സിനിമാമേഖലയിൽ നിൽക്കുന്ന ഏതൊരു വ്യക്തിക്കും അത്യാവശ്യമായി വേണ്ട കാര്യം ക്ഷമയാണെന്ന് പറയുകയാണ് നടി ഇഷ തൽവാർ. മിർസാപൂർ സീരീസിന്റെ രണ്ടാം ഭാഗത്തിൽ തകർത്തഭിനയിച്ച ഇഷയെ തേടി മികച്ച വേഷങ്ങളൊന്നും തന്നെ എത്തിയില്ല.
പത്തു വർഷത്തിലധികമായി മേഖലയിലുള്ള താരം മാധുരി യാദവ് എന്ന കഥാപാത്രമായാണ് പങ്കജ് ത്രിപതിയുടെ സീരീസിൽ എത്തിയത്. സ്നേഹവും അംഗീകാരവുമൊക്കെ സീരീസിലൂടെ ലഭിച്ചെങ്കിലും നല്ല വേഷങ്ങളൊന്നും തന്നെ ഇഷയെ തേടിയെത്തിയില്ല എന്നതാണ് സത്യം. നാളുകൾക്ക് ശേഷം ‘സാസ് ബാഹു ഔർ ഫ്ലെമിംഗോ’ എന്ന സീരിസിലൂടെ ഇഷ തിരിച്ചെത്തിയിരിക്കുകയാണ്.
“മിർസാപൂർ കഴിഞ്ഞ് ഒരു വർഷത്തോളം ഞാൻ വീട്ടിലിരിക്കുകയായിരുന്നു. ഒരു കഥാപാത്രം ലഭിക്കാൻ തന്നെ പത്ത് വർഷമെടുത്തു. വളരെ ക്ഷമയോടെ നല്ലൊരു അവസരത്തിനായി ഞാൻ ഒരു വർഷം കാത്തിരുന്നു. നവംബർ വരെ എനിക്ക് പുതിയ വർക്കുകളൊന്നും വന്നില്ല. ഈ ഷോ റീലിസാകാനായി ഞാൻ വെയ്റ്റ് ചെയ്യുകയാണ്” മിർസാപൂറിനു ശേഷമുള്ള ജീവിതത്തെ കുറിച്ച് ഇഷ ഇന്ത്യൻ എക്സ്പ്രസ് ഡോട്ട് കോമിനോട് പറഞ്ഞു.
ഹോമി അടജാനിയയുടെ സംവിധാനത്തിൽ ഒരുങ്ങിയ സീരീസാണ് ‘സാസ് ബാഹു ഔർ ഫ്ലെമിംഗോ.’ ഡിംബൽ കപാടിയ, രാധിക മദൻ, അങ്കിര ധാർ, ഇഷ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
മിർസാപൂറിനു ശേഷം ഓഡിഷനുകളിലൊന്നും പങ്കെടുക്കില്ലെന്ന് ഇഷ തീരുമാനമെടുത്തിരുന്നു. കാരണം കഴിഞ്ഞ പത്തു കൊല്ലമായി താൻ ഇതു തന്നെയാണ് ചെയ്തു കൊണ്ടിരുന്നതെന്നായിരുന്നു ഇഷയുടെ മറുപടി. എന്നാൽ ‘സാസ് ബാഹു ഔർ ഫ്ലെമിംഗോ’യ്ക്ക് വേണ്ടി സംവിധായകന്റെ നിർബന്ധ പ്രകാരം താൻ ഓഡിഷനിൽ പങ്കെടുത്തെന്നും താരം വ്യക്തമാക്കി.
വിനീത് ശ്രീനിവാസൻ ചിത്രം ‘തട്ടത്തിൻ മറയത്തി’ലൂടെയാണ് ഇഷ തൽവാർ അഭിനയലോകത്തെത്തുന്നത്. ഇഷ അവതരിപ്പിച്ച ആയിഷ എന്ന കഥാപാത്രത്തിലൂടെ താരം ഏറെ ആരാധകരെ സ്വന്തമാക്കി. പിന്നീട് ബാല്യകാലസഖി, ഉത്സാഹ കമ്മിറ്റി, ഗോഡ്സ് ഓൺ കൺട്രി, ബാംഗ്ലൂർ ഡേയ്സ്, ബാസ്ക്കർ ദി റാസ്ക്കർ, ടൂ കൺട്രീസ്, തീർപ്പ് തുടങ്ങിയ ചിത്രങ്ങളിലും ഇഷ അഭിനയിച്ചു.