Maniratnam’s Iruvar Starring Mohanlal-Prakash Raj on Amazon Prime: സൂക്ഷ്‌മാഭിനയം കൊണ്ട് മോഹന്‍ലാല്‍ അനശ്വരമാക്കിയ തമിഴ് ചിത്രം ‘ഇരുവര്‍’ ഇന്റര്‍നെറ്റ് വീഡിയോ സര്‍വീസ് പ്രൊവൈഡറായ ആമസോണ്‍ പ്രൈം സ്ട്രീം ചെയ്യുന്നു. ആമസോണ്‍ പ്രൈമില്‍ അംഗത്വമുള്ളവര്‍ക്കാണ് ചിത്രം കാണാന്‍ കഴിയുക. ക്രെഡിറ്റ് കാര്‍ഡ് ഉള്ളവര്‍ക്ക് ആദ്യ മാസത്തെ അംഗത്വം സൗജന്യമാണ്.
മോഹന്‍ലാല്‍-പ്രകാശ് രാജ് എന്നിവര്‍ എം ജി ആര്‍-കരുണാനിധി എന്നീ തമിഴ് നേതാക്കളെ അവതരിപ്പിച്ച ചിത്രം സമകാലിക ഇന്ത്യന്‍ സിനിമ കണ്ട മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. ഇരുവരുടേയും സിനിമാ-രാഷ്ട്രീയ ജീവിതയാത്രകള്‍ രേഖപ്പെടുത്തുന്ന ചിത്രം 1997ലാണ് പുറത്തിറങ്ങിയത്. ‘ഇരുവര്‍’ സംവിധാനം ചെയ്തത് മണിരത്നമാണ്.
മലയാളത്തിനു പുറത്തേക്കുള്ള മോഹന്‍ലാലിന്റെ ആദ്യ ചുവടുവയ്പ്പ് കൂടിയായിരുന്ന ചിത്രത്തില്‍ അദ്ദേഹം കാഴ്ച വച്ച അഭിനയമികവ് ഏറെ ശ്രദ്ധിക്കപ്പെട്ടതാണ്. മുന്‍ലോകസുന്ദരിയും ബോളിവുഡ് താരവുമായിരുന്ന ഐശ്വര്യാ റായുടെ കന്നി ചിത്രം കൂടിയാണ് ‘ഇരുവര്‍’. ചിത്രത്തില്‍ ജയലളിതയുമായി സാമ്യമുള്ള ഒരു വേഷമാണ് ഐശ്വര്യയ്ക്ക്.
മോഹന്‍ലാലിനൊപ്പം എത്തിയ പ്രകാശ് രാജ് അവതരിപ്പിച്ച കരുണാനിധിയുടെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു. പ്രത്യേകിച്ച് ‘ഉടല്‍ മണ്ണുക്ക്, ഉയിര്‍ തമിഴുക്ക്’, ‘കൈയ്യോട് കൈസേര്‍ത്ത് നാം മുയര്‍ന്താല്‍ ഇന്ത മണ്ണില്‍ അറസരുക്കും അറസര്‍ നാം’ തുടങ്ങിയ അദ്ദേഹത്തിന്റെ തമിഴ് സംഭാഷണങ്ങള്‍. അഭിനേത്രിയും സംവിധായികയും മണിരത്നത്തിന്റെ പത്നിയുമായ സുഹാസിനിയാണ് ‘ഇരുവറി’ന്റെ സംഭാഷണം രചിച്ചത്.
തമിഴ്നാട് മുന്‍മുഖ്യമന്ത്രിയും ഡിഎംകെ പ്രസിഡന്റുമായ എം.കരുണാനിധിയുടെ നിര്യാണത്തില്‍ അനുശോചിച്ച് സംസാരിച്ച നടന്‍ മമ്മൂട്ടി, ‘ഇരുവറില്‍’ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു എന്ന് ഓര്‍മ്മിച്ചു.
“നികത്താനാവാത്ത നഷ്ടം. ഒരു യുഗത്തിന്റെ അവസാനം. എഴുത്തുകാരന്‍, തിരക്കഥാകൃത്ത്, വാഗ്മി, മികച്ച നേതാവ്, വിപ്ലവകാരി. എല്ലാറ്റിനുമുപരി തമിഴിനേയും തമിഴ് മക്കളേയും സ്നേഹിച്ച മനസ്സിന്റെ ഉടമ. മണിയുടെ സിനിമയില്‍ കരുണാനിധിയായി അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നു, അതാണ് ഇന്ന് ഏറ്റവും കൂടുതല്‍ മിസ്സ് ചെയ്യുന്നത്. എല്ലാ കൂടിക്കാഴ്ചകളുടെ ഓര്‍മ്മകളിലും അദ്ദേഹവുമായി നടത്തിയ സിനിമാ രാഷ്ട്രീയ സാഹിത്യ ചര്‍ച്ചകള്‍ മാത്രം. ആ നഷ്ടത്തില്‍ തീവ്രമായി ദുഃഖിക്കുന്നു,” മമ്മൂട്ടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

Maniratnam’s Iruvar Starring Mohanlal-Prakash Raj on Amazon Prime: സന്തോഷ് ശിവന്‍ ആണ് ചിത്രത്തിന്റെ ച്ഛായാഗ്രഹണം, സംഗീതം എ ആര്‍ റഹ്മാന്‍. തനിക്കു ഏറ്റവും സംതൃപ്തി തന്ന ചിത്രം ‘ഇരുവർ’ ആണെന്ന് സംവിധായകനും സിനിമോട്ടോഗ്രാഫറുമായ സന്തോഷ് ശിവൻ ഒരവസരത്തില്‍ പറഞ്ഞിരുന്നു.
“ക്രിയാത്മകമായ സംതൃപ്തി വളരെ പ്രധാനപ്പെട്ട ഒരു കാര്യമായി ഞാൻ കാണുന്നു. ഇതു വരെ ചെയ്ത സിനിമകളിൽ എനിക്കേറ്റവും സംതൃപ്തി തന്നത് ‘ഇരുവർ’ ആണ്. പ്രകാശ് രാജും താബുവും നിലത്തു കിടക്കുന്ന ഒരു ടോപ്പ് ആംഗിൾ ഷോട്ടുണ്ട് ചിത്രത്തിൽ. ആളുകൾ ഇപ്പോഴും ആ ഷോട്ടിനെ കുറിച്ചെന്നോട് സംസാരിക്കാറുണ്ട്. നിരവധി ടേക്കുകൾക്കു ശേഷമാണ് ആ ഷോട്ട് ചിത്രീകരിച്ചത്. ആ സിനിമയ്ക്ക് വ്യത്യസ്തമായൊരു ആഖ്യാനശൈലിയും ട്രീറ്റ്മെന്റും ആവശ്യമായിരുന്നു. ഒരു സിനിമോട്ടോഗ്രാഫർ എന്ന രീതിയിൽ സൗന്ദര്യാത്മാകതമായ ഫ്രെയിം ഒരുക്കുകയാണ് ഞാൻ ചെയ്തത്,” ഫിലിം കംപാനിയന് നൽകിയ അഭിമുഖത്തിൽ സന്തോഷ് ശിവൻ വെളിപ്പെടുത്തി.
Read More: ഇതു വരെ ചെയ്തതിൽ ഏറ്റവും സംതൃപ്തി തന്ന ചിത്രം ‘ഇരുവർ’: സന്തോഷ് ശിവൻ