എസ്.എസ്.രാജമൗലിയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ബാഹുബലി എന്ന ഇതിഹാസ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ ഹൃദയം കവര്‍ന്ന നടനാണ് പ്രഭാസ്. ചിത്രത്തിന്റെ വന്‍ വിജയത്തിനു ശേഷം ബോളിവുഡില്‍ നിന്നും പ്രഭാസിന് നിരവധി അവസരങ്ങളായിരുന്നു വന്നത്. ബാഹുബലിയുടെ ഹിന്ദി പതിപ്പിന്റെ വിതരണം ഏറ്റെടുത്ത കരണ്‍ ജോഹര്‍ തന്നെ പ്രഭാസിന്റെ ബോളിവുഡ് അരങ്ങേറ്റത്തിന് കാരണക്കാരനാകും എന്നായിരുന്നു നേരത്തേ അറിഞ്ഞിരുന്നത്.

എന്നാല്‍ ഇപ്പോള്‍ അറിയുന്നത് അങ്ങനെയൊന്ന് സംഭവിക്കാനുള്ള സാധ്യതയില്ലെന്നാണ്. ഡിഎന്‍എയുടെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രഭാസ് പ്രതിഫലമായി 20 കോടി രൂപ ആവശ്യപ്പെട്ടെന്നും അതിനാല്‍ കരണ്‍ ജോഹര്‍ പ്രഭാസുമായുള്ള പ്രൊജക്ട് ഉപേക്ഷിച്ചുവെന്നുമാണ്.

പ്രഭാസ് ചോദിച്ച പ്രതിഫലം ഞെട്ടിക്കുന്നതായിരുന്നുവെന്നും തെലുങ്കില്‍ അദ്ദേഹത്തിന് ആഗ്രഹിക്കുന്ന തുക ചോദിച്ചുവാങ്ങാമായിരിക്കും എന്നാല്‍ ബോളിവുഡില്‍ പ്രഭാസ് അത്രയും പ്രതീക്ഷിക്കുക എന്നത് അതിശയകരമാണെന്ന് ഔദ്യോഗികവൃത്തങ്ങളെ ഉദ്ധരിച്ചുകൊണ്ട് ഡിഎന്‍എ റിപ്പോര്‍ട്ട് ചെയ്യുന്നു. രജനീകാന്ത് ഉള്‍പ്പെടെ തെന്നിന്ത്യയിലെ ഒരു അഭിനേതാവും ബോളിവുഡിലെത്തി അത്രയും വലിയ കച്ചവടത്തിന് മുതിര്‍ന്നിട്ടില്ലെന്നു പറഞ്ഞതായും ഡിഎന്‍എ വാര്‍ത്തയില്‍ പറയുന്നു. ബാഹുബലിക്കു ശേഷം പ്രഭാസിനെ ബോളിവുഡിലേക്ക് ക്ഷണിക്കാന്‍ കരണ്‍ ജോഹറിന് വലിയ താത്പര്യമുണ്ടായിരുന്നുവെന്നും എന്നാല്‍ പ്രഭാസ് ചോദിച്ച തുക കേട്ടതോടെ അതു വേണ്ടെന്നു വച്ചതായും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

കൂടാതെ കരണ്‍ ജോഹറിന്റെ പുതിയ ട്വീറ്റ് പ്രഭാസിനുള്ള ഒളിയമ്പായും കണക്കാക്കാവുന്നതാണ്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ