ഈ ലോകത്തോട് വിട പറഞ്ഞത്. സുഹൃത്തുക്കള്‍ അടക്കം ആര്‍ക്കും ഇപ്പോഴും ആ വിയോഗം ഉള്‍ക്കൊള്ളാന്‍ സാധിച്ചിട്ടില്ല. പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലക്ഷ്മിക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് എല്ലാവരും. ഇതിനിടെ ബാലഭാസ്കറിന്റെ സുഹൃത്തും ഗായകനുമായ ഇഷാന്‍ ദേവ് ലക്ഷ്മിയെ സന്ദര്‍ശിച്ചു.

ചേട്ടന്റെ ഭാര്യ അമ്മയ്ക്ക് തുല്യമാണെന്നും നിങ്ങൾ കാണിക്കുന്ന കരുതലും പ്രാർത്ഥനയും ഇനിയുമുണ്ടാകണെമെന്നും ഇഷാന്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു. മീഡിയയിൽ വരുന്ന പരസ്പര വിരുദ്ധമായ അപ്ഡേറ്റ് ന്യൂസ് ആയി കാണുക, ഇത് തങ്ങള്‍ക്ക് ജീവിതമാണെന്നും വാര്‍ത്തയല്ലെന്നും പറഞ്ഞാണ് ഇഷാന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

ബാലഭാസ്കറിന്റെ അപകടത്തിന് ശേഷവും മരണ ശേഷവും അദ്ദേഹത്തിന്റെ വ്യക്തി ജീവിതത്തെ അടക്കം അപമാനിക്കുന്ന തരത്തിൽ അഭ്യൂഹങ്ങൾ വാർത്തകളെന്ന തരത്തിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ബാലഭാസ്കറിന്റെ ഭാര്യയും കുടുംബവും സുഹൃത്തുക്കളും ആ വിയോഗം പോലും ഉൾക്കൊള്ളാൻ സാധിക്കാതെ വിഷമിക്കുമ്പോഴാണ് ഇത്തരത്തിലുള്ള വാർത്തകൾ എന്നത് തന്നെ അസ്വസ്ഥനാക്കുന്നതായി നേരത്തെ ഇഷാന്‍ വ്യക്തമാക്കിയിരുന്നു.

ഇഷാന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ചേട്ടന്റെ ഭാര്യ അമ്മയ്ക്ക് സമം ആണ്, ലക്ഷ്‌മി ചേച്ചി അന്ന് മുതൽ ഇന്നുവരെ ഞങ്ങടെ ഓരോ ചുവടിലും ബാലു അണ്ണനൊപ്പം ഉണ്ട്. വീട്ടിൽ പോയി ചേച്ചിയെ കണ്ടു, അണ്ണൻ വിദേശത്തു പ്രോഗ്രാം ചെയ്യാൻ പോയി എന്ന് മാത്രം മനസിനെ പഠിപ്പിച്ചു..

എന്റെ അമ്മ കിടപ്പിലായിരുന്നപ്പോ പോലും അമ്മയ്ക്ക് മുന്നിൽ പോയി കരഞ്ഞു ശീലമില്ല, ശാരീരികമായ അസ്വാസ്ഥ്യങ്ങൾക്ക് സ്ഥാനമില്ല. ഒരുപാടു ദൂരം ഞങ്ങളെ ബാലു അണ്ണന്റെ സ്ഥാനത്തു നിന്ന് നയിക്കേണ്ട ആളാണ് ചേച്ചി. ആരോഗ്യം, മനസ്സ് എല്ലാം ഒന്ന് തെളിയാൻ ഈശ്വരൻ തുണയാകണം, അമ്മയും ചേച്ചിയും, പരിചരണത്തിന് നഴ്സും ഉണ്ട്, സുഹൃത്തുക്കളെ ഏല്പിച്ചിട്ടാണ് പോകാറ് അണ്ണൻ പലപ്പോഴും ചേച്ചിയെ, അത്രയേ ഉള്ളൂ.

ആയിരങ്ങളുടെ അഭ്യർത്ഥന കണ്ടാണ് ഞാനീ പോസ്റ്റ്‌ ഇടുന്നത്, നിങ്ങൾ കാണിക്കുന്ന കരുതലും, പ്രാർത്ഥനയും ഇനിയുമുണ്ടാകണം. മീഡിയയിൽ വരുന്ന പരസ്പര വിരുദ്ധമായ അപ്ഡേറ്റ് ന്യൂസ് ആയി കാണുക, ഇത് ഞങ്ങൾക്ക് ജീവിതമാണ് ന്യൂസ് അല്ല.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook