/indian-express-malayalam/media/media_files/uploads/2022/07/iruvar-to-ponniyin-selvan-aishwarya-rai-completes-25-years-in-cinema-671119-fi.jpeg)
വെള്ളിത്തിരയില്‍ 25 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കുകയാണ് മുന്‍ലോകസുന്ദരിയും അഭിനേത്രിയുമായ ഐശ്വര്യാ റായ് ബച്ചന്‍. അവരുടെ സിനിമാ ജീവിതത്തില്‍ വിവിധ ഇന്ത്യന്‍ ഭാഷകളില്‍ നിന്നുള്ള ചിത്രങ്ങളുണ്ട്, രാജ്യാന്തര ചിത്രങ്ങളുണ്ട്. സൂപ്പര്‍ഹിറ്റുകളും നിരൂപകപ്രശംസ പിടിച്ചു പറ്റിയവയും ബോക്സോഫീസ് വിജയം കാണാതെ പോയവയുമുണ്ട്.
നാല്പത്തിയേഴു ചിത്രങ്ങളുള്ള ഐശ്വര്യയുടെ ഫില്‍മോഗ്രാഫിയിലൂടെ പെട്ടെന്ന് ഒന്ന് കണ്ണോടിച്ചാല്‍ ആദ്യം തെളിയുക മണിരത്നം എന്ന പേര് തന്നെയായിരിക്കും. ഇന്ത്യയിലേയും പുറത്തെയും മികച്ച സംവിധായകര്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള ഐശ്വര്യ, ഒരുപക്ഷേ ഏറ്റവും കൂടുതല്‍ തവണ സഹകരിച്ചിട്ടുള്ള സംവിധായകന്‍ എന്ന നിലയിലാവും അത് ശ്രദ്ധയില്‍ പെടുക. ആദ്യ ചിത്രമായ 'ഇരുവറി'ല്‍ തുടങ്ങി ഇരുപത്തിയഞ്ചാം വര്‍ഷം തികയ്ക്കുമ്പോള്‍ റിലീസ് കാത്തിരിക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍' വരെ എത്തുമ്പോള്‍ മണിരത്നവുമായി സഹകരിച്ച് അവര്‍ ചെയ്തിട്ടുള്ളത് നാല് ചിതങ്ങള്‍. മൂന്ന് തവണ റിപീറ്റ് ചെയ്തിട്ടുള്ള മറ്റൊരു സംവിധായകന്‍ സഞ്ജയ് ലീലാ ഭന്‍സാലിയാണ് - ഹും ദില്‍ ദേ ചുകെ സനം, ദേവ്ദാസ്, ഗുസാരിഷ് എന്നീ ചിത്രങ്ങളില്‍.
ജീവിതത്തില്‍ നിന്നും ഇറങ്ങി വന്നവര്‍, കഥകളില്‍ നിറഞ്ഞവര്‍; ഐശ്വര്യയുടെ മണിരത്നം കഥാപാത്രങ്ങള്‍
ഐശ്വര്യ അവതരിപ്പിച്ചിട്ടുള്ള മണിരത്നം കഥാപാത്രങ്ങളും ഏറെ പ്രത്യേകതകള്‍ ഉള്ളവയാണ്. അതില്‍ ചിലര്‍ ജീവിതത്തില്‍ നിന്നും ഇറങ്ങി വന്നവരായിരുന്നു, മറ്റു ചിലര്‍ കഥകളിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതമായവരും.
ആദ്യ ചിത്രമായ 'ഇരുവരില്‍' പുഷ്പ, കല്പന എന്ന രണ്ടു നായികമാരെയാണ് അവര്‍ അവതരിപ്പിച്ചത്. ദ്രാവിഡ് രാഷ്ട്രീയത്തിന്റെ സമകാലിക ചരിത്രം പറഞ്ഞ 'ഇരുവരി'ലെ കല്പന, തമിഴ്നാട് മുന്‍മുഖമന്ത്രിയും അഭിനേത്രിയുമായിരുന്ന ജയലളിതയാണ്. പിന്നീട് വന്ന 'ഗുരു'വില്‍ അവര്‍ കോകിലബെന്‍ അംബാനിയുടെ വേഷത്തിലാണ് എത്തിയത്. 'ഗുരു' പറഞ്ഞതാകട്ടെ, വ്യവസായ പ്രമുഖന്‍ ധീരുഭായി അംബാനിയുടെ ജീവചരിത്രവും. 'രാവണന്‍' എന്ന ചിത്രത്തില്‍ സീതയായിരുന്നു അവര്‍. രാഗിണി എന്ന പേരുള്ള നര്‍ത്തകിയുടെ കഥാപാത്രം. പതിമൂന്നു വര്‍ഷങ്ങള്‍ക്ക് ശേഷം 'പൊന്നിയിന്‍ സെല്‍വനി'ല്‍ എത്തുമ്പോള്‍ നന്ദിനി, മന്ദാകിനി ദേവി എന്നീ രണ്ടു വേഷങ്ങളിലാണ് ഐശ്വര്യ എത്തുന്നത്. തുടക്കചിത്രത്തിലും സില്‍വര്‍ ജൂബിലി തികയ്ക്കുന്ന ചിത്രത്തിലും ഇരട്ടവേഷങ്ങളില്‍ എത്തുന്നു എന്നത് യാദൃശ്ചികം. തമിഴ് ഭാഷാ-ഭാവുകത്വവുമായി അഭേദ്യമായ ബന്ധമുള്ള രണ്ടു ഇതിഹാസ തുല്യമായ കഥകളുടെ ദൃശ്യാവിഷ്കാരങ്ങളാണ് ഈ രണ്ടു ചിത്രങ്ങളും എന്നത് മറ്റൊരു യാദൃശ്ചികത.
ഈ വരുന്ന സെപ്റ്റംബർ 30ന് റിലീസ് ചെയ്യാനിരിക്കുന്ന 'പൊന്നിയിന്‍ സെല്‍വന്‍' കല്കി കൃഷ്ണമൂര്‍ത്തിയുടെ ഇതേ പേരുള്ള നോവലിനെ ആസ്പദമാക്കിയുള്ള ചലച്ചിത്രമാണ്. രണ്ടു ഭാഗങ്ങളിലായാണ് ചിത്രം എത്തുന്നത്. കേന്ദ്ര കഥാപാത്രമായ 'പൊന്നിയിന്‍ സെല്‍വന്‍' അഥവാ രാജരാജചോഴനെ അവതരിപ്പിക്കുന്നത് വിക്രമാണ്. തമിഴ്സാഹിത്യത്തിലെ എക്കാലത്തെയും മഹത്തായ നോവൽ വെള്ളിത്തിരയിലെത്തുമ്പോള്‍ ജയം രവി, കാർത്തി, തൃഷ, ഐശ്വര്യ ലക്ഷ്മി, ശോഭിത ധുലിപാല, പ്രഭു, അശ്വിൻ കകുമനു, ലാൽ, പാര്‍തിബന്‍ തുടങ്ങിയ ഒരു വലിയ താരനിര തന്നെ അണിനിരക്കുന്നുണ്ട്.
ലൈക പ്രൊഡക്ഷന്‍സ് മണിരത്നത്തിന്‍റെ മദ്രാസ് ടാക്കീസുമായി ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ സംഗീതം എ ആര്‍ റഹ്മാന്‍, ഛായാഗ്രഹണം രവി വര്‍മ്മന്‍.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.